കോട്ടയം ∙ നഗരസഭയിൽ നിന്നു 2.4 കോടി രൂപ കബളിപ്പിച്ചെടുത്ത മുൻ ജീവനക്കാരൻ അഖിൽ സി.വർഗീസിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. മരിച്ചവരുടെ പെൻഷൻ അക്കൗണ്ടിലേക്കു മുൻപും ഫണ്ട് പോയിരുന്നുവെന്നും ഇതു മറയാക്കിയാണു തട്ടിപ്പു നടത്തിയതെന്നും അഖിൽ മൊഴി നൽകി.
തട്ടിപ്പിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഓഗസ്റ്റ് 27ന് ആണു വിജിലൻസ് അറസ്റ്റ് ചെയ്തത്.
കോട്ടയം നഗരസഭയിൽ ജീവനക്കാരനായിരിക്കെ പെൻഷൻ ഫണ്ടിൽനിന്ന്, അമ്മയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് 2020 ഫെബ്രുവരി 25 മുതൽ 2023 ഒക്ടോബർ 16 വരെ 2.4 കോടി അയച്ചു തട്ടിപ്പു നടത്തിയെന്നാണ് അഖിലിനെതിരെയുള്ള കേസ്. നഗരസഭയിൽ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന അവസരത്തിൽ മരിച്ച ചിലരുടെ അക്കൗണ്ടിലേക്കു പണം അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് ഇയാളുടെ മൊഴിയിൽ പറയുന്നു.
ഇതു സംബന്ധിച്ചു പരാതികളോ അന്വേഷണങ്ങളോ നടക്കുന്നില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് അമ്മയുടെ അക്കൗണ്ടിലേക്ക് പണം അയച്ചു തുടങ്ങിയതെന്നും ഇയാൾ മൊഴി നൽകി.
വൈക്കം നഗരസഭയിലേക്കു സ്ഥലംമാറ്റം കിട്ടിയിട്ടും കോട്ടയത്തെത്തി തട്ടിപ്പു തുടർന്നു. ട്രഷറിയിൽ നിന്നു സംശയം തോന്നി നഗരസഭയിൽ അന്വേഷിച്ചപ്പോഴാണു സംഭവം പുറത്തറിയുന്നത്.
തട്ടിപ്പു നടന്ന കാലയളവിൽ പെൻഷൻ ഫണ്ട് വിഭാഗം കൈകാര്യം ചെയ്ത സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം ജീവനക്കാരെയും കേസിൽ പ്രതിയാക്കുമെന്നാണു സൂചന. കൃത്യവിലോപം നടത്തിയെന്നാണു കുറ്റം.കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.ശ്രീകാന്ത് ഹാജരായി.
വിജിലൻസ് സിഐ ബി.മഹേഷ് പിള്ളയുടെ നേതൃത്വത്തിലാണു തെളിവെടുപ്പു നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]