
കോട്ടയം ∙ ഏറ്റുമാനൂർ– മണർകാട് ബൈപാസിൽനിന്നു കഞ്ഞിക്കുഴി ഭാഗത്തേക്കുള്ള പ്രധാന പാതയായ തിരുവഞ്ചൂർ – ഇറഞ്ഞാൽ – കഞ്ഞിക്കുഴി റോഡ് തകർന്നു. ഏറ്റുമാനൂർ, പാലാ ഭാഗത്തുനിന്നു കോട്ടയം നഗരത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും മറ്റും എത്തുന്നതിനുള്ള എളുപ്പവഴിയാണു തകർന്നു തരിപ്പണമായത്. റോഡിന്റെ തകർച്ചയിൽ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനെയാണ് ജനം പ്രതിക്കൂട്ടിലാക്കുന്നത്.
എന്നാൽ, യഥാർഥത്തിൽ ജലഅതോറിറ്റിയാണു റോഡിന്റെ ഇപ്പോഴുള്ള അവസ്ഥയ്ക്കു പിന്നിൽ.
ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി റോഡിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനു 2 വർഷം മുൻപ് ജലഅതോറിറ്റിക്കു പൊതുമരാമത്ത് വകുപ്പ് ഈ റോഡ് കൈമാറിയിരുന്നു. അന്നു മുതൽ ഇന്നു വരെ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ജലഅതോറിറ്റി ഇനിയും തയാറായിട്ടില്ല.
ഇതാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്കു പിന്നിലെ യഥാർഥ കാരണം.
മോസ്കോ കവലയ്ക്കു സമീപം പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ജലഅതോറിറ്റി ഇനിയും പൂർത്തിയാക്കിയിട്ടുമില്ല. ഇറഞ്ഞാൽ – തിരുവഞ്ചൂർ റോഡിൽ നിന്നു വട്ടമൂട് വഴി എംസി റോഡിലേക്കുള്ള റോഡ് തുടങ്ങുന്ന അയ്മനത്തുപുഴ ജംക്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മുൻപിൽ ജലനിധി പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ചതിനെത്തുടർന്നു രൂപപ്പെട്ട
കുഴി ജനങ്ങൾക്കു തീരാദുരിതമാണു സമ്മാനിക്കുന്നത്. ചെറുതും വലുതുമായ എണ്ണിയാലൊടുങ്ങാത്ത ഒട്ടേറെ കുഴികൾ ഇതേ റോഡിൽ വേറെയും ഉണ്ട്.
റോഡ് വീണ്ടും ടാർ ചെയ്യുക എന്നതാണ് പ്രശ്നത്തിനുള്ള ശാശ്വതമായ പരിഹാരം.
ജലഅതോറിറ്റിക്കു കൈമാറിയ റോഡ് പൊതുമരാമത്ത് വകുപ്പിന് ഇനിയും തിരികെ ലഭിച്ചിട്ടില്ല. മഴ മുന്നറിയിപ്പുള്ളതിനാൽ ഓഗസ്റ്റ് 15 വരെ റോഡു മറിച്ച് പൈപ്പിടുന്നതിനു നിരോധനമുണ്ട്.
അതിനു ശേഷം മാത്രമേ പൈപ്പിടൽ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു പൊതുമരാമത്ത് വകുപ്പ് ജല അതോറിറ്റിക്കു നിർദേശം നൽകിയിരുന്നെങ്കിലും നടപ്പായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]