കുറവിലങ്ങാട്∙ എംസി റോഡിൽ മോനിപ്പള്ളി ചീങ്കല്ലേൽ വളവിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവം റോഡ് സുരക്ഷയെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നു. എംസി റോഡിൽ പട്ടിത്താനത്തിനും പുതുവേലിക്കും ഇടയിൽ ഒരു വർഷം നൂറിലധികം വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്.
അപകടവളവുകൾ,അശാസ്ത്രീയ ഡിവൈഡറുകൾ,സംരക്ഷണ ഭിത്തി ഇല്ലാത്ത തോടുകൾ, അമിതവേഗം തുടങ്ങിയവയാണ് അപകടത്തിനു കാരണം. നവീകരണത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും അപകടവളവുകൾ നിവർത്തുന്ന കാര്യത്തിൽ നടപടി ഇല്ല.
വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് എംസി റോഡിൽ മോനിപ്പള്ളി ചീങ്കല്ലേൽ വളവിൽ ഇന്നലെ പുലർച്ചെ രണ്ടിനു നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ച സംഭവമാണ് അപകടങ്ങളിൽ ഒടുവിലത്തേത്.
പ്രധാന വളവുകൾ
പട്ടിത്താനം, ആരമ്പിള്ളി, കാളികാവ് പമ്പിനു സമീപം, കോഴാ ബ്ലോക്ക് ഓഫിസിനു സമീപം, കോഴാ വട്ടംകുഴി.ചീങ്കല്ലേൽ പള്ളിയുടെ സമീപം, മോനിപ്പള്ളി കൊള്ളിവളവ്,അരിവാവളവ് തുടങ്ങിയ വളവുകളാണ് ഏറ്റവും അപകട സാധ്യയുളളത്.
∙അറ്റകുറ്റപ്പണി പോലും പ്രതിസന്ധിയിൽ
ഗ്രാമീണ റോഡുകളിൽ പോലും മികച്ച രീതിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ ഒന്നാം നമ്പർ സംസ്ഥാന പാതയായ എംസി റോഡിൽ നടക്കുന്ന നിലവാരം കുറഞ്ഞ നവീകരണം.
കോട്ടയം ടൗൺ മുതൽ ജില്ല അതിർത്തിയായ പുതുവേലി വരെ കുഴികൾ അടയ്ക്കുന്നതിനു 3.20 കോടി രൂപ അനുവദിച്ചെങ്കിലും താൽക്കാലിക അറ്റകുറ്റപ്പണി മാത്രമാണ് ഇപ്പോൾ നടക്കുന്നത്.ടാറും മെറ്റലും ചേർത്ത മിശ്രിതം നിറച്ചു റോഡ് റോളർ ഉപയോഗിച്ചു ഒന്നു രണ്ടു തവണ ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
റോഡ് പരിപാലനത്തിന് 3 വർഷം മുൻപ് കരാർ എടുത്ത സ്ഥാപനത്തെ ഈയിടെ നീക്കിയിരുന്നു.പുതിയ കരാറുകാർ എത്തിയതുമില്ല. കരാർ കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ടതാണ് കെഎസ്ടിപി, പൊതു മരാമത്ത് വകുപ്പ് എന്നിവയുമായി അഭിപ്രായ വ്യത്യാസത്തിനു വഴിയൊരുക്കിയത്.ജില്ലയിൽ ഐഡ ജംക്ഷൻ മുതൽ പുതുവേലി വരെയുള്ള എംസി റോഡാണ് കരാറിലുൾപ്പെട്ടിരുന്നത്.
ചീങ്കല്ലേൽ വളവ് , പിന്നെ വീതി കുറഞ്ഞ പാലവും
അപകടസാധ്യത കൂടിയ സ്ഥലമാണ് ചീങ്കല്ലേൽ പള്ളിയുടെ മുന്നിലുള്ള വളവ്.ഇന്നലെ പുലർച്ചെ ടൂറിസ്റ്റ് ബസ് മറിഞ്ഞതും ഇവിടെ തന്നെ.
വാഹനങ്ങൾ ഇടിച്ചു എംസി റോഡിലെ ചീങ്കല്ലേൽ പാലത്തിന്റെ കൈവരികൾ തകർന്ന അവസ്ഥയിലാണ്.പാലം പുതുക്കി നിർമിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ കേശവദാസപുരം മുതൽ അങ്കമാലി വരെ മെയിൻ സെൻട്രൽ റോഡ് നിർമിച്ച കാലത്തു കല്ലും സുർക്കിയും ഉപയോഗിച്ചു നിർമിച്ച പാലമാണ് ചീങ്കല്ലേൽ ഭാഗത്തുള്ളത്.പുതിയ പാലം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. നിലവിലെ പാലം നിലനിർത്തി പുതിയ പാലം നിർമിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

