
ചങ്ങനാശേരി ∙ കവിയൂർ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്റെയും ജോബ് മൈക്കിൾ എംഎൽഎയുടെയും കേരള റോഡ് ഫണ്ട് ബോർഡ് – ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഉന്നതതല യോഗം നടത്തി. റോഡ് നവീകരണവും ഇതിന്റെ ഭാഗമായി ജലഅതോറിറ്റി പൈപ്പുകൾ മാറ്റിയിടുന്നതും ബന്ധപ്പെട്ടാണ് ചർച്ച നടത്തിയത്.
കിഫ്ബിയുടെ അംഗീകാരം ലഭിച്ച റോഡ് നവീകരണ പദ്ധതി ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
ആദ്യഘട്ടം പെരുന്ന മുതൽ മുക്കാട്ടുപടി വരെ
പെരുന്ന മുതൽ മുക്കാട്ടുപടി വരെയുള്ള 2.5 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ നവീകരിക്കുക. 5 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നവീകരിക്കും.
ഓടകളും നിർമിക്കും. കേരള റോഡ് ഫണ്ട് ബോർഡിനു കീഴിലാണ് റോഡ്.
നവീകരണത്തിൽ അളന്ന് ഏറ്റെടുത്ത പുറമ്പോക്കുകൾ റോഡിന്റെ ഭാഗമാക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റും
റോഡ് നിർമാണത്തിന്റെ ഭാഗമായി പെരുന്ന മുതൽ മുക്കാട്ടുപടി വരെയുള്ള പൈപ്പുകൾ മാറ്റിയിടും. കാലപ്പഴക്കം സംഭവിച്ച പൈപ്പുകൾ അടിക്കടി പൊട്ടുന്നതാണ് റോഡ് തകരാനുള്ള പ്രധാന കാരണമെന്നു കണ്ടെത്തിയിരുന്നു.
ജലഅതോറിറ്റിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിങ് വർക്കിന്റെ ഭാഗമാക്കി റോഡ് നിർമാണത്തോടൊപ്പം തന്നെ പൈപ്പുകൾ മാറ്റിയിടാനാണു ധാരണ.
രണ്ടാംഘട്ടംമുക്കാട്ടുപടി മുതൽ തോട്ടഭാഗം വരെ
രണ്ടാം ഘട്ടത്തിൽ മുക്കാട്ടുപടി മുതൽ തോട്ടഭാഗം വരെയുള്ള ഭാഗത്ത് താൽക്കാലികമായി ഓവർലേ ടാറിങ്ങാണു നടത്തുക. മോർക്കുളങ്ങരയിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തിയാകുമ്പോൾ ഈ ഭാഗത്ത് കൂടെ കറ്റോട് പമ്പ് ഹൗസിലേക്ക് പുതിയതായി പൈപ്പ് സ്ഥാപിക്കാൻ റോഡ് പൊളിക്കേണ്ടി വരും. ഇത് കാരണമാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്താതെ താൽക്കാലിക ടാറിങ് നടത്തുന്നത്. പൈപ്പ് സ്ഥാപിച്ചതിനു ശേഷം മുക്കാട്ടുപടി മുതൽ തോട്ടഭാഗം വരെ ഉന്നത നിലവാരത്തിൽ നവീകരിക്കും.
കോട്ടയം – പത്തനംതിട്ട
ജില്ലകളെ ബന്ധിപ്പിക്കുന്ന ചങ്ങനാശേരി – കവിയൂർ റോഡിന്റെ ഉന്നത നിലവാരത്തിലുള്ള നവീകരണം ഉടനെ ആരംഭിക്കും.
റോഡ് വികസനത്തോടൊപ്പം ചങ്ങനാശേരിയും കൂടുതൽ വികസിക്കും.
ജോബ് മൈക്കിൾ എംഎൽഎ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]