അതിരമ്പുഴ∙ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ഇന്നു വൈകിട്ട് 5.30നു നടക്കും. വലിയ പള്ളിയിൽ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം ചെറിയ പള്ളിക്കു വലം വച്ച് തിരികെയെത്തി വലിയ പള്ളിയും ചുറ്റി സമാപിക്കും.
ഇരുപതിലേറെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ വഹിക്കും. ഏറ്റവും മുന്നിൽ ഉണ്ണീശോയുടെയും ഏറ്റവും പിന്നിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങളാണ് എഴുന്നള്ളിക്കുക.
പൊൻ – വെള്ളി കുരിശുകളും കൊടികളും മുത്തുക്കുടകളും ചുരുട്ടി, തഴക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയ പരമ്പരാഗത അകമ്പടിക്കൂട്ടങ്ങളും ചെണ്ടമേളം ബാൻഡ് മേളം എന്നിവയും അകമ്പടിയേകും.
വലിയ പള്ളിക്കും ചെറിയ പള്ളിക്കുമിടയിൽ ജോൺ പോൾ രണ്ടാമൻ നഗറിൽ ഇരുവശങ്ങളിലായി നിരന്ന നൂറുകണക്കിന് മുത്തുക്കുടകൾക്കു മധ്യേ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ അണിനിരക്കുന്ന ഭക്തി നിർഭരമായ കാഴ്ച കാണാൻ ഭക്തസഹസ്രങ്ങൾ ഇന്ന് അതിരമ്പുഴയിലേക്ക് ഒഴുകിയെത്തും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.
വെടിക്കെട്ട്: അര നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ചേർപ്പുങ്കൽ സെറ്റ്
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ തിരുനാളിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് അതിരമ്പുഴ വെടിക്കെട്ട്.
തൃശൂർ പൂരം കഴിഞ്ഞാൽ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് അതിരമ്പുഴ വെടിക്കെട്ട് അറിയപ്പെട്ടിരുന്നത്. പല സെറ്റുകളായി മത്സര വെടിക്കെട്ട് ആയിരുന്നു പണ്ട് നടന്നിരുന്നത്.
ശബ്ദത്തിനു പ്രാധാന്യം നൽകിയായിരുന്നു അന്നത്തെ വെടിക്കെട്ട്. എന്നാൽ നിയന്ത്രണങ്ങൾ വന്നതോടെ ഇപ്പോൾ വർണങ്ങൾക്കു പ്രാധാന്യം നൽകിയുള്ള കരിമരുന്ന് കലാപ്രകടനമായി വെടിക്കെട്ട് മാറി. മുഴക്കം അൽപം കുറഞ്ഞാലും വെടിക്കെട്ടിന്റെ പ്രൗഢിക്ക് ഇപ്പോഴും കുറവു വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്നും വെടിക്കെട്ടു കാണാനെത്തുന്നവരുടെ തിരക്ക്. ഇന്ന് തിരുനാൾ പ്രദക്ഷിണം സമാപിച്ചാൽ ഉടൻ അതിരമ്പുഴയുടെ ആകാശത്ത് വർണവിസ്മയം വിരിയും.
ഇക്കുറിയും ചേർപ്പുങ്കൽ സെറ്റാണ് വെടിക്കെട്ട് ഒരുക്കുന്നത്. അതിരമ്പുഴയിൽ അര നൂറ്റാണ്ട് വെടിക്കെട്ട് നടത്തിയ പാരമ്പര്യമുള്ള ചേർപ്പുങ്കൽ സെറ്റ് ഒരു മാസം നീണ്ട
ഒരുക്കത്തിനു ശേഷമാണ് ഇന്ന് ആകാശ വിസ്മയത്തിന് ഇറങ്ങുന്നത്. ആദ്യത്തെ തിരി പുണ്യാളനു സമർപ്പിച്ചാണ് തുടക്കം.
ലാത്തിരിയിൽ തുടങ്ങി ലാത്തിരിയിൽ അവസാനിക്കുന്ന കരിമരുന്ന് കലാപ്രകടനമാണ് നടക്കുക. ഇടയിൽ മത്താപ്പൂ, പൂത്തിരി, എലിവാണം, ഓലപ്പടക്കം, ചെറിയ ഡൈനമൈറ്റുകൾ തുടങ്ങിയവയും ഉണ്ടാകും.
പതിവു തെറ്റാതെ ചാണ്ടി ഉമ്മൻ എംഎൽഎ
അതിരമ്പുഴ∙ വർഷങ്ങളായുള്ള പതിവ് ഇത്തവണയും ചാണ്ടി ഉമ്മൻ എംഎൽഎ മുടക്കിയില്ല.
തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തിൽ ഏലയ്ക്കാ മാല ചാർത്താൻ അദ്ദേഹം ഇന്നലെ എത്തി. കഴുന്ന് സമർപ്പണത്തിനു ശേഷമാണ് മടങ്ങിയത്.
അതിരമ്പുഴയിൽ ഇന്ന്
രാവിലെ 5.15നു (ചെറിയ പള്ളിയിൽ ) കുർബാന – ഫാ.
അലൻ മാലിത്തറ, 5.45നു കുർബാന (വലിയ പള്ളി) – ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. 7.45നു (വലിയ പള്ളി) കുർബാന – ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ ഫാ.
ഡോ. മാത്യു ചങ്ങങ്കരി, 10നു തിരുനാൾ റാസ – കോട്ടയം ലൂർദ് ഫൊറോനാ പള്ളി അസി.
വികാരി ഫാ. ടോണി കോയിൽ പറമ്പിൽ, വചന സന്ദേശം – ഫാ.
ജിനോ പുന്നമറ്റത്തിൽ, 2നു (വലിയപള്ളി) കുർബാന – ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക അസി. വികാരി ഫാ.
ബിനിൽ പഞ്ഞിപ്പുഴ. 4നു (വലിയ പള്ളിയിൽ) കുർബാന – ചങ്ങനാശേരി കോർപറേറ്റ് മാനേജർ ഫാ.
ഡോ. ജോബി മൂലയിൽ, 5.30നു തിരുനാൾ പ്രദക്ഷിണം, 7.45നു സമാപന ആശീർവാദം, 8.30ന് അതിരമ്പുഴ വെടിക്കെട്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

