
‘ആരാ.. ആരാ.. എന്നു ചോദിച്ചു…; തിരിച്ചറിയുമെന്നു മനസ്സിലാക്കിയപ്പോൾ അവരെയും കൊലപ്പെടുത്തി’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ തിരുവാതുക്കലിൽ വ്യവസായിയെയും ഭാര്യയെയും വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അസം ദിബ്രുഗഡ് പീത്താഗുഡി സ്വദേശി അമിത് ഉറാങ്ങിനെ (23) റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത പ്രതിയെ കോട്ടയം ജില്ലാ ജയിലിൽ അടച്ചു. കോട്ടയം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മൂന്നിലാണു പ്രതിയെ ഹാജരാക്കിയത്. തെളിവുശേഖരണത്തിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇതിനൊപ്പം അമിത്തിന് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകുന്നുണ്ട്. വിജയകുമാറിനോടുള്ള കടുത്ത വൈരാഗ്യമാണു കൊലയ്ക്കു പിന്നിൽ എന്നു ചോദ്യം ചെയ്യലിൽ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം പ്രതി ഡിവിആറുമായി പോകുന്ന ദൃശ്യം സമീപത്തെ ഒരു വീട്ടിലെ സിസിടിവിയിൽ പതിഞ്ഞതു പുറത്തു വന്നു. പൊലീസ് ഇതും പരിശോധിക്കുന്നുണ്ട്.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരെയാണു വീട്ടിലെയും ഓഡിറ്റോറിയത്തിലെയും മുൻ ജീവനക്കാരനായ അമിത് ഉറാങ് തിങ്കഴാഴ്ച രാത്രി കൊലപ്പെടുത്തിയത്. വിജയകുമാറിന്റെയും ഭാര്യ ഡോ. മീരയുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മകൾ വരുന്നതിനായാണു പൊലീസ് കാത്തിരിക്കുന്നത്. വീസ ലഭിക്കുന്നത് സംബന്ധിച്ച തടസ്സങ്ങളാണു വിദേശത്തുള്ള മകൾ വരാൻ വൈകുന്നതെന്നു പൊലീസ് പറഞ്ഞു. മരണകാരണം, സമയം തുടങ്ങിയവ കണ്ടെത്താൻ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്.
കെ.ജി.അനീഷ്, മറ്റ് അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവർ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ. ചിത്രം: മനോരമ
ക്രൂരമായ കൊലപാതകം പൊലീസിനോട് വിവരിച്ച് പ്രതി
കോട്ടയം ∙ ‘ആരാ.. ആരാ’ എന്നു ചോദിച്ചു… തന്നെ തിരിച്ചറിയുമെന്നു മനസ്സിലാക്കിയപ്പോഴാണ് അവരെയും കൂടി കൊലപ്പെടുത്താൻ തീരുമാനിച്ചത്. തിരുവാതുക്കലിലെ ഇരട്ടക്കൊലപാതക കേസിൽ വിജയകുമാറിന്റെ ഭാര്യ മീരയെ കൊലപ്പെടുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു പൊലീസിനോട് പ്രതി അമിത് ഉറാങ്ങിന്റെ വെളിപ്പെടുത്തൽ. ഇന്നലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണു പ്രതി ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്. ‘വിജയാ.. വിജയാ…’ എന്നു വിളിച്ചു കൊണ്ടു തന്നെയാണു വിജയകുമാറിനെ കൊലപ്പെടുത്തിയത്. ഈ ശബ്ദം കേട്ടാണു മീര മുറിക്ക് പുറത്ത് എത്തിയത്. തുടർന്ന് മീരയെക്കൂടി കൊലപ്പെടുത്തുകയായിരുന്നു. തന്റെ കുടുംബത്തെ നശിപ്പിക്കുകയും അവരുടെ മുന്നിൽ നാണം കെട്ടവനാക്കുകയും ചെയ്ത വിജയകുമാറിനോട് തീർത്താൽ തീരാത്ത പകയായിരുന്നു തനിക്കെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തി.
പിറ്റേന്ന് നാട്ടുകാർ കൊലപാതക വിവരം അറിയുമെന്നും ആളുകൾ ‘വിജയനെ’ മോശമായി കാണട്ടെ എന്നും കരുതിയാണ് വിവസ്ത്രനാക്കിയതെന്നും പ്രതി സമ്മതിച്ചു. വളർത്തുനായയെ മയക്കാനായി ഒന്നും നൽകിയിട്ടില്ല. തന്നെ മുൻപരിചയം ഉള്ളതിനാൽ അവ കുരയ്ക്കില്ലെന്ന് അറിയാമായിരുന്നു. എങ്കിലും വീട്ടുവളപ്പിനുള്ളിൽ കയറിയ ഉടനെ നായയുടെ അടുത്തെത്തി കയ്യിൽ കരുതിയ പലഹാരം നൽകി. സിസിടിവി ക്യാമറകളിൽ മുഖം പതിയാതിരിക്കാൻ ശ്രമങ്ങൾ നടത്തി. എന്നാൽ, നാലു ചുറ്റിലുമുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നു മുഖം മറയ്ക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയാണു ഡിവിആർ കൈക്കലാക്കിയതെന്നും പ്രതി പറഞ്ഞു.
വിജയകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിക്കുമ്പോൾ പോലും പ്രതി അമിത്, പല്ല് കടിച്ച് വൈരാഗ്യം കൊണ്ടു ചുവന്ന മുഖവുമായി, ‘വിജയൻ.. വിജയൻ’ എന്നു പല തവണ അലറി വിളിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതിക്ക് കൊല്ലപ്പെട്ട വിജയകുമാറിനോട് ഉണ്ടായിരുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത പക തന്നെയാണെന്ന് അയാളുടെ മുഖഭാവത്തിൽനിന്നു മനസ്സിലാകുമെന്ന് അന്വേഷണ സംഘം പറയുന്നു.
സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലാക്കിയതും പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതും പെൺസുഹൃത്തിന്റെ ഗർഭം അലസിപ്പോയതുമാണു പ്രതിക്കു വിജയകുമാറിനോട് തീരാത്ത പകയുണ്ടാകാൻ കാരണമെന്നു പൊലീസ് പറയുന്നു. അമിത് പറഞ്ഞ എല്ലാ കാര്യങ്ങളും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഇത്രയേറെ സുരക്ഷയുള്ള ഈ വീട്ടിൽ അനായാസം കയറി കൊല നടത്തി രക്ഷപ്പെടാമെന്നത് പൊലീസ് വിശ്വസിക്കുന്നില്ല. വിജയകുമാറിന്റെ ഭാര്യ മീരയെ കൊല്ലാൻ താൻ പദ്ധതി ഇട്ടിരുന്നില്ല എന്നതടക്കമുള്ള അമിതിന്റെ ചില മൊഴികളും പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസ്
കോട്ടയം ∙ ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. സിസിടിവി ദൃശ്യങ്ങളും ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തലുകളുമാണ് കേസിൽ നിർണായകം.
ഡിജിറ്റൽ തെളിവുകൾ
കൊലപാതകം നടന്ന വീടിന്റെ 5 കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതി ഈ സമയത്ത് വന്നു പോയതിന്റെ തെളിവുകൾ ഉറപ്പാക്കും. പ്രതി താമസിച്ച ലോഡ്ജിന്റെ സമീപത്തെ സിസിടിവി ക്യാമറകളും ശേഖരിക്കും. വീണ്ടെടുത്ത ഡിവിആറിൽ നിന്നു ദൃശ്യങ്ങൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. മൊബൈൽ ലൊക്കേഷനുകൾ മറ്റൊരു പ്രധാന തെളിവാണ്. സ്വന്തം പേരിലുള്ള 10 സിം കാർഡുകളാണ് പ്രതിക്കുള്ളത്. ഇവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി പ്രാദേശിക സഹായത്തിന്റെ സാധ്യതയും പരിശോധിക്കും.
ഫൊറൻസിക് തെളിവുകൾ
മൃതദേഹങ്ങളിൽ നിന്നും കൊലപാതകം നടന്ന വീട്ടിൽ നിന്നും ഒട്ടേറെ സാംപിളുകൾ ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. മൃതദേഹത്തിൽ നിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന മുടി നാരും വിരലടയാളങ്ങളും ലഭിച്ചു. ഇവ പ്രതിക്കെതിരെയുള്ള ശക്തമായ തെളിവാകും.
ബെംഗളൂരുവിന് ടിക്കറ്റ് ലഭിച്ചില്ല; താമസിച്ചത് വിജയകുമാറിന്റെ ലോഡ്ജിൽ
കോട്ടയം ∙ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കട്ടപ്പനയിൽനിന്നു കോട്ടയം വഴി ബെംഗളൂരുവിലേക്കു പോകാനായാണു പ്രതി അമിതും പെൺസുഹൃത്തും കോട്ടയത്ത് എത്തുന്നത്. എന്നാൽ, ബെംഗളൂരു ടിക്കറ്റ് ലഭിക്കാത്തതിനാൽ ഇവർ വിജയകുമാറിന്റെ ലോഡ്ജിൽ താമസിച്ചു. ഇവരെ കണ്ട വിജയകുമാർ ജോലി വാഗ്ദാനം നൽകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇവരെ സംബന്ധിച്ചു വേണ്ടത്ര വിവരങ്ങൾ വിജയകുമാർ ശേഖരിക്കാതെയാണു ജോലി നൽകിയതെന്നും പൊലീസ് അറിയിച്ചു.