
പ്രകാശിനു വേണം അടച്ചുറപ്പുള്ള വീട്; സഹായം തേടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ അടച്ചുറപ്പുള്ള വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, കാക്കൂർ നാട്ടകം കളത്തിൽ പ്രകാശിന് അതു കേവലം സ്വപ്നം മാത്രമല്ല, അനിവാര്യമായ ആവശ്യങ്ങളിലൊന്നാണ്. കാരണം, രണ്ടു വർഷങ്ങൾക്കു മുൻപു ശക്തമായ കാറ്റിൽ പ്രകാശിന്റെ വീടു പൂർണമായും തകർന്നു വീണു. 53 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പ്രകാശ് അന്ന് അമ്പരന്നു നിന്നു. താൽകാലികമായി മറ്റെങ്ങോട്ടെങ്കിലും പോകാനും മാർഗമില്ലായിരുന്നു.
തകർന്നു വീണ വീടിനരികെ ടാർപോളിൻ മറച്ചു കെട്ടിയാണു താമസിച്ചിരുന്നത്. മഴ പെയ്യുമ്പോൾ വെള്ളം മുഴുവൻ അകത്തേക്കു കയറും. ഇഴജന്തുക്കളെ ഉൾപ്പെടെ ഭയന്നാണ് പ്രകാശും സഹോദരിയും ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ഹൃദ്രോഗി കൂടിയായ പ്രകാശിനു പുതിയ വീടു നിർമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പെയ്ന്റിങ് തൊഴിലാളിയായിരുന്ന പ്രകാശിനു ഹൃദ്രോഗം കാരണം ജോലിക്കു പോകാനും കഴിഞ്ഞിരുന്നില്ല. മാതാപിതാക്കൾ വർഷങ്ങൾക്കു മുൻപു തന്നെ മരിച്ചു. സഹായിക്കാൻ ബന്ധുക്കളും ഉണ്ടായിരുന്നില്ല. അവിവാഹിതനുമാണ് പ്രകാശ്.
ദുരിതപൂർണമായ പ്രകാശിന്റെ ജീവിതം മനസ്സിലാക്കിയ അയൽവാസി സുമനസ്സുകളുടെ സഹായത്തോടെ വീടു നിർമിച്ചു നൽകാൻ തീരുമാനിച്ചു. ഇതുവരെ എട്ടു ലക്ഷം രൂപ ചെലവായി. വീടിന്റെ നിർമാണം പകുതിയിലേറെ നടത്തി. ചതുപ്പു നിലമായിരുന്നതു കൊണ്ടു തറകെട്ടാൻ മാത്രം രണ്ടു ലക്ഷത്തിലേറെ ചെലവു വന്നു. എന്നാൽ, നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. വീടു പൂർത്തിയാക്കാൻ ഇനിയും മൂന്നു ലക്ഷത്തിലേറെ രൂപ ചെലവു വരും. ഭയപ്പാടില്ലാതെ, സുരക്ഷയോടെ സഹോദരിക്കൊപ്പം താമസിക്കാൻ പ്രകാശിനു വീടുനിർമാണം പൂർത്തിയാക്കണം. അതിനായി സുമനസ്സുകളിൽ നിന്നു സഹായം തേടുകയാണ്.
പ്രകാശിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
അക്കൗണ്ട് പേര് : പ്രകാശ്
ബാങ്ക് ഓഫ് ബറോഡ, കോടിമത
അക്കൗണ്ട് നമ്പർ : 49890100004343
ഐഎഫ്എസ്സി കോഡ്: BARB0KODIMA