
കെഎസ്ആർടിസി സ്റ്റാൻഡിലെ കോൺക്രീറ്റ് തറ പൊളിച്ചപ്പോൾ അടിയിൽ കിണർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനായി സ്റ്റാൻഡിലെ കോൺക്രീറ്റ് തറ പൊളിച്ചപ്പോൾ പഴയ കിണർ കണ്ടെത്തി. ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസുകൾ നിർത്തി ആളുകളെ കയറ്റിയിറക്കിയിരുന്ന ഭാഗത്താണ് കിണർ പ്രത്യക്ഷപ്പെട്ടത്. പുതിയ ടെർമിനലിന്റെ നിർമാണത്തിനായി ഇന്നലെ രാവിലെ കോൺക്രീറ്റ് തറ മണ്ണുമാന്തി യന്ത്രം കൊണ്ട് പൊളിച്ചു മാറ്റുമ്പോഴായിരുന്നു സംഭവം.
മുൻപു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡും പരിസരവും. ഇതിലെ ഒരു കുടുംബത്തിന്റെ കിണറായിരുന്നു ഇതെന്നാണു നാട്ടുകാർ പറയുന്നത്. എംസി റോഡിനു സമീപം അന്നു പ്രവർത്തിച്ചിരുന്ന ന്യൂ തിയറ്ററിനു ( ഇപ്പോഴത്തെ സംഗീതയ്ക്ക് സമീപം) സമീപമായിരുന്നു അന്ന് കെഎസ്ആർടിസി ബസുകൾ നിർത്തി ആളുകളെ കയറ്റിയിറക്കിയിരുന്നത്.
പിന്നീട് കെഎസ്ആർടിസി സ്റ്റാൻഡ് പണിയുന്നതിനായി സ്ഥലം വാങ്ങുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന രണ്ട്, മൂന്ന് വീടുകൾ പൊളിച്ചു മാറ്റിയെങ്കിലും കിണർ സംരക്ഷിച്ചിരുന്നു. ബസുകൾ കഴുകാനും ജീവനക്കാർക്കുള്ള വെള്ളത്തിനുമായി കിണറ്റിൽ നിന്നുള്ള വെള്ളമാണ് എടുത്തിരുന്നത്. എന്നാൽ ഒരിക്കൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇടിച്ച് കിണറിലേക്ക് ഇടിച്ചിറങ്ങിയ സംഭവമുണ്ടായിട്ടുണ്ടെന്നും പഴമക്കാർ പറയുന്നു. അപകടം കണക്കിലെടുത്ത് കിണർ സ്ലാബിട്ട് മൂടുകയായിരുന്നു. പരിശോധന നടത്തി കിണർ മൂടിയതിനു ശേഷം നിർമാണം തുടരുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു.