
വായ്പ തിരിച്ചടവ് ഒരു ഗഡു മുടങ്ങിയതിന് ഹൃദ്രോഗിയായ ഗൃഹനാഥനെ ആക്രമിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാന്ധിനഗർ∙ വായ്പയെടുത്ത തുകയുടെ ഗഡു അടയ്ക്കാൻ വൈകിയതിന് സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരൻ ഹൃദ്രോഗിയായ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു. ആർപ്പൂക്കര പനമ്പാലത്തിനു സമീപം പാറപ്പുറത്ത് ആറാട്ടുകുന്നേൽ സുരേഷിനാണ് (55) മർദനമേറ്റത്. സംഭവത്തിൽ പള്ളം നെടുമ്പറമ്പിൽ ജാക്സൺ എൻ.മാർക്കോസിനെ (27)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
ജാക്സണും മറ്റൊരാളുമായി സുരേഷിന്റെ വീട്ടിലെത്തുകയും സുരേഷ് സ്ഥാപനത്തിൽ നിന്ന് എടുത്ത വായ്പയുടെ തവണ മുടങ്ങിയതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടർന്ന് വാക്കുതർക്കമായി. ഇതിനിടെ ജാക്സൺ വീടിന്റെ മുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ട് നിർമിച്ച ആനയുടെ പ്രതിമയെടുത്ത് സുരേഷിനെ ആക്രമിച്ചു. തുടർന്ന് വീട്ടിലെ സാധനങ്ങൾ തകർക്കുകയും ചെയ്തു.
മർദനത്തിൽ സുരേഷിന്റെ ഇടതു ചെവിക്ക് സാരമായ പരുക്കേറ്റു. വായ്പയുടെ ഒരു ഗഡു അടവ് മുടങ്ങിയതിനാണ് ജീവനക്കാരൻ ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. പതിനായിരം രൂപയാണ് സുരേഷ് ഇനി തിരിച്ചടയ്ക്കാനുള്ളത്. മരപ്പണിക്കാരനാണ് സുരേഷ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റി ചികിത്സ നടത്തിയിരുന്നു.
ഇതിനെ തുടർന്നാണ് പണം അടയ്ക്കാൻ വൈകിയതെന്ന് സുരേഷ് സ്ഥാപനത്തിലെ ജീവനക്കാരനെ അറിയിച്ചിരുന്നു. എന്നാൽ ഇയാൾ പണം ആവശ്യപ്പെട്ട് വീട്ടിലെത്തി അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥ ഉണ്ടായതിനെ തുടർന്ന് സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാക്സണെ അറസ്റ്റ് ചെയ്തതായും ഇന്ന് കോടതിൽ ഹാജരാക്കുമെന്നും ഗാന്ധിനഗർ പൊലീസ് അറിയിച്ചു.