കോട്ടയം ∙ ശ്വാസകോശം ഇനി വെറും സ്പോഞ്ചുപോലെയല്ല; കോട്ടയം മെഡിക്കൽ കോളജിന്. അതു കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെയും ചരിത്രത്തിൽ കോട്ടയത്തെ സ്വർണത്തിളക്കത്തിൽ എഴുതിച്ചേർത്ത അപൂർവ അവയവമാണ്!
സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും മെഡിക്കൽ കോളജ് ആയി കോട്ടയം മാറി. പ്രധാന മൂന്ന് അവയവങ്ങൾ ഒരേ ദിവസം മാറ്റിവച്ചെന്ന തിളക്കം വേറെ.
കഴിഞ്ഞദിവസം മസ്തിഷ്കമരണം സ്ഥിരീകരിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസർ തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് എ.ആർ.അനീഷിന്റെ (38) അവയവങ്ങളാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജയകരമായി മാറ്റിവച്ചത്.
ശ്വാസകോശം, ഹൃദയം, ഒരു വൃക്ക എന്നിവ മൂന്നുപേരിൽ തുടിച്ചു തുടങ്ങി. രണ്ട് നേത്രപടലങ്ങൾ ഐ ബാങ്കിലേക്കു മാറ്റി.
അനീഷിന്റെ രണ്ടാമത്തെ വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും രണ്ടു കൈകൾ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മറ്റു ജീവനുകളിൽ തുന്നിച്ചേർക്കാനായി കൊണ്ടുപോയി.
പാരക്വാറ്റ് കളനാശിനി ഉള്ളിൽ ചെന്നു ശ്വാസകോശം തകരാറിലായ മുണ്ടക്കയം സ്വദേശി ദിവ്യയ്ക്കാണ് (27) ശ്വാസകോശം മാറ്റിവച്ചത്. എറണാകുളം സ്വദേശി എം.എം.മാത്യുവിന് (57) ഹൃദയവും; പത്തനംതിട്ട
സ്വദേശി അജിത്കുമാറിനാണ് (34) വൃക്കയും. ശസ്ത്രക്രിയകൾ വിജയമാണെന്നും 48 മണിക്കൂർ സമയം നിരീക്ഷണം ആവശ്യമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാത്രി 11.30ന് ആരംഭിച്ച ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ പുലർച്ചെ ആറുമണി. ഇതേ ശസ്ത്രക്രിയ ഇതിനു മുൻപു നടന്ന ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ചെന്നൈ ഗവ.
സ്റ്റാൻലി മെഡിക്കൽ കോളജ് എന്നിവയ്ക്കൊപ്പം കോട്ടയവും മറ്റൊരു സൂര്യനായി ഉദിക്കുകയായിരുന്നു അപ്പോൾ!
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യത്തെ കരൾ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതും കോട്ടയം മെഡിക്കൽ കോളജിലാണ്. 23ന് നടന്നത് 250–ാം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും.
മിഷൻ മെഡിക്കൽ കോളജ്:
യശസ്സുയർത്തിയത് ഈ മെഡിക്കൽ സംഘം
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി (സിവിടിഎസ്) വിഭാഗം തലവനും ആശുപത്രി സൂപ്രണ്ടുമായ ഡോ.
ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ശ്വാസകോശം, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. തൊറാസിക് സർജൻമാരായ ഡോ.
അരവിന്ദ് പി.രാമൻ, ഡോ. വിനീത വി.നായർ, അനസ്തീസിയ വിദഗ്ധരായ ഡോ.
സഞ്ജീവ് തമ്പി, ഡോ. തോമസ് പി.ജോർജ്, ഡോ.
മഞ്ജുഷ എൻ.പിള്ള, പിജി ഡോക്ടർമാരായ ഡോ. ആദിനാരായണൻ കിഷോർ, ഡോ.
പി.ബി.നൗഫൽ, ഡോ. ജീവൻ ജോസഫ് ജോയി, ഡോ.
ആർ.ഷീബ, പെർഫ്യൂഷനിസ്റ്റ് വിഷ്ണു വേണു എന്നിവരും ശ്വാസകോശം, ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയകളിൽ പങ്കെടുത്തു.
വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ ഡോ. എ.ടി.രാജീവൻ, ഡോ.
ഫ്രെഡറിക് പോൾ, ഡോ. സുജിത് ജോസ്, നോഡൽ ഓഫിസർ ഡോ.
വി.ഉണ്ണിക്കൃഷ്ണൻ, ഡോ. കെ.എസ്.സജീവ് കുമാർ, അനസ്തീസിയ വിദഗ്ധരായ ഡോ.
ആർ.സേതുനാഥ്, ഡോ. എൻ.സഞ്ജീവ്, ഡോ.
പ്രിയ ചന്ദ്രൻ, ഡോ. എം.എ.അഫ്രീന, ഡോ.
എം.അഭിജിത്ത് എന്നിവരും പിജി ഡോക്ടർമാരായ ഡോ. ആർ.അർജുൻ, ഡോ.
ജസ്മോൻ തോമസ്, സുജിത് എം.ജോസ്, ഡോ. എ.ടി.രാജീവൻ, ഡോ.
ചെറി ജോൺ എന്നിവരും പങ്കെടുത്തു. നേത്രപടലങ്ങൾ നേത്രരോഗ വിദഗ്ധരായ ഡോ.
ഡോണ മരിയ പോൾ, ഡോ. സി.പി.
പ്രവീൺ എന്നിവർ ചേർന്നാണ് നേത്ര ബാങ്കിലേക്ക് മാറ്റിയത്.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി,പുന്നൂസ്, ഡപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.
ആർ.രതീഷ് കുമാർ, ഡോ. അഞ്ജലി പ്രേം, ഡോ.
സിറിൽ ജേക്കബ്, ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആശുപത്രി ഭരണ വിഭാഗം നടപടികൾ ഏകോപിപ്പിച്ചു.
ഇതിനൊപ്പം വിവിധ വിഭാഗങ്ങളിലെ അൻപതോളം നഴ്സിങ് സംഘവും മറ്റു സാങ്കേതിക വിദഗ്ധരും നടപടികൾക്ക് ഒപ്പം നിന്നു. ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയ മെഡിക്കൽ ടീമിനെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
അവയവദാനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് അനീഷിന്റെ ബന്ധുക്കളും മറ്റുമായി ആശയവിനിമയം നടത്തിയതും തീരുമാനങ്ങൾ വേഗത്തിലാക്കിയതും ന്യൂറോളജി വിഭാഗം പ്രഫസർ ഡോ. ടിനു രവി മാമ്മൻ, ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്റർമാരായ ജിമ്മി ജോർജ്, നീതു പി.തോമസ് എന്നിവരാണ്.
അവയവദാനം: അനീഷിന്റെ ആഗ്രഹം പൂർത്തീകരിച്ച ആശ്വാസവുമായി സഹോദരിമാർ
കോട്ടയം ∙ മോർച്ചറി വരാന്തയിലെ ബെഞ്ചിൽ രണ്ടുപേർ അനീഷിനെ കാത്തിരിക്കുന്നുണ്ടായിരുന്നു; ചേച്ചി ലക്ഷ്മിയും അനിയത്തി അഞ്ജുവും.
മരണത്തിനു ശേഷവും മറ്റുള്ളവർക്ക് താങ്ങാവുക എന്ന സഹോദരന്റെ ആഗ്രഹം അവയവദാനത്തിലൂടെ സാധിച്ചുകൊടുക്കാൻ പറ്റിയെന്നു സ്വയം ആശ്വസിക്കുന്നുണ്ട് ഇരുവരും. അവയവദാനത്തിനു വേണ്ടിയുള്ള റജിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്ന അനീഷ് സഹോദരിമാരോടും റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
നവംബറിലെ ഒത്തുകൂടലിന് അനീഷ് ഇല്ല
കോട്ടയം ∙ വിയ്യൂരിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനൽ അഡ്മിനിസ്ട്രേഷന്റെ (സിക്ക) 2012 ട്രെയ്നിങ് ബാച്ചിൽ 34 പേരാണുള്ളത്.
നവംബർ നാലിന് ഈ ബാച്ചിന്റെ കൂട്ടായ്മയ്ക്ക് 33 പേർ മാത്രമേ എത്തൂ. പൂജപ്പുര സെൻട്രൽ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസറായ എ.ആർ.അനീഷിന്റെ മരണത്തോടെ നഷ്ടമായത് ഈ സംഘത്തിലെ ഒരംഗത്തെയാണ്.
ഈ ബാച്ചിലെ 20 പേർ കോട്ടയം മെഡിക്കൽ കോളജിൽ ഓടിയെത്തി. അനീഷിന്റെ കുടുംബാംഗങ്ങൾക്കു താങ്ങായി ഇന്നലെ ഇവരുണ്ടായിരുന്നു.
ട്രെയിനിങ്ങിനു ശേഷം പല ജില്ലകളിലാണു നിയമനം ലഭിച്ചതെങ്കിലും എല്ലാ വർഷവും ഈ 34 പേർ ഒത്തുകൂടുമായിരുന്നു.
തിരുവനന്തപുരം ശൈലിയിൽ തമാശ കലർത്തി സംസാരിക്കുന്ന അനീഷ് സംഘത്തിലെ ഏറ്റവും രസികനായിരുന്നു എന്ന് ബാച്ച് മേറ്റ്സായ ടി.കെ.ദിനേശനും പി.എസ്.വിനോദും ട്രെയ്നിങ് കാലയളവിൽ ഇവരുടെ അതേ മുറിയിൽ താമസിച്ചിരുന്ന പി.പി.ജലീലും ഓർമിക്കുന്നു. സിക്കയിലെ ട്രെയ്നിങ് സമയത്താണ് അവയവ ദാനത്തിനായി അനീഷ് റജിസ്റ്റർ ചെയ്യുന്നതെന്നും ഇവർ പറഞ്ഞു.
പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിനുശേഷം അനീഷിന്റെ മൃതദേഹത്തിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചാണ് ഇവർ മടങ്ങിയത്.
ഇതുവരെ 250 വൃക്ക മാറ്റിവയ്ക്കൽ, 11 ഹൃദയം മാറ്റിവയ്ക്കൽ, 7 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ
കോട്ടയം ∙ 2002 ജൂണിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. നെഫ്രോളജി വിഭാഗത്തിലെ ഡോ.
കെ.പി. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ആ ശസ്ത്രക്രിയ.
പിന്നീട് ഇന്നലെ വരെ നടന്നത് 250 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ. ഇതിൽ 190 ശസ്ത്രക്രിയകൾ സാധാരണ അവയവദാനവും 60 ശസ്ത്രക്രിയകൾ മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുള്ള അവയവദാനങ്ങളുമാണ്.
2015 സെപ്റ്റംബറിലാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കൽ കോളജിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം ചരിത്രത്തിൽ ഇടംനേടിയത്.
ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ.
ജയകുമാറിന്റെ നേതൃത്വത്തിൽ ആണ് ആ ശസ്ത്രക്രിയ നടന്നത്. 11 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് ഇവിടെ വിജയകരമായി നടത്തിയത്.
2021ൽ ആണ് സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ വിജയകരമായി നടത്തിയത്. ഇതുവരെ 7 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് നടത്തിയിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

