
‘അരികു ജീവിതം’: ഗവേഷക കൂട്ടായ്മ ഏപ്രില്‍ ഒന്നു മുതല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ കെ.ആര്.നാരായണന് ചെയര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സംഘടിപ്പിക്കുന്ന ഗവേഷക കൂട്ടായ്മ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളിലായി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടക്കും. ‘അരികു ജീവിതം: ഓര്മ, പ്രതിരോധം’ എന്നതാണ് പരിപാടിയുടെ വിഷയം. ഒന്നാം തീയതി രാവിലെ 10ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.
കെ.ആര്.നാരായണന് ചെയര്‍ പ്രഫ. ഡോ. സുഖ്ദേവ് തോറാട്ട്, സാമൂഹ്യ ശാസ്ത്രജ്ഞന് പ്രഫ. സതീഷ് ദേശ് പാണ്ഡേ എന്നിവര്‍ പ്രഭാഷണം നടത്തും. സര്‍വകലാശാലാ റജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്, പ്രഫ. എസ്.രാജു, എം.ഗീതാനന്ദന്, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ പ്രഫ. ദിനേശന് വടക്കിനിയില്‍, മുന്‍ ഡയറക്ടര്‍ പ്രഫ. പി.സനല്‍ മോഹന്‍, കെ.ആര്‍നാരായണന്‍ ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് കോമത്ത്, ഡോ. ജോബി മാത്യു, ഡോ. അപര്‍ണ ഈശ്വരന് എന്നിവര്‍ സംസാരിക്കും.
അധികാരവും സ്വാധീനവും വിഭവങ്ങളുമില്ലാത്ത മനുഷ്യരുടെ ജീവിതത്തെ, ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും വീക്ഷണത്തില്‍ വിലയിരുത്തുന്ന പഠനങ്ങള്‍ ഗവേഷണ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും. എംജി സര്‍വകലാശാലയിലെയും സംസ്ഥാനത്തും പുറത്തുമുള്ള മറ്റു സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഗവേഷക കൂട്ടായ്മയോടനുബന്ധിച്ച് ഏപ്രില്‍ ഒന്നിന് വൈകിട്ട് വടക്കേ മലബാറിലെ ഗ്രാമങ്ങളില്‍ കെട്ടിയാടുന്ന വസൂരിമാല തെയ്യത്തിന്റെ അവതരണവും നടക്കും.