
പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്: കുറ്റപത്രം സമർപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏറ്റുമാനൂർ ∙ തെള്ളകത്തെ പെട്ടിക്കടയിൽ ഉണ്ടായ തർക്കം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഗുണ്ടാ നേതാവ് കൊലപ്പെടുത്തിയ കേസിൽ അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിലെ പ്രതിയായ കോട്ടയം പെരുമ്പായിക്കാട് ആനിക്കൽ ജിബിൻ ജോർജി(28)നെതിരെയുള്ള അന്തിമ കുറ്റ പത്രമാണ് തിങ്കളാഴ്ച പൊലീസ് ഏറ്റുമാനൂർ കോടതിയിൽ സമർപ്പിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 296(ബി), 351(1), 126(2), 115(2), 103,3 (5) വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് 90 ദിവസത്തിനുള്ളിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഹാജരാക്കിയത്. 64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുന്നതാണ് കുറ്റപത്രം.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന മാഞ്ഞൂർ തട്ടാംപറമ്പിൽ (ചിറയിൽ) ശ്യാം പ്രസാദാണ് (44) ആണ് കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ ജിബിൻ നിലവിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്. കഴിഞ്ഞ ഫെബ്രുവരി 2ന് രാത്രി 11.30 നായിരുന്നു സംഭവം. തെള്ളകത്തെ പെട്ടിക്കടയിലെ തർക്കം പരിഹരിക്കാൻ എത്തിയ ശ്യാം പ്രസാദിനെ ജിബിൻ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസൽ ആണ് അന്വേഷണം പൂർത്തിയാക്കിയത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.കെ.മനോജ് എസ്സിപിഒമാരായ ജ്യോതി കൃഷ്ണൻ, കെ.യു.വിനേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.