മുണ്ടക്കയം ഈസ്റ്റ് ∙ കളിയാണെങ്കിലും കലയാണെങ്കിലും ആവേശത്തിന്റെ ആരവങ്ങൾ വാനോളം ഉയരുന്ന സ്ഥലമാണ് ബോയ്സ് എസ്റ്റേറ്റ് ഗ്രൗണ്ട്. റബർ മരങ്ങൾ അതിർത്തി തീർത്തിരുന്ന പ്രകൃതിദത്തമായ മൈതാനം ആധുനിക നിലവാരത്തിൽ സ്റ്റേഡിയമായി മാറുമ്പോൾ ആവേശം ഇനി ‘ഹൈ റേഞ്ചി’ലാകും.
സ്റ്റേഡിയമാക്കി ഉയർത്തിയ 35–ാം മൈൽ ബോയ്സ് ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളിലാണ് ഗ്രാമം. 27നു നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും.
പതിറ്റാണ്ടുകളുടെ ചരിത്രം
70 വർഷം മുൻപാണ് എസ്റ്റേറ്റ് ലയങ്ങൾക്കും സുബ്രഹ്മണ്യ ക്ഷേത്രത്തിനും സമീപം മൈതാനം ഒരുങ്ങിയത്.
അന്നു മുതൽ കായികപ്രേമികളുടെ പ്രധാന ഇടമായിരുന്നു ഇത്. ഫുട്ബോൾ, ക്രിക്കറ്റ് കളികൾ മാത്രമല്ല, ക്ഷേത്രം ഉത്സവത്തിന്റെ കലാപരിപാടികൾ ഉൾപ്പെടെ വലിയ പരിപാടികൾക്കും മൈതാനം വേദിയായി. സംസ്ഥാനതലത്തിലുള്ള ടൂർണമെന്റുകൾ വരെ ഇവിടെ നടന്നിരുന്നു.
ആശയം ഉയർന്നു,‘കളിക്കൂട്ട’ത്തിൽ നിന്ന്
2015ൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു കായിക പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ‘കളിക്കൂട്ടം’.
സമീപ പഞ്ചായത്തിൽ നിന്നുള്ള കുട്ടികൾക്ക് ഉൾപ്പെടെ സ്പോർട്സിൽ പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. പദ്ധതി വിജയമായി കുട്ടികളുടെ എണ്ണം വർധിച്ചതോടെ മൈതാനത്തിലെ പരിമിതമായ സൗകര്യം മെച്ചപ്പെടുത്തണം എന്ന ആശയത്തിലെത്തി.
ഇതിനിടെ കളിക്കൂട്ടം ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയായി മാറ്റി. 2021ൽ കെ.ടി.ബിനു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ശേഷം സ്റ്റേഡിയം നിർമാണത്തിന് നീക്കങ്ങൾ ആരംഭിച്ചു.
പാരിസൺസ് എസ്റ്റേറ്റ് മൈതാനം ജില്ലാ പഞ്ചായത്തിനു കൈമാറി. തുടർന്ന് 75 ലക്ഷം രൂപ അനുവദിച്ച് സ്റ്റേഡിയം നിർമിക്കുകയായിരുന്നു.
പ്രതീക്ഷകൾ ഇനിയും
മൈതാനത്തിന്റെ വലുപ്പം കൂട്ടി നിരപ്പാക്കുന്ന ജോലികൾ പൂർത്തീകരിച്ചു.
ചെരിവുള്ള സ്ഥലം ഉയരത്തിൽ കെട്ടി എടുത്താണ് മൈതാനം നിരപ്പാക്കിയത്. ഇനി പദ്ധതിയുടെ രണ്ടാം ഘട്ടമായി ആളുകൾക്കുള്ള ഇരിപ്പിടം ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. എസ്റ്റേറ്റ് മാനേജ്മെന്റ് കൂടുതൽ സ്ഥലം വിട്ടുനൽകിയാൽ സ്പോർട്സ് ഹോസ്റ്റൽ ഉൾപ്പെടെ നിർമിക്കാനുള്ള പദ്ധതികളും ആലോചനയിലുണ്ടെന്നും ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി കൂടുതൽ കാര്യങ്ങൾ നടപ്പാക്കുമെന്നും കെ.ടി.ബിനു പറഞ്ഞു.
അക്കാദമിയുടെ ഹോം ഗ്രൗണ്ട്
കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലെ പരിമിതമായ സൗകര്യമുള്ള ഗ്രൗണ്ടിൽ നിന്നു ഹൈറേഞ്ച് അക്കാദമിയുടെ കീഴിൽ പരിശീലനം നടത്തിയ കുട്ടികൾ ദേശീയ തലത്തിൽ വരെ സുവർണ നേട്ടം കൈവരിച്ചു.
ഇതോടെ അക്കാദമി കേരളത്തിലെ പ്രധാന സ്പോർട്സ് അക്കാദമിയുടെ പട്ടികയിൽ ഇടം നേടി. സന്തോഷ് ജോർജ്, ബിനോഫ സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്കു പരിശീലനം നൽകുന്നത്. കോട്ടയം, ഇടുക്കി ജില്ലാ കായികമേളകളിൽ ഇക്കുറിയും ആധിപത്യം ഉറപ്പിച്ച അക്കാദമിയിലെ കുട്ടികൾ സംസ്ഥാന സ്പോർട്സ് മീറ്റുകളിൽ പ്രധാനികളാണ്. അക്കാദമിയിലെ പരിശീലനത്തിലൂടെ നാൽപതോളം കുട്ടികളാണ് ദേശീയ, രാജ്യാന്തര, സംസ്ഥാന തലങ്ങളിൽ മുൻപന്തിയിൽ എത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

