
ഇരുകണ്ണും നിറയുന്ന കാഴ്ചയുണ്ട് ഇരുമാപ്രയിൽ; ഇഷ്ടമാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരുകണ്ണും നിറയുന്ന കാഴ്ചയുണ്ട് ഇരുമാപ്രയിൽ. മൂന്നിലവ് പഞ്ചായത്തിലെ ഇരുമാപ്രയ്ക്ക് ചുറ്റും കാഴ്ചകൾ വിതറിയിട്ടിരിക്കുന്നു. മൂന്നിലവിൽനിന്നോ മേലുകാവിൽനിന്നോ കയറി എത്തുന്നത് ഒരു നെക്സ്റ്റ് ലവൽ വില്ലേജ് എക്സ്പീരിയൻസിലേക്ക്. ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ യാത്രയിൽ ഒരു ചെറിയ ചുറ്റുചുറ്റിയാൽ ഇരുമാപ്ര കൂടി കണ്ടുപോകാം.
ഇരുമാപ്രയിൽ എത്തിയാൽ
പ്രധാന കാഴ്ചകൾ: ചാമപ്പാറ വ്യൂപോയിന്റ് (മൂന്നിലവ്– ഇരുമാപ്ര റോഡിൽ), തലമുട്ടാൻകല്ല് വ്യൂ പോയിന്റ് (ഇരുമാപ്ര– മേലുകാവ് റോഡിൽ), ബോർഡിങ്പാറ (ഇരുമാപ്ര – മൂന്നിലവ് റോഡിൽ ചർച്ച് പാഴ്സനേജിന് എതിർവശം), മോസ്കോ വ്യൂ പോയിന്റ് (ഇരുമാപ്ര– മേച്ചാൽ റോഡിൽ), തെയിലപ്പാറ (മോസ്കോ വ്യൂപോയിന്റിൽനിന്ന് പ്രധാന റോഡിൽ താഴേക്ക് 800 മീറ്റർ), ചൂതുപാറ (തേയിലപ്പാറയ്ക്ക് പോകും വഴി തിരിഞ്ഞ് പോകാം), അരീക്കമാലി വെള്ളച്ചാട്ടം (ഇരുമാപ്ര– ഉപ്പുടുപാറ റോഡ്).
വിശാലമായ വ്യൂ പോയിന്റുകളും ആകർഷകമായ വെള്ളച്ചാട്ടവും. മഴ സമയത്ത് ഇവിടെ ചെറു വെള്ളച്ചാട്ടങ്ങൾ രൂപപ്പെടും. പച്ചപ്പു പുതച്ചു നിൽക്കുന്ന ഗ്രാമീണ റോഡുകൾ. ഇതിനൊപ്പം 175 വർഷം പഴക്കമുള്ള സെന്റ് പീറ്റേഴ്സ് സിഎസ്ഐ ചർച്ചും ഇരുമാപ്രയിലുണ്ട്. റവ ഹെൻട്രി ബേക്കർ ജൂനിയർ ആദ്യമായി എത്തി പ്രാർഥിച്ച ചരിത്ര പ്രാധാന്യമുള്ള സ്മാരകവും ഇരുമാപ്ര ഉപ്പിടുപാറ റോഡിലുണ്ട്.
വഴി
∙ കോട്ടയം– പാലാ– പ്രവിത്താനം– കൊല്ലപ്പള്ളി– മേലുകാവുമറ്റം– കോണിപ്പാട്– വാകക്കാട് റോഡ് വഴി ഇരുമാപ്ര 57 കിലോമീറ്റർ. മേലുകാവുമറ്റത്തു നിന്ന് കാഞ്ഞിരം കവല– മേലുകാവ് സെന്റർ വഴി കോലാനി വഴി എത്താം– 55 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന്)
∙ കോട്ടയം– പാലാ– പനയ്ക്കപ്പാലം– പ്ലാശനാൽ– കളത്തൂക്കടവ് മൂന്നിലവ് – വാകക്കാട് റോഡിൽ അഞ്ചുമലയിൽനിന്ന് തിരിഞ്ഞ് ഇരുമാപ്ര – 50 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന്)
∙ ഈരാറ്റുപേട്ട– മുട്ടം റോഡിൽ കളത്തൂക്കടവ്– മൂന്നിലവ് – വാകക്കാട് റോഡിൽ അഞ്ചുമലയിൽനിന്ന് തിരിഞ്ഞ് ഇരുമാപ്ര 13 കിലോമീറ്റർ (ഈരാറ്റുപേട്ടയിൽനിന്ന്)
ഇരുമാപ്രയിൽനിന്ന് മേലുകാവിൽ എത്തിയാൽ ഇലവീഴാപ്പൂഞ്ചിറയ്ക്ക് പോകാം. ഇരുമാപ്ര– കോലാനി– മേച്ചാൽ വഴി ഇല്ലിക്കൽക്കല്ലിനും പോകാം. 12 കിലോമീറ്ററാണ് ഇരു സ്ഥലത്തേക്കും.
ശ്രദ്ധിക്കാം
∙ മലയോര പ്രദേശമായതിനാൽ മഴ കനത്താൽ യാത്രകൾ മാറ്റിവയ്ക്കുക.
∙ മഴ, ഇടിമിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
∙ പോകും വഴി മീനച്ചിലാറിന്റെ കൈവഴികൾ കാണാം. മഴക്കാലത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടാകാനിടയുണ്ട്.
∙ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ ഇല്ല.
∙ ഇരുമാപ്രയ്ക്കുള്ള റോഡുകൾ വീതി കുറഞ്ഞതും കുത്തനെയുള്ള കയറ്റവും ഇറക്കവും നിറഞ്ഞതുമാണ്. ശ്രദ്ധയോടെ വാഹനം ഓടിക്കുക.
∙ വാഹനം കയറുന്ന ഗിയറിൽത്തന്നെ ഇറങ്ങുക. അമിത വേഗം പാടില്ല.
∙ മാലിന്യം തള്ളരുത്. നാട്ടുകാരുടെ നിർദേശങ്ങൾ പാലിക്കുക.