കോട്ടയം ∙ 124-ാമത് താഴത്തങ്ങാടി കോട്ടയം മത്സരവള്ളം കളിക്കും ചാംപ്യൻസ് ബോട്ട് ലീഗിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ വെസ്റ്റ് ക്ലബ്ബും ടൂറിസം വകുപ്പും അറിയിച്ചു. 26ന് 3.30ന് സാംസ്കാരിക വിളംബര ഘോഷയാത്ര അറുപുഴ വെസ്റ്റ് ക്ലബ്ബിൽ നിന്നാരംഭിച്ച് ഫിനിഷിങ് പോയിന്റിലെത്തി ആലുംമൂട് ജംക്ഷനു സമീപമുള്ള മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് പള്ളി മുറ്റത്തു സമാപിക്കും.
27നു 2ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. 2.10ന് സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. സുവനീർ പ്രകാശനവും നടത്തും 2.15ന് ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലും, 2.45ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സും നടക്കും.
മാസ് ഡ്രില്ലിനു ശേഷം ജല ഘോഷയാത്രയുടെ പിന്നിലായി പ്രത്യേകം അലങ്കരിച്ചിരിക്കുന്ന ബാർജിൽ ബസേലിയോസ് കോളജ് വിദ്യാർഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബ്, തിരുവാതിര എന്നിവ അവതരിപ്പിക്കും. ഓർത്തഡോക്സ് സഭയുടെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ഡ്രഗ്സിറ്റ് ക്യാംപെയ്നിന്റെ ഭാഗമായിട്ടാണ് പരിപാടികൾ.
ആറിന്റെ ഇരു കരകളിലും നിന്ന് വള്ളംകളി സുഗമമായി കാണാനുള്ള ക്രമീകരണങ്ങൾ കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഫിനിഷിങ് പോയിന്റിലെ മുഖ്യ പവലിയനിൽ വിശിഷ്ടാതിഥികൾ, ടൂറിസ്റ്റുകൾ ഉൾപ്പെടെ 350 പേർക്ക് വള്ളംകളി കാണാനുള്ള സൗകര്യമുണ്ട്. മത്സരങ്ങൾക്ക് കൃത്യത ഉറപ്പാക്കാനുളള സ്റ്റിൽ സ്റ്റാർട്ട് സംവിധാനം, 3 ട്രാക്കുകൾ, ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവ സിബിഎൽ സംഘാടക സമിതി, വെസ്റ്റ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിക്കും.
വഞ്ചിപ്പാട്ട് മത്സരം
∙26ന് വൈകിട്ട് 6 മുതൽ കുട്ടനാട്, ആലപ്പുഴ, കോട്ടയം എന്നീ പ്രദേശങ്ങളിൽ നിന്നുള്ള പുരുഷ – വനിത വഞ്ചിപ്പാട്ട് ടീമുകൾ പങ്കെടുക്കുന്ന വഞ്ചിപ്പാട്ട് മത്സരം നടത്തും.
ആറിന്റെ നടുവിൽ വൈദ്യുതി ദീപാലങ്കാരങ്ങളാൽ ശോഭിക്കുന്ന ബാർജിൽ ക്രമീകരിച്ചിരിക്കുന്ന സ്റ്റേജിലാണ് മത്സരങ്ങൾ നടത്തുന്നത്. ആറിന്റെ ഇരുകരകളിലുമുള്ള കാണികൾക്ക് പരിപാടികൾ കാണാൻ കൂടുതൽ സഹായകരമാകും. വിജയിക്കുന്ന ടീമുകൾക്ക് കാഷ് അവാർഡും ട്രോഫികളും നൽകുമെന്ന് കെ.ജി.കുര്യച്ചൻ, സാജൻ പി.ജേക്കബ്, സുനിൽ ഏബ്രഹാം, ലിയോ മാത്യു, പ്രഫ.
കെ.സി. ജോർജ്, അബ്ദുൽ നാസർ ചാത്തംകോട്ട് മാലി, രാജേഷ് കുമാർ, അബ്ദുൽ സലാം, ഡോ.
ജോസഫ് പി.വർഗീസ്, തോമസ് കെ.വട്ടുകളം എന്നിവർ പറഞ്ഞു.
വാഹന പാർക്കിങ്
∙ വള്ളംകളി ദിനമായ 27ന് സ്റ്റാർട്ടിങ് പോയിന്റായ അറവുപുഴ മുതൽ ഫിനിഷിങ് പോയിന്റായ കുളപ്പുര വരെയുള്ള റോഡരികിൽ വാഹന പാർക്കിങ് കർശനമായി നിരോധിക്കും.
ട്രാഫിക് നിയന്ത്രണം
∙ 26ന് സാംസ്കാരിക ഘോഷയാത്ര, 27ന് മത്സര വള്ളംകളി എന്നിവയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ട്രാഫിക് ക്രമീകരണങ്ങൾ പൊലീസ് നടത്തും. ടൗണിൽ നിന്നുവരുന്ന വാഹനങ്ങൾ ഉപ്പൂട്ടിക്കവലയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് വല്യങ്ങാടി വഴി കുളപ്പുര വരെയുള്ള റോഡിന്റെ ഒരുഭാഗത്തും, ഉപ്പൂട്ടിക്കവല മുതൽ ആലുംമൂട് വരെയുള്ള റോഡിന്റെ ഒരുഭാഗത്തുമായി പാർക്ക് ചെയ്യണം. കുമരകം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഇല്ലിക്കൽ മുതൽ അറവുപുഴ വരെ റോഡിന്റെ ഒരുഭാഗത്ത് മാത്രം പാർക്ക് ചെയ്യണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]