
കോട്ടയം ∙ കനത്ത മഴ വീണ്ടും എത്തിയതോടെ ജില്ലയിൽ നാശനഷ്ടങ്ങൾ. പല സ്ഥലത്തും മണ്ണിടിഞ്ഞു.
ആറുകളിൽ ജലനിരപ്പ് ഉയർന്നു. അപകടനിലയിലേക്ക് എത്തിയിട്ടില്ല.
∙ കുമരകം
ചെങ്ങളം കുന്നുംപുറത്ത് മണ്ണിടിച്ചിൽ.
7 കുടുംബങ്ങൾ അപകടഭീഷണിയിൽ. ഒരു കുടുംബത്തെ റവന്യു വകുപ്പ് ചെങ്ങളം സെന്റ് തോമസ് പള്ളി ഹാളിലേക്കു മാറ്റി.
മറ്റു കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാൻ വകുപ്പ് നിർദേശം നൽകി. ബുധനാഴ്ച വൈകിട്ടാണു മണ്ണിടിച്ചിൽ ഉണ്ടായത്.
കുന്നിന്റെ പലഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടാകുന്ന ഭാഗത്തു സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തണമെന്ന വീട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
ജില്ലാ ഭരണകൂടം അടക്കമുള്ള അധികൃതർക്കു പരാതി നൽകിയിരുന്നെങ്കിലും സംരക്ഷണഭിത്തി നിർമിക്കാൻ നടപടി ഉണ്ടായില്ലെന്നാണു വീട്ടുകാരുടെ പരാതി.
∙ തീക്കോയി
തീക്കോയി തുമ്പശ്ശേരി ഭാഗത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. മണിയാക്കുപാറയിൽ വർക്കി ചെറിയാന്റെ വീടിന്റെ പിൻവശത്തെ ഭിത്തിയാണ് ഇന്നലെ ഉച്ചയോടെ ഇടിഞ്ഞത്.
വീട് താമസയോഗ്യമല്ലാതായതോടെ ഇവരെ ഇവിടെ നിന്നു മാറ്റി.
∙ ചാമംപതാൽ
നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിൽ 25 അടിയോളം ഉയരമുള്ള തിട്ട ഇടിഞ്ഞുവീണു.
ഓട്ടോയിൽ ആരും ഉണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30നോടെ ചാമംപതാൽ ഗവ.എൽപി സ്കൂളിന്റെ സമീപമായിരുന്നു അപകടം.
ബസ് കണ്ടക്ടറായ കുരുവിക്കൂട് തോക്കനാട് സനോജിന്റേതാണു ഓട്ടോ. ജോലിക്ക് പോകുന്നതിന് മുൻപ് രാവിലെ വാഹനം ഇവിടെയാണ് പതിവായി നിർത്തിയിടുന്നത്.
ഓട്ടോ ഭാഗികമായി തകർന്നു.
∙ വൈക്കം
മരം വീണ് വൈക്കം പുളിഞ്ചുവട് കമ്പിവേലിക്കകം കണ്ണന്തറ വീട്ടിൽ പുഷ്പവല്ലിയുടെ വീടു തകർന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
വീടിനു സമീപം നിന്നിരുന്ന തേക്ക് മരം അടുക്കള ഭാഗത്തിനു മുകളിലേക്കാണ് വീണത്. ഭിത്തിക്കും കേടുപാട് സംഭവിച്ചു.
ചങ്ങനാശേരിയിൽ ദുരിതാശ്വാസ ക്യാംപ്
കനത്ത മഴയെ തുടർന്നു ചങ്ങനാശേരി ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നഗരസഭ 18ാം വാർഡ് ഉണ്ണിത്തറ പ്രദേശത്തെ 2 കുടുംബങ്ങളാണ് ക്യാംപിലേക്ക് മാറിയത്.
ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. എസി കോളനി, മേപ്രാൽ, കോമങ്കേരിച്ചിറ, മൂലേൽപുതുവൽ, 600ൽ പുതുവൽ ഭാഗങ്ങളിൽ വെള്ളം കയറി.
മേപ്രാൽ, കോമങ്കേരിച്ചിറ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
വള്ളത്തിൽ മാത്രമേ വീടുകളിലേക്ക് പോകാൻ കഴിയൂ. മഴ തുടർന്നാൽ കുടുംബങ്ങൾക്ക് ക്യാംപുകളിലേക്കു പോകേണ്ടി വരും.
മഴ അലർട്ട് 3 താലൂക്കുകളിൽ അവധി
കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി.
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഖനനം നിരോധിച്ചു
28 വരെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം കലക്ടർ നിരോധിച്ചു. 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]