കുറവിലങ്ങാട് ∙ ലോറിയുടെ വശത്തെ തടിവേലി ഇളകിയതിനെ തുടർന്നു റോഡിലിറക്കിയ ആന ഇടഞ്ഞു; ഇടഞ്ഞ ആനയുടെ കുത്തേറ്റ ഒന്നാം പാപ്പാനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15ന് എംസി റോഡിൽ വെമ്പള്ളി പട്ടിത്താനം റേഷൻകടപ്പടിയിലാണു സംഭവം.ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനുശേഷം നിലമ്പൂരിലേക്കു കൊണ്ടുപോവുകയായിരുന്ന വൈലാശ്ശേരി അർജുനൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.
ഒന്നാം പാപ്പാൻ ആലുവ മുപ്പത്തടം സ്വദേശി സാലിയുടെ (45) കാലിലാണു പരുക്ക്. പരുക്ക് ഗുരുതരമല്ല.
രണ്ടു മണിക്കൂറിനു ശേഷം മറ്റു പാപ്പാൻമാർ എത്തി ആനയെ തളച്ചു.
ആനയെ നിലമ്പൂരിലേക്കു കൊണ്ടുപോകുന്നതിനിടെ പട്ടിത്താനം ഭാഗത്തെത്തിയപ്പോൾ, ലോറിയിൽ സജ്ജമാക്കിയ താൽക്കാലിക കൂടിന്റെ വശങ്ങളിലെ തടികൾ ഇളകിയതായി കണ്ടു. വാഹനം നിർത്തിയ ശേഷം പാപ്പാന്മാർ ആനയെ റോഡിലിറക്കി.
ഈ സമയം എംസി റോഡിലൂടെ പോകുകയായിരുന്ന മറ്റൊരു വാഹനം ആനയുടെ സമീപമെത്തി. അപ്രതീക്ഷിതമായി വാഹനം എത്തിയതോടെ പേടിച്ച ആന ഓടുകയായിരുന്നു.
നിയന്ത്രണത്തിലാക്കാൻ ചെന്ന പാപ്പാൻ സാലി റോഡിൽ വീണു. ഈ സമയത്താണ് ആന കാലിൽ കുത്തിയത്.
പിണങ്ങിയ കൊമ്പൻ എംസി റോഡിന്റെ വശത്തുകൂടി നടന്നെങ്കിലും കാലുകളിൽ കൂച്ചുവിലങ്ങ് ഉണ്ടായിരുന്നതിനാൽ വേഗത്തിൽ സഞ്ചരിക്കാൻ പറ്റുമായിരുന്നില്ല.
എംസി റോഡിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെ സ്വകാര്യ പുരയിടത്തിലാണ് ആനയെ തളച്ചത്. എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

