ചങ്ങനാശേരി ∙ പായിപ്പാട് പഞ്ചായത്ത് പൂർത്തീകരിച്ച വിവിധ വികസന പദ്ധതികൾ ഇന്ന് നാടിനു സമർപ്പിക്കും. പട്ടികജാതി – പൊതുശ്മശാനം, ലൈഫ് ഭവന പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റം, വനിതാ ഫിറ്റ്നസ് സെന്റർ, വനിത വായ്പ പദ്ധതി, 15ാം വാർഡിലെ ശുദ്ധജല പ്ലാന്റ് തുടങ്ങിയ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.
കുടുംബശ്രീ വാർഷിക ആഘോഷവും നടത്തും. ഇന്ന് രാവിലെ 10ന് നാലുകോടി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റവും പൊതുശ്മശാനം സമർപ്പണവും മന്ത്രി നിർവഹിക്കും.
ശുദ്ധീകരണ പ്ലാന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
വനിതാ വായ്പ പദ്ധതി ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. വനിതാ ഫിറ്റ്നസ് സെന്റർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ മഞ്ജു സുജിത് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിനു മുന്നോടിയായി 9.30ന് പുത്തൻകാവ് ജംക്ഷനിൽ നിന്നു സമ്മേളന വേദിയിലേക്ക് വർണാഭമായ ഘോഷയാത്ര നടത്തും. സമഗ്രമായ വികസനപ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഭരണസമിതി നടത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ, വൈസ് പ്രസിഡന്റ് ഷൈനി ജോജോ, സ്ഥിരസമിതി അധ്യക്ഷ അനിജ ലാലൻ, പഞ്ചായത്തംഗം മുബാഷ് മുഹമ്മദ് ഇസ്മായിൽ എന്നിവർ പറഞ്ഞു.
പൊതുശ്മശാനം
പായിപ്പാട് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 76 ലക്ഷം രൂപ ചെലവഴിച്ച് 5ാം വാർഡ് അയിത്തുമുണ്ടകം ഭാഗത്താണ് പട്ടികജാതി – പൊതുശ്മശാനം നിർമിച്ചത്. നാടിന്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു പൊതുശ്മശാനം.
2010ലാണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സാങ്കേതിക നടപടികളും അനുമതികളും ലഭിക്കുന്നതിനു കാലതാമസം നേരിട്ടു. ശ്മശാനത്തിനായി അലക്സ് പുതുവേലിയാണ് 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകുന്നത്.
മൃതദേഹങ്ങളുടെ ദഹിപ്പിക്കൽ വേഗത്തിൽ പൂർത്തിയാക്കുന്ന ആധുനിക സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തുകളിലുള്ളവർക്കും ശ്മശാനം ലഭ്യമാക്കും.
104 ലൈഫ്
104 വീടുകളാണ് ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിൽ നിർമിച്ചിരിക്കുന്നത്.
90 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 14 വീടുകളുടെ നിർമാണം അവസാനഘട്ടത്തിൽ.
ഒന്നാം വാർഡിലാണ് ഏറ്റവും കൂടുതൽ ലൈഫ് വീടുകൾ. 35 വീടുകളാണ് ഈ വാർഡിൽ മാത്രം നിർമിച്ചിരിക്കുന്നത്.
ശുദ്ധജല പ്ലാന്റ്
15ാം വാർഡിൽ നക്രാപുതുവലിലെ 38 കുടുംബങ്ങൾക്കാണ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ ശുദ്ധജലമെത്തുക.
പദ്ധതിക്കായി പഞ്ചായത്ത് 23 ലക്ഷം രൂപ ചെലവഴിച്ചു. ഭൂജലവകുപ്പിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കി.
പനയാർ തോട്ടിൽനിന്നു ശേഖരിക്കുന്ന വെള്ളം മിനറൽ വാട്ടറിനു സമാനമായ രീതിയിൽ ശുദ്ധീകരിച്ചു വിതരണം ചെയ്യും. വീടുകളിലേക്ക് ഇതിനായി പൈപ്പുകളും സ്ഥാപിച്ചു.
വനിതാ ഫിറ്റ്നസ് സെന്റർ
പഞ്ചായത്തിലെ വനിതകൾക്കായി കുടുംബാരോഗ്യകേന്ദ്രത്തിനു സമീപം വനിതാ ഫിറ്റ്നസ് സെന്റർ.
അത്യാധുനിക ഉപകരണങ്ങളടക്കം സ്ഥാപിച്ചു. വനിതാ ട്രെയിനറെ ഉടനെ നിയമിക്കും.
സെന്ററിന്റെ പ്രവർത്തനത്തിനായി കമ്മിറ്റി രൂപീകരിക്കും. ചെറിയ ഫീസ് ഈടാക്കിയാകും പ്രവർത്തനം.
വനിതാവായ്പ പദ്ധതി
വനിതാ വികസന കോർപറേഷന്റെയും എസ്സി വികസന കോർപറേഷന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് 3 കോടി രൂപ വായ്പ നൽകും.
വിവിധ തൊഴിൽസംരംഭങ്ങൾ ആരംഭിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]