
എന്റെ കേരളം പ്രദർശനം കൗതുകക്കാഴ്ചയൊരുക്കി തുടരുന്നു; കാണാം, ബർമ പാലത്തിന്റെ മിനിയേച്ചർ പതിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ രണ്ടാം ലോകയുദ്ധ കാലത്തു ലോകമെമ്പാടുമുള്ള സായുധ സേനകൾക്ക് ഇടയിൽ പ്രചാരം നേടിയ ബർമ പാലത്തിന്റെ മിനിയേച്ചർ പതിപ്പ് നിർമിച്ച് അഗ്നിരക്ഷാസേന. എന്റെ കേരളം പ്രദർശന ഭാഗമായി നാഗമ്പടം മൈതാനിയിലാണു സേനയുടെ നേതൃത്വത്തിൽ പാലം ഒരുക്കിയിരിക്കുന്നത്. രണ്ടാം ലോകയുദ്ധ കാലത്ത് ബർമയിലാണ് ഇത്തരം താൽക്കാലിക പാലങ്ങൾ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. അതോടെയാണ് ഇവ വ്യാപകമായി ബർമ പാലം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, യുദ്ധം എന്നിങ്ങനെയുള്ള അടിയന്തര സാഹചര്യങ്ങളിൽ റോഡുകളും നടപ്പാതകളും മറ്റും തകരുമ്പോൾ ഒറ്റപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ വടം, പ്ലാസ്റ്റിക് കയർ, ഇരുമ്പ് കയർ എന്നിവ ഉപയോഗിച്ചു താൽക്കാലികമായി നിർമിക്കുന്നതാണു ബർമ പാലം.
ആവശ്യമനുസരിച്ചു പലരീതിയിൽ പാലം കെട്ടിയുണ്ടാക്കാം. താഴെയായി നടക്കാൻ ഒരു കയറും കൈപിടിക്കാൻ മുകളിൽ ഇരുവശങ്ങളിലും 2 കയറും എന്ന രീതിയിൽ വളരെ ലളിതമായി ഇവ നിർമിക്കാം. ഒട്ടേറെ ആളുകൾക്ക് ഒരേ സമയം കടന്നുപോകാൻ ഒന്നിലധികം കയറുകൾ താഴ്ഭാഗത്തും മുകളിലായി കൈപിടിക്കാൻ രണ്ട് കയർ എന്ന രീതിയിലും നിർമിക്കാം. അടിയന്തര ഘട്ടങ്ങളിൽ നിമിഷനേരം കൊണ്ട് ഇവ കെട്ടിയെടുക്കാം എന്നതാണു മേന്മ. ഒരു മരത്തിൽനിന്നു മറ്റൊന്നിലേക്കും അല്ലെങ്കിൽ കൃത്രിമമായി നിർമിക്കുന്ന 2 തൂണുകൾക്കിടയിലും ഇവ നിർമിക്കാം.ഇത്തരത്തിൽ ഒരു മരത്തിൽ നിന്നു കൃത്രിമ തൂണിലേക്കു കെട്ടിയുണ്ടാക്കിയ പാലമാണ് നാഗമ്പടം മൈതാനിയിൽ ഉള്ളത്.
സാധാരണക്കാർക്ക് ഇതിൽ കയറി നോക്കാനുള്ള അവസരവും ഉണ്ട്. ഏതു പ്രായക്കാർക്കും പാലത്തിൽ കയറാം. കോട്ടയം അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ഓഫിസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ ചേർന്നാണു പാലം നിർമിച്ചിരിക്കുന്നത്. പ്രളയം പോലെയുള്ള അടിയന്തര ഘട്ടങ്ങളിൽ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കണം, അപകടത്തിൽപെടുന്ന ആളിന്റെ ജീവൻ രക്ഷിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസും സേനയുടെ നേതൃത്വത്തിൽ നൽകുന്നു. വിവിധ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനു സേന ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം നാൽപതാം നമ്പർ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.