
നാഗമ്പടം ബസ് സ്റ്റാൻഡ് ശുചിമുറികൾക്ക് പൂട്ട്: അടച്ചുപൂട്ടിയിട്ട് മൂന്നു ദിവസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന നാഗമ്പടം ബസ് സ്റ്റാൻഡിലെ ശുചിമുറികൾ പൂട്ടിയിട്ട് ജനങ്ങളെ വലച്ച് നഗരസഭ. സ്റ്റാൻഡ് മുഴുവൻ ശുചിമുറിയുടെ ടാങ്കിൽനിന്നുള്ള മലിനജലം പരന്നൊഴുകുന്നു. ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തമുൾപ്പെടെ പകർച്ചവ്യാധികൾ കൂടിവരുന്ന സമയത്താണ് നഗരസഭയുടെ ‘ഒളിച്ചുകളി’. സ്റ്റാൻഡിൽ പ്രവേശിച്ചാൽ അണുനാശിനി ഉപയോഗിച്ച് കുളിക്കണമെന്ന അവസ്ഥയാണെന്ന് പരാതി.ശുചിമുറികളുടെ ടാങ്കുകൾക്ക് വലിപ്പമില്ലാത്തതിനാലാണ് മലിനജലം ബസ് സ്റ്റാൻഡിലൂടെ കവിഞ്ഞൊഴുകുന്നത്.
റെയിൽവേ പാളം ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കുന്നതു വരെ ടാങ്കുകളിൽ നിന്ന് കവിഞ്ഞൊഴുകുന്ന മലിനജലം സ്റ്റാൻഡിന്റെ വശത്തുള്ള ഓടയിലൂടെ പാളങ്ങൾക്ക് അടിയിലൂടെ മീനച്ചിലാറ്റിലേക്ക് ഒഴുക്കിവിടുകയായിരുന്നു ചെയ്തിരുന്നത്. റെയിൽവേ മതിൽ പണിതതിനു ശേഷം കരാറുകാരൻ ശുചിമുറി മാലിന്യം ടാങ്കർ ലോറികളിൽ കൊണ്ടു പോവുകയായിരുന്നു. എന്നാൽ നിലവിൽ കരാറുകാരില്ല. മാർച്ചിൽ നടന്ന ടെൻഡർ നടപടികളിലുണ്ടായ തർക്കം മൂലം കോടതി ഇടപെടലുണ്ടായതിനാൽ പുതിയ കരാറുകാരന് ശുചിമുറികൾ ഏറ്റെടുത്ത് നടത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 2 മാസമായി നഗരസഭ നേരിട്ടാണ് നടത്തുന്നത്.
ജീവനക്കാർ 6ന് തുറക്കുകയും 10ന് അടയ്ക്കുകയും വൈകിട്ട് 5 ന് എത്തി ഏതാനും സമയത്തേക്ക് പ്രവർത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. 10 ആകുമ്പോഴേക്കും ടാങ്ക് കവിഞ്ഞ് മാലിന്യം സ്റ്റാൻഡിലേക്ക് ഒഴുകും. ടാങ്കിന് പുറത്തേക്കുള്ള മലിന ജലമൊഴുക്ക് കുറയുമ്പോഴാണ് 5ന് വീണ്ടും തുറക്കുന്നതെന്ന് സമീപത്ത് കട നടത്തുന്നവർ പറഞ്ഞു. എന്നാൽ 3 ദിവസമായി ശുചിമുറികൾ പൂർണമായി അടച്ചിരിക്കുകയാണ്. അടിയന്തരമായി ശുചിമുറികൾ തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് വ്യാപാരികളും യാത്രക്കാരും പറഞ്ഞു.ഉടൻ ശുചിമുറികൾ തുറന്നു പ്രവർത്തിപ്പിച്ചില്ലെങ്കിൽ റോഡ് ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കും.സക്കീർഹുസൈൻ വ്യാപാരി