കാഞ്ഞിരപ്പള്ളി ∙ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കായി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ 6 വീടുകളുടെ സമർപ്പണം ഒക്ടോബർ 1ന് വൈകിട്ട് 5ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും.
ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം അർഷദ് മൗലവി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
2021 ഒക്ടോബറിലെ പ്രളയ കാലത്തെ മണ്ണിടിച്ചിലിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 10–ാം വാർഡിലെ വട്ടകപ്പാറ മലയടിവാരത്ത് പിച്ചകപ്പള്ളിമേട്ടിൽ താമസിച്ചിരുന്ന 9 കുടുംബങ്ങൾക്കാണ് വീടു നഷ്ടപ്പെട്ടത്. പരിശോധന നടത്തിയ കലക്ടറും മൈനിങ് ആൻഡ് ജിയോളജി വകുപ്പു ഉദ്യോഗസ്ഥരും സ്ഥലം വാസയോഗ്യമല്ലെന്നും വീണ്ടും ഇവിടെ താമസിച്ചാൽ അപകട സാധ്യതയുള്ളതായും റിപ്പോർട്ട് നൽകി.
എന്തു ചെയ്യുമെന്ന് അറിയാതെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ കുടുംബങ്ങൾക്ക് പഞ്ചായത്തംഗം സുനിൽ തേനംമാക്കൽ നൽകിയ വാഗ്ദാനമാണ് 4 വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കിയത്.
ഇവർക്കു വീടു നിർമിച്ചു നൽകാൻ കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് ‘കൈകോർക്കാം വീടൊരുക്കാം’ എന്ന പദ്ധതിക്കു രൂപം നൽകി.
സാധാരണക്കാർ മുതൽ വ്യവസായികൾ വരെ കൈകോർത്തു. ഇവർ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് അര കിലോമീറ്റർ മാറി 40 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി.
ഒരു സെന്റ് സ്ഥലം സ്ഥലം ഉടമ സൗജന്യമായും നൽകി. മൂന്നര സെന്റ് വീതമുള്ള 6 പ്ലോട്ടുകളിലായി 2 ബെഡ്റൂം, ഹാൾ, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നിവയുൾപ്പെടെയുള്ള 600 ചതുരശ്ര അടി വിസ്തീർണമുള്ള 6 വീടുകൾ നിർമിച്ചു.
4 വർഷമായി വാടകവീടുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്കാണ് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യമായത്.
വീടുകളുടെ താക്കോൽദാനത്തിനൊപ്പം 3 കുടുംബങ്ങൾക്ക് മൂന്നര സെന്റ് വീതം സ്ഥലവും നൽകും. ബാക്കിയുള്ള സ്ഥലത്ത് ആയുർവേദ ഡിസ്പെൻസറി കളിസ്ഥലം, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുമെന്നും പഞ്ചായത്തംഗവും, കെസിഒ ചെയർമാനുമായ സുനിൽ തേനംമാക്കൽ, കെസിഒ സെക്രട്ടറി പി.പി.അസീസ്, ട്രഷറർ സെയ്ത് ചെറുകര എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

