
സെന്റ് ഡൊമിനിക്സ് കോളജ് വജ്രജൂബിലി: 14 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സഫലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരപ്പള്ളി ∙ വിദ്യാർഥികളും സുമനസ്സുകളും കൈകോർത്തപ്പോൾ 14 കുടുംബങ്ങൾക്കു സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമായി. സെന്റ് ഡൊമിനിക്സ് കോളജിന്റെ വജ്രജൂബിലി വർഷത്തിൽ കോളജ് എൻഎസ്എസ് യൂണിറ്റ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, എംജി സർവകലാശാല എൻഎസ്എസ് സെൽ, എന്നിവയുടെ സഹകരണത്തോടെ 14 കുടുംബങ്ങൾക്കാണു വീടു നിർമിച്ചത്.സ്നേഹ വീടുകളുടെ താക്കോൽദാനം 28ന് 10ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.
കോളജ് മാനേജർ ഫാ.ഡോ.കുര്യൻ താമരശ്ശേരി അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യാതിഥിയായിരിക്കും.കോട്ടയം ജില്ലയിലെ മുണ്ടക്കയം, തിടനാട്, ചിറക്കടവ്, എലിക്കുളം, ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ പഞ്ചായത്തുകളിലായാണു 14 വീടുകൾ നിർമിച്ചത്. നാട്ടിലെ സുമനസ്സുകളായ ഒട്ടേറെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണവും ലഭിച്ചതായി പ്രോഗ്രാം ഓഫിസർ ഡോ.ജോജി തോമസ് പറഞ്ഞു.
അർഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതിനും ഭവനനിർമാണ ആസൂത്രണം ചെയ്തു ആവശ്യമായ പ്ലാനും എസ്റ്റിമേറ്റും ഉൾപ്പെടെ രേഖകൾ തയാറാക്കി തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നേടുന്നതിനും വിദ്യാർഥികൾ പങ്കാളികളായി. വാഹന സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ നിർമാണ സാമഗ്രികൾ ചുമന്ന് എത്തിച്ചത് ഉൾപ്പെടെ വീടുകളുടെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എൻഎസ്എസ് വൊളന്റിയർമാർ സഹായിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.ജോജി തോമസ്, ഡോ.ജിനു എലിസബത്ത് സെബാസ്റ്റ്യൻ വൊളന്റിയർ സെക്രട്ടറിമാരായ അതുൽ കൃഷ്ണൻ, ഭാഗ്യലക്ഷ്മി രാജ്, ആൽബിൻ തോമസ്, ദിയ തെരേസ് ജോഷി എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.