കുറുപ്പന്തറ ∙ കെഎസ്ഇബി ഓഫിസിന്റെ മേൽക്കൂരയിലെ ചോർച്ച തടയാൻ ശ്രമിക്കുന്നതിനിടെ സീലിങ് തകർന്ന് കെഎസ്ഇബി ഓഫിസിലെ താൽക്കാലിക ലൈൻമാൻ വെള്ളൂർ സ്വദേശി കെ.കെ.കുഞ്ഞുമോന് ഗുരുതരമായി പരുക്കേൽക്കാൻ ഇടയായത് പഞ്ചായത്തിന്റെ അനാസ്ഥ മൂലമെന്ന് ആരോപണം. പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ മേൽക്കൂര പലയിടത്തും തകർന്ന് വെള്ളം വാർന്നൊലിക്കുകയാണ്.
2 വർഷമായി കെഎസ്ഇബി അധികൃതർ അറ്റകുറ്റപ്പണിക്കുവേണ്ടി പഞ്ചായത്ത് കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് കെഎസ്ഇബി ജീവനക്കാരുടെ ആരോപണം.
ഇന്നലെ കെഎസ്ഇബി ജീവനക്കാരുടെ അടിയന്തര യോഗം ചേർന്നു. അടിയന്തരമായി കെഎസ്ഇബി ഓഫിസ് സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നും ഏതു നിമിഷവും തകർന്നു വീഴാവുന്ന കെട്ടിടത്തിൽ ജീവഭയത്തോടെ ജോലി ചെയ്യാനാകില്ലെന്നും ജീവനക്കാർ ആവശ്യം വ്യക്തമാക്കി.
മൂന്നു പതിറ്റാണ്ട് മുൻപു നിർമിച്ച കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മേൽക്കൂര പൂർണമായും തകർന്നു.
ഭിത്തികൾ നനഞ്ഞു കുതിർന്ന് ഷോക്കേൽക്കുന്നു. 5 സ്ത്രീ ജീവനക്കാരടക്കം 36 ജീവനക്കാരുള്ള ഓഫിസിൽ ഒരു ശുചിമുറി മാത്രമാണുള്ളത്.
ഇതിന് വാതിൽ ഇല്ലായിരുന്നു. ജീവനക്കാർ പിരിവെടുത്ത് അടുത്തകാലത്താണ് വാതിൽ സ്ഥാപിച്ചത്.
ശുചിമുറിക്കു മുകളിൽ ഏതു നിമിഷവും താഴേക്കു പതിക്കാവുന്ന നിലയിലാണ് ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത്.
വൈദ്യുതി ബിൽ അടയ്ക്കാൻ ക്യൂ നിൽക്കുന്ന ഭാഗത്ത് മഴ പെയ്താൽ കുട ചൂടി നിൽക്കേണ്ട
സ്ഥിതിയാണ്. പ്രതിമാസം അര ലക്ഷം രൂപയിൽ താഴെ വാടക നൽകുന്ന ഓഫിസിന് പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കി നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ 3 മാസം മുൻപാണ് അസൗകര്യങ്ങൾ ശ്രദ്ധയിൽപെടുത്തിയതെന്നും 5 ലക്ഷം രൂപ അനുവദിച്ച് നടപടികൾ പൂർത്തിയാക്കിയെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.
മേൽക്കൂര മാറ്റിസ്ഥാപിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കുമെന്നും പറഞ്ഞു.
ഗുരുതര പരുക്കുകളുമായി കുഞ്ഞുമോൻ
കുറുപ്പന്തറ കെഎസ്ഇബി ഓഫിസിലെ താൽക്കാലിക ലൈൻമാൻ വെള്ളൂർ സ്വദേശി കെ.കെ. കുഞ്ഞുമോൻ (47) മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
15 അടിയോളം ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ കുഞ്ഞുമോന്റെ 5 വാരിയെല്ലുകൾ ഒടിഞ്ഞു. തോളെല്ലിനു പൊട്ടലേറ്റു.
കഴുത്തിനും വിരലുകൾക്കും പൊട്ടലുണ്ട്. താൽക്കാലിക ലൈൻമാനായ കുഞ്ഞുമോന് ഒരു വർഷമെങ്കിലും ചികിത്സയും വിശ്രമവും വേണ്ടി വരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]