
ഗതാഗത നിയന്ത്രണം: കഞ്ഞിക്കുഴിയിൽ പുതിയ ഡിവൈഡർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ വിദേശരാജ്യങ്ങളിലെ ഗതാഗത നിയന്ത്രണ സംവിധാനം കഞ്ഞിക്കുഴിയിലും. ഈസ്റ്റ് പൊലീസാണ് റബർ ഡിലെയ്നെറ്റർ എന്ന ആധുനിക ഡിവൈഡർ സംവിധാനം സ്ഥാപിച്ചത്. റബർ ഉപയോഗിച്ചു നിർമിച്ച പുതിയ ഡിവൈഡർ സംവിധാനത്തിനു 10 വർഷം വരെയാണ് ആയുസ്സ്. നീളമേറിയ സ്ക്രൂ ഉപയോഗിച്ചാണ് ഇവ റോഡിൽ ഉറപ്പിക്കുന്നത്. മറ്റു ബാരിക്കേഡുകൾ അപേക്ഷിച്ച് ഇവ കാറ്റടിച്ചാൽ വീഴില്ല. യാത്രക്കാരുടെ കാഴ്ച മറയ്ക്കുകയില്ല. പരിപാലനച്ചെലവു കുറവാണ്. 3 മാസത്തിൽ ഒരിക്കൽ പ്രത്യേക ക്ലീനിങ് ലായനി ഉപയോഗിച്ച് ഇവയിലെ റിഫ്ലക്ടറുകൾ കഴുകി വൃത്തിയാക്കിയാൽ മതി.
സാധാരണ ബാരിക്കേഡുകൾ അപേക്ഷിച്ച് ഇവ വളരെ സുരക്ഷിതമാണ്. ഇവയിൽ മറ്റു വാഹനങ്ങൾ ഇടിച്ചാലും കേടുപാടു സംഭവിക്കില്ല. അടിയന്തര സാഹചര്യത്തിൽ ആംബുലൻസ് ഡ്രൈവർമാർ റബർ ഡിവൈഡറുകൾക്കു മുകളിലൂടെ വാഹനം ഓടിച്ചാൽ പോലും വാഹനത്തിനും ബാരിക്കേഡിനും കേടുപാടു സംഭവിക്കില്ല. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ട്രാഫിക് ബ്ലോക്ക് തുടർക്കഥയായ കഞ്ഞിക്കുഴി ജംക്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ റബർ ഡിലെയ്നെറ്ററുകൾ സ്ഥാപിച്ചത്. പരീക്ഷണം വിജയമെങ്കിൽ തിരക്കുള്ള മറ്റിടങ്ങളിലേക്കും ഇവ വ്യാപിപ്പിക്കും. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഇതു നിർമിക്കുന്നത്.