
പാലാ ∙ അന്ത്യാളം – പയപ്പാർ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു തോട്ടിലേക്കു വീണിട്ട് 6 മാസമായെങ്കിലും പുനർനിർമിക്കാൻ നടപടിയില്ല. പൊതുമരാമത്ത് അധികൃതർക്കു പല തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഭാരവാഹനങ്ങളും മറ്റും കടന്നുപോകുമ്പോൾ റോഡിന്റെ വശം വീണ്ടും ഇടിയുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അപകടം സംഭവിക്കാൻ അധികൃതർ കാത്തിരിക്കുകയാണോ എന്നാണ് പ്രദേശവാസികളുടെ ചോദ്യം.
രാമപുരം റോഡിൽ നിന്ന് തൊടുപുഴ റോഡിലേക്കുള്ള പൊതുമരാമത്ത് റോഡാണ് അന്ത്യാളം മുതൽ പയപ്പാർ വരെയുള്ളത്. ഈ റോഡിലെ ചൂഴിപ്പാലത്തിന്റെ താഴെ ഭാഗത്തായി 30 മീറ്ററോളം നീളത്തിലാണ് റോഡ് ഇടിഞ്ഞ് സമീപമുള്ള ഏഴാച്ചേരി വലിയതോട്ടിൽ പതിച്ചിരിക്കുന്നത്.വീതി കുറഞ്ഞ റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹനയാത്ര അപകട
ഭീഷണിയിലാണ്.
നാട്ടുകാരും യാത്രക്കാരും നിരന്തരം പരാതിപ്പെട്ടതിനെ തുടർന്ന് റോഡ് ഇടിഞ്ഞ ഭാഗത്ത് 3 വീപ്പ നിരത്തുക മാത്രമാണ് പൊതുമരാമത്ത് അധികൃതർ ചെയ്തത്. റോഡ് ഇടിഞ്ഞ ഭാഗത്തിനു സമീപമെല്ലാം വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.മഴക്കാലത്ത് ഏഴാച്ചേരി വലിയതോട് കര കവിഞ്ഞപ്പോൾ റോഡ് ഇടിഞ്ഞ ഭാഗത്ത് വെള്ളം കയറിയിരുന്നു.
ഇതോടെ ഈ ഭാഗത്തെ മണ്ണ് കൂടുതൽ കുതിർന്നിരിക്കുകയാണ്.
മഴ മാറിയെങ്കിലും റോഡ് ഇടിഞ്ഞ ഭാഗം ഇപ്പോഴും ഉറച്ചിട്ടില്ല. ബസ് ഉൾപ്പെടെ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ ഇടിഞ്ഞ ഭാഗത്തുനിന്ന് വീണ്ടും മണ്ണ് ഊർന്നിറങ്ങുന്നതായി നാട്ടുകാർ പറയുന്നു.സ്വകാര്യ ബസ് ഉൾപ്പെടെ അനേകം വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്.
ഈ ഭാഗത്ത് വാഹനങ്ങൾക്കു സൈഡ് കൊടുക്കാനുള്ള സ്ഥലവുമില്ല. ഇവിടെ റോഡിന്റെ ബാക്കി ഭാഗം കൂടി ഇടിയുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]