ചങ്ങനാശേരി ∙ തുരുത്തി – മുളയ്ക്കാംതുരുത്തി – വാലടി – വീയപുരം റോഡിന്റെ നിർമാണം പൂർത്തിയാക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ച് ജല അതോറിറ്റിയും കെഎസ്ഇബിയും. റോഡ് നിർമാണത്തിനിടയിൽ തുടർച്ചയായി ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നതും കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതിലുള്ള കാലതാമസവുമാണ് പ്രശ്നമാകുന്നത്.
നവംബർ 15നു മുൻപായി തുരുത്തി ഭാഗത്ത് നിന്ന് ആദ്യഘട്ട ടാറിങ് ആരംഭിക്കാനിരിക്കെയാണ് പ്രതിസന്ധി.റോളർ മെഷീൻ ഉപയോഗിച്ചുള്ള ജോലികൾക്കിടയിൽ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം കുതിച്ചെത്തുകയാണ്.
റോഡ് പുനർനിർമാണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിൽ വേഗത്തിലാണ് ജോലികൾ നടക്കുന്നത്.
റോഡ് ഉയർത്തിയുള്ള ജോലികളാണ് പുരോഗമിക്കുന്നത്. റോഡ് ഉറപ്പിക്കുന്നതിനുള്ള റോളർ മെഷീനുകളുടെ പ്രകമ്പനത്തിലും മർദത്തിലുമാണ് റോഡിനടിയിലെ കാലപ്പഴക്കം സംഭവിച്ച പൈപ്പുകൾ പൊട്ടുന്നത്.
ജലഅതോറിറ്റി ജീവനക്കാരെത്തി റോഡ് വീണ്ടും കുഴിച്ച് പൈപ്പ് അറ്റകുറ്റപ്പണി നടത്തുകയാണ്.
കെഎസ്ഇബിയുടെ ഷോക്ക്|
21.5 കിലോമീറ്റർ ദൂരമുള്ള റോഡിലെ വൈദ്യുത പോസ്റ്റുകളും ട്രാൻസ്ഫോമറുകളും മാറ്റിസ്ഥാപിക്കാൻ 2 കോടി രൂപയോളമാണ് വകയിരുത്തിയിരുന്നത്. എന്നാൽ ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന 2.7 കിലോമീറ്റർ ദൂരത്തെ മാത്രം പോസ്റ്റ് മാറ്റിയിടാൻ 1.9 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കെഎസ്ഇബി റോഡിന്റെ ചുമതലയുള്ള കെഎസ്ടിപിക്ക് നൽകിയിരിക്കുന്നത്.
ബാക്കിയുള്ള 18.8 കിലോമീറ്റർ ദൂരത്തിനു 91 ലക്ഷം രൂപയേ മിച്ചമുള്ളൂ. പലയിടത്തും റോഡിലേക്കും ഓടയിലേക്കും ഇറങ്ങിയാണ് വൈദ്യുത പോസ്റ്റുകൾ നിൽക്കുന്നത്.
ഇതു കാരണം റോഡ് പുനർനിർമാണത്തിനു തടസ്സം നേരിടുകയാണ്.
റോഡ് പൊങ്ങി,പോസ്റ്റുകൾ താഴ്ന്നു
റോഡ് ഉയർന്നത് കാരണം വൈദ്യുത ലൈനുകൾ താഴ്ന്നു. വലിയ വാഹനങ്ങൾ ലൈനിൽ തട്ടാനുള്ള സാധ്യതയേറി.
ഇതു കാരണം ഉയരം കുറഞ്ഞ കോൺക്രീറ്റ് പോസ്റ്റുകൾക്കു പകരം ഉയരം കൂടിയ പുതിയ എ പോൾ പോസ്റ്റുകൾ സ്ഥാപിക്കണമെന്നാണ് കെഎസ്ഇബി പറയുന്നത്. എസ്റ്റിമേറ്റ് വർധിക്കാൻ ഇതാണു കാരണമെന്നും പറയുന്നു.
പാടശേഖരങ്ങളിലേക്കുള്ള കൊയ്ത്തുയന്ത്രം ലോറിയിൽ കൊണ്ടുപോകുന്ന റോഡായതിനാൽ ലൈനുകൾ ഉയരത്തിൽ വേണം.
കലുങ്ക് തുറന്നു
തുരുത്തി പുന്നമൂട് ഭാഗത്തെ കലുങ്ക് ഗതാഗതത്തിനായി തുറന്നുനൽകി. ഭൂരിഭാഗം ജോലികളും പൂർത്തിയാക്കി ഇന്നലെയാണ് തുറന്നത്.
കലുങ്ക് പുനർനിർമാണത്തിന്റെ ഭാഗമായി ഒരു മാസത്തിലേറെ ഗതാഗതം നിരോധിച്ചിരുന്നു. ഇന്നലെ കെഎസ്ആർടിസി ബസ് ഉൾപ്പെടെ കടന്നുപോയി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

