
കർഷകന്റെ മനം കുളിർപ്പിച്ച് ശക്തമായ വേനൽമഴ: പുതിയ സീസൺ കൃഷി ആരംഭിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറവിലങ്ങാട് ∙ കനത്ത വേനൽമഴയിൽ കുതിർന്നു നാട്. ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ രണ്ടര മണിക്കൂറിലധികം സമയം തകർത്തുപെയ്തു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കാറ്റും മിന്നലും മഴയുടെ ഒപ്പമെത്തി. കനത്ത മഴയിൽ മേഖലയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കുറവിലങ്ങാട് പള്ളിക്കവലയിൽ കനത്ത വെള്ളക്കെട്ടുണ്ടായി. വെള്ളം പുറത്തേക്ക് ഒഴുകാൻ ഓട നിർമിച്ചതിനാൽ വെള്ളക്കെട്ട് പ്രശ്നം അധികനേരം നീണ്ടുനിന്നില്ല. നവീകരണം നടക്കുന്ന റോഡുകളിൽ നിർമാണ ജോലികൾ തടസ്സപ്പെട്ടു. ദിവസങ്ങളായി തുടരുന്ന മഴ കാർഷിക മേഖലയ്ക്കു ഗുണം ചെയ്യുമെന്നു കർഷകർ പറയുന്നു.
പുതിയ സീസൺ കൃഷി പല സ്ഥലങ്ങളിലും ആരംഭിച്ചു. കർഷകർ പുതിയ പച്ചക്കറി കൃഷികളും ആരംഭിച്ചു. പടവലം, വഴുതന, പാവൽ, അച്ചിങ്ങപ്പയർ കൃഷികളാണ് ആരംഭിച്ചത്. ഇതിനൊപ്പം നടുതല കൃഷികളും ആരംഭിച്ചു. ചേന, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക തുടങ്ങിയവയാണ് കൃഷി ചെയ്യുക. ചേന വിത്തിന് ഇത്തവണ റെക്കോർഡ് വിലയാണ്. കിലോഗ്രാമിനു 100 രൂപ. ഏത്തക്കായ വില മാസങ്ങളായി ഉയർന്നു നിൽക്കുന്നതിനാൽ കർഷകർ ഏത്തവാഴകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ജൂൺ മാസം മുതൽ ഓണവിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷികൾ ആരംഭിക്കും.