
കോട്ടയം ∙ വണ്ടിയുമായി പുറത്തിറങ്ങിയാൽ ഒരു കുഴിയിലെങ്കിലും ചാടും എന്നതാണ് ഇന്നത്തെ നാട്ടുനടപ്പ്. എന്നാൽ താഴത്തങ്ങാടി തോപ്പിൽ സജി മാത്യുവിന്റെ തോളെല്ല് പൊട്ടിയത് കുഴിക്കുള്ളിലെ കുഴിയിൽ വീണാണ്.
അതും കാൽനടയായി പോകുമ്പോൾ. ഇദ്ദേഹം വീണ താഴത്തങ്ങാടി വെസ്റ്റ് ക്ലബ്– തിരുവാതുക്കൽ റോഡിൽ പ്രധാന കുഴിയുടെ നീളം 20 മീറ്റർ !
പോകാൻ മറ്റു വഴിയില്ലാത്തതിനാൽ ഇതിലേക്കിറങ്ങിയ സജി മാത്യു കാലുവച്ചത് മറ്റൊരു കുഴിയിലേക്ക്.
കഴിഞ്ഞ മാസം ഈ കുഴി സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. അപകടം നടന്നത് കഴിഞ്ഞയാഴ്ചയും.
മീറ്ററുകൾ ഇടവിട്ട് 5 വാഴകളാണ് നാട്ടുകാർ നടുറോഡിൽ നട്ടത്. മഴ തോരാൻ അധികാരികൾ കാത്തിരിക്കുന്തോറും സജിയെപ്പോലെ എത്രപേർ അപകടത്തിൽ പെടുമെന്നതാണ് ആശങ്ക.
പാമ്പാടിയിലെപാതാളക്കുഴി
∙ ദേശീയപാതയിൽ പാമ്പാടി കാർഷിക വിപണനകേന്ദ്രത്തിനു സമീപത്തെ എടിഎം സെന്ററിന് മുൻപിലെ കുഴിക്ക് ഒരു പ്രത്യേകതയാണ്.
കുഴിക്ക് വലുപ്പമില്ല. എന്നാൽ ‘പാതാളത്തോളം’ താഴ്ചയുണ്ട്.
ഈ റോഡിൽ ജില്ലയിൽ പലഭാഗത്തും അപ്രതീക്ഷിത ‘ചതിക്കുഴികൾ’ ധാരാളമുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് എരുമേലിയിലേക്കും തമ്പലക്കാട്ടേക്കുമുള്ള റോഡുകളിലും കുഴികളുണ്ട്.
കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഒളിച്ചാണ് പലതിന്റെയും ഇരിപ്പ്.
500 മീറ്ററിൽ 20 കുഴി
∙ മൂലേപ്പീടിക – അരീപ്പറമ്പ് റോഡിലൂടെയാണ് യാത്രയെങ്കിൽ പാമ്പാടി ഏഴാം മൈലിലെത്തിയാൽ ഉടനെ അറിയും. കുഴികളിൽ ചാടി വണ്ടി ആടിയുലയും.
വെറും 500 മീറ്റർ ദൂരത്തിലുള്ളത് 20 കുഴികളാണ്. ജൂൺ 21ന് ഇതിലൊരു കുഴിയിൽ വീണ ഇരുചക്രവാഹന യാത്രക്കാരന്റെ മുഖത്താണ് ഗുരുതര പരുക്കേറ്റത്.
കുഴികളുടെ കല്ലറ
∙ കുഴിമൂലമുള്ള അപകടമില്ലാത്ത ഒരു ദിവസം പോലും കമ്പം – കുമരകം റോഡിൽ ഇപ്പോഴില്ല.
കല്ലറ പുത്തൻപള്ളിക്കും – ഉത്തമൻ കവലയ്ക്കും ഇടയിലും കളമ്പുകാട് ഗുരുദേവ ക്ഷേത്രത്തിനു സമീപവും കല്ലറ സെന്റ് തോമസ് ഹൈസ്കൂളിനു സമീപവുമുള്ള കുഴികളിൽ ഏത് വാഹനത്തിൽ പോയാലും രക്ഷയില്ല.
കുഴിയിൽ കുടുങ്ങിചങ്ങനാശേരി
∙ ചങ്ങനാശേരി നഗരസഭാ റോഡുകളായ എസ്ബി കോളജ് – അസംപ്ഷൻ കോളജ് റോഡ്, ചാസ് – ബൈപാസ് റോഡ്, ടൗൺ ഹാൾ റോഡ് എന്നിവ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. കുഴിയടയ്ക്കാൻ മണ്ണും കല്ലുമിട്ട് നടത്തിയ ‘നാടൻ ശ്രമം’ പാളിയതോടെ ചെളി നിറഞ്ഞവയും ഇക്കൂട്ടത്തിലുണ്ട്.
ചങ്ങനാശേരി – കവിയൂർ റോഡിൽ ഇരൂപ്പ, പായിപ്പാട് പാറയ്ക്കൽപ്പടി, സുന്ദരിപ്പടി ഭാഗത്തും കുഴിയോടു കുഴിയാണ്. ഉറവ പൊട്ടിയൊഴുകി തോടായി മാറിയ മാമ്മൂട് – വെങ്കോട്ട
റോഡിൽ നിന്ന് തിരിച്ചു കയറുക പോലും അസാധ്യം.
മഴ കഴിഞ്ഞാൽകുഴി നികത്താം
∙ മണിമല ഒന്നാം വാർഡിൽ നിന്ന് അഴകത്തുപടിയിലേക്കുള്ള കോൺക്രീറ്റ് റോഡ് തകർന്ന് പ്രദേശത്തെ വാഹനങ്ങളുടെ അടിഭാഗമെല്ലാം ഉരഞ്ഞുപോയ നിലയിലാണ്. ‘മഴയൊന്ന് തീർന്നോട്ടെ, പണി വേഗം തീർക്കാം’ എന്ന് പഞ്ചായത്തംഗം അറിയിച്ചു.
കുഴി, ജലജീവൻ വക
∙പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ പൂഞ്ഞാർ സഹകരണ ബാങ്കിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും മുൻവശങ്ങളിൽ ജലജീവൻ മിഷൻ വക കുഴിയുണ്ട്.
ഇതിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്നിലുള്ളതിന് 2 വർഷത്തെ പഴക്കമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]