കോട്ടയം ∙ മൂന്നു കുഞ്ഞുങ്ങളുടെ കൈത്താങ്ങ് അറ്റു! ഒരു കുടുംബം പ്രതിസന്ധിയിലായി.
ബുധനാഴ്ച രാത്രിയിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ ലോറി വന്നിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വലതുകൈ തോൾ മുതൽ മുറിച്ചു കളയേണ്ടി വന്ന ഷീജ ബേബിയുടെ (46) സങ്കടകഥയാണിത്. എംസി റോഡിൽ തെളളകം കാരിത്താസ് ജംക്ഷനു സമീപം ബുധനാഴ്ച രാത്രി 11നു കെഎസ്ആർടിസി ബസിൽ ലോറി തട്ടിയായിരുന്നു അപകടം.
ബസിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം ചെങ്കൽ അലത്തറവിളാകം കുമാർഭവനിൽ പോൾ ഷീജ ബേബിക്കാണ് (46) വലതുകൈ നഷ്ടമായത്. അടൂരിലെ ഒരു വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ.
പരിചരിച്ചിരുന്നയാളെ ആലുവയിലെ ബന്ധുവീട്ടിലേക്കു കൊണ്ടുപോയി. അതോടെ ഷീജയും ആലുവയ്ക്കു ബസിൽ പോകുകയായിരുന്നു.
കെഎസ്ആർടിസി ബസിൽ ഷീജ ഇരുന്ന ഭാഗത്ത്, എതിർദിശയിൽ നിന്നു ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി ഇടിച്ചു.
ബസിലെ ഷട്ടറിനു പകരമുള്ള ഗ്ലാസ് പൊട്ടി വീണാണു കയ്യിൽ മുറിവേറ്റതെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. വലതുകൈ മുട്ടിന്റെ ഭാഗത്തുവച്ച് തൽസമയം അറ്റുവീണിരുന്നെന്നു ബന്ധുക്കൾ പറയുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് അപകടസ്ഥലം. ഉടനെ ഷീജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിഞ്ഞ ഭാഗം കൂട്ടിച്ചേർക്കാൻ സാധിച്ചില്ല.
ഈ ഭാഗത്തു കൂട്ടിച്ചേർക്കാൻ സാധിക്കാത്തവിധം മുറിവേറ്റിരുന്നെന്നും തോളു മുതൽ താഴേക്കുള്ള ഭാഗത്തും ഗുരുതരമായ പരുക്കേറ്റെന്നും ആശുപത്രി അധികൃതർ പറയുന്നു. ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗവും മുറിച്ചു മാറ്റേണ്ടി വന്നു.
ഷീജയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.
കയ്യിൽ എന്തോ വന്ന് ഇടിച്ചെന്നു മാത്രമാണ് ഷീജയുടെ ഓർമ. മുൻപു കുവൈത്തിൽ പാചകജോലി ചെയ്തിരുന്ന ഷീജ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണു നാട്ടിലേക്കു മടങ്ങിയത്.
വിദ്യാർഥികളായ മൂന്നു മക്കൾ അടങ്ങുന്ന കുടുംബത്തിൽ, വരുമാനമുള്ള ഏക അംഗം ഷീജയാണ്. ഭർത്താവ് ഇപ്പോൾ ഒപ്പമില്ല.
ഷീജയുടെ അച്ഛൻ ബേബിക്കുട്ടിയും മകൻ ജോബിനും ബന്ധു ശ്രീകുമാറും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

