പുതുപ്പള്ളി ∙ നിർമാണം പൂർത്തിയാക്കാത്ത ഉമ്മൻ ചാണ്ടി സ്മാരക മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തതിന് എതിരെ ചാണ്ടി ഉമ്മൻ എംഎൽഎ പുതുപ്പള്ളി ടൗണിൽ മഴയത്തു കുത്തിയിരുന്നു പ്രതിഷേധിച്ചു. പുതുപ്പള്ളി പഞ്ചായത്ത് വികസന സദസ്സും ഉമ്മൻ ചാണ്ടി സ്മാരക മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനവും നടന്ന പുതുപ്പള്ളി ഇഎംഎസ് സ്മാരക കമ്യൂണിറ്റി ഹാളിന്റെ പ്രവേശന കവാടത്തിലായിരുന്നു ഇന്നലെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ചാണ്ടി ഉമ്മന്റെ പ്രതിഷേധം.
പുതുപ്പള്ളി പഞ്ചായത്ത് വികസന സദസ്സിൽ അനുവാദമില്ലാതെ തന്റെ പേര് ഉപയോഗിക്കുന്നതിൽ മുൻപേ തന്നെ ചാണ്ടി ഉമ്മൻ പ്രതിഷേധം അറിയിച്ചിരുന്നു.
കെട്ടിടം ഉദ്ഘാടനത്തിന്റെയും വികസന സദസ്സിന്റെയും ഉദ്ഘാടകനായി നിശ്ചയിച്ച മന്ത്രി വി.എൻ.വാസവൻ എത്തിയില്ല. ഔദ്യോഗികതിരക്കു മൂലമാണ് മന്ത്രി എത്താത്തതിരുന്നതെന്ന് അധികൃതർ വിശദീകരിച്ചു. ജോബ് മൈക്കിൾ എംഎൽഎയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനശേഷം ചാണ്ടി ഉമ്മന്റെ അരികിലെത്തി ജോബ് മൈക്കിൾ ഹസ്തദാനം നൽകി.ചാണ്ടി ഉമ്മന്റെ സമരത്തിനെതിരെ പുതുപ്പള്ളി പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി രംഗത്തെത്തി. പഞ്ചായത്തിലെ പരിപാടികൾക്കെല്ലാം ചാണ്ടി ഉമ്മൻ എംഎൽഎയെ ക്ഷണിക്കാറുണ്ട്.
മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണത്തിനു പഞ്ചായത്തും സർക്കാരും തുക അനുവദിച്ചിട്ടുണ്ടെന്നും ഭരണസമിതി വിശദീകരിച്ചു.‘
കെട്ടിടത്തിനുളളിൽ മാലിന്യശേഖരം; പേരിനൊരു ഉദ്ഘാടനം
പുതുപ്പള്ളി ∙ 2018ൽ ഉമ്മൻ ചാണ്ടി എംഎൽഎയായിരിക്കെയാണ് പുതുപ്പള്ളി മിനി സിവിൽ സ്റ്റേഷൻ നിർമാണം തുടങ്ങിയത്.
ഒരു വർഷം കൊണ്ട് രണ്ടു നിലയുടെ തൂണുകളും മുകളിലെ വാർക്കയും മാത്രമാണ് തീർന്നത്. ഭിത്തികൾ നിർമിച്ചിട്ടില്ല.
കെട്ടിടത്തിനുള്ളിൽ ഒരിടത്ത് പഞ്ചായത്തിൽനിന്നു ശേഖരിക്കുന്ന മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. ദുർഗന്ധവുമുണ്ട്.
കെട്ടിടത്തിന്റെ ചെറിയൊരു ഭിത്തി നിർമിച്ചാണ് ഉദ്ഘാടനം ചെയ്യാനുള്ള ഫലകം സ്ഥാപിച്ചത്. ഇതാണ് ജോബ് മൈക്കിൾ എംഎൽഎ അനാഛാദനം ചെയ്തത്. ഇതിനു സമീപം 2018ൽ ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തി എന്ന ഫലകം പേപ്പർ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിനു കഴിഞ്ഞ വർഷം ഇഎംഎസിന്റെ പേരിട്ടിരുന്നു.
ഉമ്മൻ ചാണ്ടിയെ മറന്നുവെന്ന് അഭിപ്രായം ഉയർന്നിരുന്നു. പുതിയ മിനി സിവിൽ സ്റ്റേഷൻ പൂർത്തീകരിച്ച് ഉമ്മൻ ചാണ്ടിയുടെ സ്മാരകമാക്കുമെന്ന് അന്ന് മന്ത്രി എം.ബി.രാജേഷാണ് പ്രഖ്യാപിച്ചത്.
ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ ശ്രമം: ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ∙ ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണു സിപിഎമ്മെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. തന്റെ പിതാവ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ പിന്നീട് ഒരു കല്ലു പോലും സ്ഥാപിക്കാൻ 9 വർഷമായി ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനു കഴിഞ്ഞിട്ടില്ല. സർക്കാരാണ് നിർമാണത്തിനു തടസ്സം നിന്നത്. ഒന്നാംഘട്ടം പൂർത്തികരിക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ രണ്ടാം ഘട്ടമെന്നു പറഞ്ഞ് ജനത്തിന്റെ കണ്ണിൽ പൊടിയിടുകയാണ്.
പുതുപ്പള്ളി മണ്ഡലത്തിൽ പരിപാടികൾ നടത്തുമ്പോൾ എന്നെ ക്ഷണിക്കാറില്ല. തന്റെ അനുവാദമില്ലാതെയാണു സർക്കാരിന്റെ പരസ്യങ്ങളിൽ ഫോട്ടോ വയ്ക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.മിനി സിവിൽ സ്റ്റേഷൻ വിഷയം നിയമസഭയിലുന്നയിച്ചപ്പോൾ നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു. സിപിഐക്കാർക്ക് വിലയില്ലാത്തതിനാൽ അതും നടന്നില്ലെന്ന് എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

