കുറവിലങ്ങാട്∙ ചരിത്രത്തിന്റെയും പാരമ്പര്യങ്ങളുടെയും നിറകൽഭരണികൾ തുറന്ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ ‘ചരിത്രവഴികളിലൂടെ’ സംഗമം. നിധീരിക്കൽ മാണിക്കത്തനാർ പണികഴിപ്പിച്ച വൈദിക മന്ദിരത്തിലെ യോഗ ഹാളിലിരുന്ന് കുട്ടികൾക്കായി കഥകളും വിശ്വാസങ്ങളും ഇടവകയിലെ വൈദികരും മുതിർന്നവരും പങ്കുവച്ചു.
ദേവാലയത്തിലെ മൂന്ന് നോമ്പ് തിരുനാളിനോടനുബന്ധിച്ച് മലയാള മനോരമ ഒരുക്കിയ സംഗമത്തിൽ കുട്ടികൾ സംശയങ്ങളുടെ കെട്ടഴിച്ചു.
മൂന്നു നോമ്പിനെക്കുറിച്ച്, ബാവുസയെക്കുറിച്ച്, ദേവാലയ നിർമാണത്തെക്കുറിച്ചെല്ലാം അവർക്കറിയണമായിരുന്നു. സീനിയർ അസിസ്റ്റന്റ് വികാരി ഫാ.
ജോസഫ് മണിയഞ്ചിറ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ, ജോർജ് നരിവേലിൽ, പി.ജെ.ജയിംസ് പുന്നത്താനത്ത് എന്നിവർ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.
അസി. വികാരിമാരായ ഫാ.
ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, ഫാ.
ആന്റണി വാഴക്കാലായിൽ, മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു എന്നിവർ പ്രസംഗിച്ചു.
മാതാവിന്റെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് ?
ഒന്നാം നൂറ്റാണ്ട്. പതിവുപോലെ ആടുകളെ മേയ്ക്കാൻ മലമ്പ്രദേശത്ത് കയറിയതാണ് ഒരുപറ്റം കുട്ടികൾ.
ഉച്ചയായതോടെ വെയിൽ കനത്തു. ഭക്ഷണവും പിന്നാലെ വെള്ളവും തീർന്നു.
പല നീർച്ചാലുകളിലേക്കു നടന്നെത്തിയെങ്കിലും വെള്ളം കിട്ടിയില്ല. വിശന്നുവലഞ്ഞ കുഞ്ഞുങ്ങൾ പ്രാർഥന തുടങ്ങി.
അതുവരെ മറ്റാരുമില്ലാതിരുന്ന അവിടെ കയ്യിൽ കുരിശേന്തിയ ഉണ്ണിയെ കയ്യിലേന്തി ഒരു സ്ത്രീ (മുത്തിയമ്മ) പ്രത്യക്ഷയായി. കുട്ടികളുടെ സങ്കടം കേട്ട
അവർ മണ്ണിൽനിന്ന് കല്ലുകൾ പെറുക്കിയെടുത്ത് അവർക്കുനേരെ നീട്ടി. അദ്ഭുതകരമായി അതവരുടെ മുന്നിൽ രുചിയേറിയ അപ്പങ്ങളായി മാറി.
മുത്തിയമ്മ കൈകൊണ്ട് മണ്ണുനീക്കിക്കൊടുത്ത ഇടത്തു നിന്ന് പുറത്തേക്കൊഴുകിയ തെളിനീര് കുടിച്ച് കുട്ടികൾ ദാഹവുമകറ്റി. സ്വർഗാരോപിതയായ ശേഷം പരിശുദ്ധ കന്യകാമറിയം ലോകത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട
സംഭവമാണ് ഇതെന്നാണ് വിശ്വാസം. വീടുകളിലെത്തിയ കുട്ടികൾ പറഞ്ഞ വിവരണം കേട്ട
രക്ഷിതാക്കൾ മുത്തിയമ്മയെ കാണാനും സത്യം എന്തെന്ന് അറിയാനുമായി കാട്ടിലേക്കോടി. കൊടുംവേനലിൽ കുട്ടികൾക്ക് വെള്ളംകിട്ടിയ കുഞ്ഞുകുഴി നിറയെ വെള്ളം.!
അദ്ഭുതത്തോടെ നിന്നവർക്ക് മുൻപിൽ മുത്തിയമ്മ വീണ്ടും പ്രത്യക്ഷപ്പെട്ട് ദേവാലയം (ഇപ്പോഴത്തെ വലിയപള്ളി) സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിശ്വാസം. എഡി 105 ഓടെയാണ് മാതാവിന്റെ നിർദേശപ്രകാരം പള്ളി നിർമിക്കുന്നത്.
അതേസ്ഥാനത്ത് പുതുക്കിപ്പണിത പള്ളിയുടെ വെഞ്ചരിപ്പ് എഡി 345ൽ എഡേസയിൽ നിന്നുവന്ന യൗസേപ്പ് മെത്രാൻ നിർവഹിച്ചെന്നാണ് പാരമ്പര്യം. അതിന്റെ സ്ഥാനത്താണ് ഇപ്പോഴുള്ള തെക്കേ സങ്കീർത്തിയുള്ളത്.
മുത്തിയമ്മയുടെ രൂപം ഇവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പിന്നീട് പലതവണ നവീകരണ പ്രവർത്തനങ്ങളും വിപുലീകരണവും നടന്നു.
കപ്പൽ പ്രദക്ഷിണവും ബാവുസ പ്രാർഥനയും?
പാപം ചെയ്ത നിനവേ നിവാസികളെ പിന്തിരിപ്പിക്കാൻ പോകണമെന്ന ദൈവത്തിന്റെ നിർദേശം ലംഘിച്ച് മറ്റൊരിടത്തേക്ക് കപ്പൽ കയറിയ പ്രവാചകനായിരുന്നു യോനാ.
യാത്രാമധ്യേ കടൽ കലുഷിതമായി. യോനാ ദൈവനിർദേശം ലംഘിച്ചതാണ് കാരണമെന്ന മനസ്സിലാക്കി കപ്പലിലുള്ളവർ അദ്ദേഹത്തെ കടലിൽ എറിഞ്ഞു.
ഒരു തിമിംഗലം അദ്ദേഹത്തെ വിഴുങ്ങി. 3 രാവും പകലും തിമിംഗലത്തിനുള്ളിൽ ഇരുന്നു പ്രാർഥിച്ച അദ്ദേഹത്തെ തിമിംഗലം നിനവേ തീരത്ത് ഛർദിച്ചു.
പ്രവാചകന്റെയും നിനവേക്കാരുടെ മാനസാന്തര പ്രാർഥനയെ മാതൃകയാക്കിയാണ് 3 ദിവസം നോമ്പും അനുതാപവുമായി മൂന്ന് നോമ്പ് ആചരിക്കുന്നത്. പണ്ടുകാലത്ത് പള്ളിക്കു ചുറ്റും കുടിലുകെട്ടിയാണ് വിശ്വാസികൾ നോമ്പിലും തിരുനാളിലും പങ്കെടുത്തിരുന്നത്.
യോനാ പ്രവാചകന്റെ കപ്പൽ യാത്രയും തുടരനുഭവങ്ങളും ആവിഷ്കരിക്കുന്ന കപ്പൽ പ്രദക്ഷിണം മൂന്നു നോമ്പിന്റെ ചൊവ്വാഴ്ചയാണ് നടക്കുന്നത്. കടൽക്ഷോഭത്തിൽ അകപ്പെട്ടപ്പോൾ കുറവിലങ്ങാട് മുത്തിയമ്മയെ വിളിച്ചു പ്രാർഥിക്കുകയും കപ്പലിന്റെ മാതൃക പള്ളിക്കു നൽകാമെന്ന് നേർച്ച നേരുകയും ചെയ്ത കടപ്പൂർ നിവാസികളാണ് പ്രദക്ഷിണത്തിൽ കപ്പൽ വഹിക്കുന്നത്.
തിരുസ്വരൂപങ്ങൾ കാളികാവ് കരക്കാരും കണിവേലിൽ കുടുംബക്കാർ മുത്തുക്കുടകളുമെടുക്കും.നിനവേക്കാരുടെ രോദനം എന്നർഥം വരുന്ന ‘ബാവുസ പ്രാർഥന’ ഇത്തവണ ചൊല്ലാൻ ആരംഭിക്കും. രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതം 3 ദിവസങ്ങളിലും പ്രാർഥനയുണ്ടാകും. സുറിയാനി പണ്ഡിതരുടെ സഹായത്തോടെയാണ് പ്രാർഥനയുടെ മലയാള പരിഭാഷ പൂർത്തിയാക്കിയത്.
തോമാശ്ലീഹായും അർക്കദിയാക്കോന്മാരും കുറവിലങ്ങാടുമായുള്ള ബന്ധം?
പള്ളിയിലെ, മട്ടം കയ്യിലേന്തിയ തോമാശ്ലീഹായുടെ രൂപം മരപ്പണിക്കായാണ് അദ്ദേഹം ഭാരതത്തിലേക്ക് വന്നത് എന്നതിന്റെ ഓർമപ്പെടുത്തലാണ്. അദ്ദേഹത്തിൽ നിന്ന് മാമ്മോദീസ സ്വീകരിച്ച കള്ളി, കാളികാവ്, ശങ്കരപുരി, പകലോമറ്റം എന്നീ 4 കുടുംബക്കാരും പിന്നീട് മൈലാപ്പൂരിൽ നിന്നുവന്ന് കടപ്പൂർ കരയിൽ താമസമാക്കിയ വലിയവീട്, കത്തേടത്ത്, പുതുശേരി, ചെമ്പൻകുളം, മഞ്ചേരി എന്നിവരും ചേർന്നാണ് ക്രൈസ്തവ സമൂഹത്തിന് കുറവിലങ്ങാട് അടിത്തറ പാകിയത്. അവിഭക്ത സഭാ നേതാക്കളായിരുന്ന അർക്കദിയാക്കോന്മാർ പകലോമറ്റം തറവാട്ടിൽ നിന്നുള്ളവരാണ്.
ഇന്ത്യയിലെ മുഴുവനിലെയും മാർത്തോമ്മാ നസ്രാണികളുടെ മേൽ ഇവർക്ക് അധികാരമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
14ാം നൂറ്റാണ്ടിലാണത്. വിശുദ്ധ ജീവിതത്തിലൂടെ സഭയ്ക്ക് വെളിച്ചമായ പനങ്കുഴയ്ക്കൽ വല്യച്ചന്റെയും ഇന്ത്യ മുഴുവന്റെയും മെത്രാൻ എന്നറിയപ്പെട്ടിരുന്ന, ആദ്യ തദ്ദേശീയ മെത്രാനായ പറമ്പിൽ ചാണ്ടി മെത്രാന്റെയും സഭയുടെ പുനരൈക്യത്തിനായി അഹോരാത്രം യത്നിച്ച നിധീരിക്കൽ മാണിക്കത്തനാരുടെയും ഓർമകളും സംഗമത്തിൽ ഉയർന്നു.
∙ പങ്കെടുത്ത വിദ്യാർഥികളിൽ ജിയന്ന ജോർജ്, ബെഞ്ചമിൻ
രാജു, ഹന്ന മരിയ ഷൈജു, അലീന സിറിൾ, അന്ന എലിസബത്ത് റോണി എന്നിവരാണ് ചോദ്യങ്ങൾ ചോദിച്ചത്.
മൂന്നുനോമ്പ് തിരുനാൾ ഇന്ന് കൊടിയേറും
കുറവിലങ്ങാട് ∙ വിശ്വാസ തീവ്രതയിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാൾ ഇന്ന് കൊടിയേറും. നാളെ മുതൽ കുറവിലങ്ങാടിന്റെ മണ്ണിലേക്ക് പതിനായിരക്കണക്കിനു തീർഥാടകരുടെ പ്രവാഹം.
നാളെ മുതൽ 28 വരെയാണ് മൂന്നുനോമ്പ് തിരുനാൾ. 27ന് ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം.
മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായുള്ള ബാവുസ നമസ്കാരമാണ് ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകത. ബാവുസ നമസ്കാരം പഴയകാലത്ത് മൂന്നുനോമ്പ് തിരുനാളിന്റെ പ്രധാന കർമമായിരുന്നു.
പൗരസ്ത്യ സഭകൾ ഏറെ പ്രാധാന്യത്തോടെ ആചരിക്കുന്ന മൂന്നുനോമ്പിന്റെ എല്ലാ ദിവസങ്ങളിലും പള്ളിയിലെത്തി പൂർണ സമയവും പ്രാർഥനകളാൽ നിറച്ചിരുന്നു. മൂന്നുനോമ്പിന്റെ 3 ദിനങ്ങളിലും പള്ളിയിൽ ഭജനമിരുന്ന് പൗരസ്ത്യ പിതാക്കന്മാരുടെ പ്രാർഥനകൾ ഉൾപ്പെടെയുള്ള നമസ്കാരങ്ങൾ ചൊല്ലുന്നത് മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യ ശൈലിയായിരുന്നു. രാവിലെയും വൈകിട്ടുമാണ് നമസ്കാരം നടത്തുന്നത്.
ഇന്ന് രാവിലെ 6.45ന് ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.തോമസ് മേനാച്ചേരി കൊടിയേറ്റും. തുടർന്ന് 4.30 വരെ വിവിധ സമയങ്ങളിൽ കുർബാന.
നാളെ 8.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ,10ന് ബാവുസ നമസ്കാരം, ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.തോമസ് മേനാച്ചേരി, 2.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് തിരികെ മാർത്തോമ്മാ സ്ലീവ പേടകത്തിലേക്കു മാറ്റും. വൈകിട്ട് 8.15ന് പകലോമറ്റം,കുര്യനാട്,തോട്ടുവാ,കോഴാ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങളും പള്ളിയിൽ നിന്നുള്ള പ്രദക്ഷിണവും ജൂബിലി കപ്പേളയിൽ സംഗമിക്കും.
തുടർന്ന് ലദീഞ്ഞ്. രണ്ടാം ദിനമായ 27ന് 9ന് ആനവായിൽ ചക്കര നേർച്ച ആശീർവാദം,9.30ന് ബാവുസ നമസ്കാരം, 10.30ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും.
ഉച്ചയ്ക്ക് ഒന്നിന് ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം.കപ്പൽ പ്രദക്ഷിണം നടക്കുന്നത്.യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിയ്ക്കുന്ന ചടങ്ങാണ് കപ്പൽ പ്രദക്ഷിണം. നൂറ്റാണ്ടുകളായി തുടരുന്ന ആചാരരീതികളിൽ അണുവിട വ്യത്യാസം വരുത്താതെ കടപ്പൂര് നിവാസികളാണ് കപ്പൽ വഹിക്കുന്നത്.
തിരുസ്വരൂപങ്ങൾ കാളികാവ് കരക്കാരും മുത്തുക്കുടകൾ മുട്ടുചിറയിലെ കണിവേലിൽ കുടുംബക്കാരും വഹിക്കും. വൈകിട്ട് 6ന് കടപ്പൂര് കരക്കാരുടെ വെച്ചൂട്ട്.
കാളികാവ്, കുറവിലങ്ങാട് കരക്കാരും കണിവേലിൽ,കരോട്ടെക്കുന്നേൽ കുടുംബക്കാരും നേർച്ചയുണ്ടാക്കി വിളമ്പി നൽകും.6.15ന് അവകാശങ്ങൾ കൈമാറുന്ന ചടങ്ങ്. 28ന് 10.30ന് റാസ,6ന് പ്രദക്ഷിണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

