കാണാതായ വനിതാ പഞ്ചായത്ത് അംഗത്തെയും 2 പെൺമക്കളെയും കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏറ്റുമാനൂർ∙ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ അതിരമ്പുഴയിൽനിന്നു കാണാതായ വനിതാ പഞ്ചായത്ത് അംഗത്തെയും രണ്ടു പെൺമക്കളെയും പൊലീസ് കണ്ടെത്തി. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് 20–ാം വാർഡ് അംഗം ഐസി സാജനെയും മക്കളെയുമാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ഭർതൃവീട്ടുകാരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് മക്കളുമായി നാടുവിടാൻ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെ മുതൽ കാണാതായ മൂവരെയും വൈകിട്ട് ആറോടെ എറണാകുളത്തെ സ്വകാര്യ ലോഡ്ജിൽനിന്നുമാണ് പൊലീസ് കണ്ടെത്തിയത്. കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിച്ച പൊലീസ് ഇന്നലെ രാത്രിയോടെ യുവതിയെയും കുട്ടികളെയുമായി ഏറ്റുമാനൂരിൽ തിരികെയെത്തി.
ഭർത്താവിന്റെ മരണശേഷം ഭർതൃവീട്ടിലാണ് യുവതിയും മക്കളും കഴിഞ്ഞിരുന്നതെന്നു പൊലീസ് പറഞ്ഞു. ഭർത്താവിന്റെ കുടുംബസ്വത്തിന്റെ വീതം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ മധ്യസ്ഥതയിൽ യുവതിക്ക് 50 ലക്ഷം രൂപ നൽകാമെന്നു ഭർതൃവീട്ടുകാർ സമ്മതിച്ചിരുന്നു. 10 ലക്ഷത്തോളം രൂപ നൽകിയെങ്കിലും ബാക്കി പണം നൽകിയില്ല. തുടർന്ന് ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവനാംശം നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചെന്നുമുള്ള ആരോപണങ്ങൾ സമൂഹമാധ്യമത്തില കുറിച്ച ശേഷം യുവതി മക്കളുമായി നാടുവിടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.