കടുത്തുരുത്തി ∙ നൂറു കിലോ നെല്ല് സംഭരിക്കുമ്പോൾ 25 കിലോ നെല്ല് താര വേണമെന്ന മില്ലുകാരുടെ സമ്മർദത്തിനു വഴങ്ങാതെ കർഷകർ. കൊയ്തെടുത്ത പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിക്കാൻ ആളില്ലാതെ പാടത്തു കിടക്കാൻ തുടങ്ങിയിട്ട് 13 ദിവസം.
വേനൽമഴ ആരംഭിച്ചതോടെ നെല്ല് നനഞ്ഞ് നശിക്കാതെ സംരക്ഷിക്കാൻ കർഷകർ പെടാപ്പാടു പെടുകയാണ്. കടുത്തുരുത്തി കൃഷിഭവന് കീഴിലെ 250 ഏക്കർ വരുന്ന മധുരവേലി പടിഞ്ഞാറെപ്പുറം പാടശേഖരത്തിലെ കർഷകരാണ് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ അധികൃതരുടെ കനിവു കാത്ത് കഴിയുന്നത്.
300 ടണ്ണോളം നെല്ലാണ് പാടത്തു കിടക്കുന്നത്. വേനൽ മഴ എത്തിയതോടെ പാടത്ത് വെള്ളമെത്തിത്തുടങ്ങി.
ഉടൻ സംഭരണം നടക്കുമെന്ന പ്രതീക്ഷയിൽ കർഷകർ പാടത്ത് തന്നെ നെല്ല് കൂട്ടിയിട്ടിരിക്കുകയായിരുന്നു.
13 ദിവസം കഴിഞ്ഞിട്ടും സംഭരണം നടക്കാതാവുകയും മഴ എത്തുകയും ചെയ്തതോടെ നെല്ല് പാടത്തുനിന്നു കരയിലേക്കും റോഡിലേക്കും നീക്കുകയാണ് കർഷകർ. 68 കർഷകരാണ് ഇത്തവണ കൃഷിക്കുള്ളത്.
കൊയ്ത്ത് ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴും പാടശേഖര ഭാരവാഹികൾ പാഡി ഓഫിസറെ വിവരം അറിയിച്ചിരുന്നു. എന്നാൽ എത്തിയ മില്ലുകാരുടെ ഏജന്റുമാർ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് കർഷകരോട് താര ചോദിച്ചത്.
നൂറ് കിലോ നെല്ല് സംഭരിക്കുമ്പോൾ 25 കിലോ നെല്ല് താരയായി നൽകണം എന്നായിരുന്നു ഏജന്റുമാരുടെ ആവശ്യം. ഇത് കർഷകർ സമ്മതിക്കാതായതോടെ മില്ലുകാർ തിരിച്ചുപോയി.
ഏക്കറിന് 40,000 രൂപയോളം മുടക്കി കൊയ്തെടുത്ത നെല്ലാണ് സംഭരിക്കാനാളില്ലാതെ പാടത്തും റോഡിലും കിടക്കുന്നത്.
ഇതിനിടയിൽ നെല്ല് പേറ്റി നൽകിയാൽ താര കുറയ്ക്കാമെന്ന് മില്ലുകാർ അറിയിച്ചിട്ടുണ്ട്. വീണ്ടും പണം മുടക്കി നെല്ല് പേറ്റി നൽകാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ.
വേനൽ മഴ ശക്തമായാൽ നെല്ല് സംരക്ഷിക്കാൻ കഴിയാതെ വരും. 13 ദിവസമായി നെല്ല് സംരക്ഷിക്കാൻ കർഷകർ പാടുപെടുകയാണ്.
കർഷകരെ പിഴിയാനുള്ള മില്ലുകാരുടെ നീക്കം അവസാനിപ്പിക്കണമെന്നും വേനൽ മഴ ശക്തമാകും മുൻപ് നെല്ല് സംഭരിക്കാൻ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.
മന്ത്രി ഇടപെട്ടിട്ടും രക്ഷയില്ല
സിപിഐ ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിൽ കൃഷിമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടും മില്ലുകാർ നെല്ല് സംഭരിക്കാൻ തയാറാകുന്നില്ല. മന്ത്രിയുടെ നിർദേശ പ്രകാരം പാഡി ഓഫിസർ കർഷകരെ വിളിച്ച് വിവരങ്ങൾ തേടിയെങ്കിലും നെല്ലുസംഭരണം നടത്തുന്ന കാര്യത്തിൽ തീരുമാനമില്ല.
സിപിഐ നേതാക്കൾ കഴിഞ്ഞ ദിവസം പാടത്ത് എത്തി കർഷകരെ കണ്ടിരുന്നു. തുടർന്നാണ് പ്രതിസന്ധി രൂക്ഷമാണെന്ന് അവർ മന്ത്രിയെ ധരിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

