പാലാ∙സെന്റ് തോമസ് കോളജിനെയും കോട്ടയത്തെയും മുക്ത കണ്ഡം പ്രശംസിക്കുന്നതായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗം. ചെറുതും വലുതുമായ സംസ്കാരങ്ങളെല്ലാം നദീതടങ്ങളിലാണ് ഉടലെടുത്തതെന്ന് പറഞ്ഞ രാഷ്ട്രപതി നാടിന്റെ ജീവനാഡിയായ മീനച്ചിലാറിന്റെ തീരത്താണ് ഈ കോളജെന്നും പറഞ്ഞു.
പ്രകൃതിസ്നേഹികളുള്ള ഈ നാടും കോളജ് അധികൃതരും മീനച്ചിലാറിനെ വൃത്തിയായി സൂക്ഷിക്കണമെന്നു രാഷ്ട്രപതി ഓർമിപ്പിച്ചു.
നാട്ടിൻപുറത്തുള്ളവർക്ക് വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് കോളജ് തുടങ്ങിയത്. 2047ലെ വികസിത ഭാരതം എന്ന പദ്ധതിക്കായി ഗുണമേന്മയുള്ള വിദ്യാഭ്യാസം തുടർന്നും നൽകുമെന്നാണു വിശ്വാസം.
നൂറു വർഷം മുൻപ് നടന്ന വൈക്കം സത്യഗ്രഹത്തിലൂടെ സാമൂഹിക പരിഷ്കരണത്തിൽ സുവർണ അധ്യായങ്ങൾ എഴുതിച്ചേർത്ത ജില്ലയാണ് കോട്ടയം.സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും മകുടമാണ് ഈ അക്ഷരനഗരം.
പി.എൻ.പണിക്കരുടെ ഗ്രന്ഥശാലാ പ്രസ്ഥാനവും വായിച്ചുവളരുക എന്ന മുദ്രാവാക്യവും സാക്ഷരകേരളം എന്ന മുന്നേറ്റത്തെ ശക്തിപ്പെടുത്തി.
പാലാ സെന്റ് തോമസ് കോളജും ഇതിനായി സംഭാവന നൽകുകയും അതിലൂടെ വായനസമൂഹത്തിന്റെ ഗുണഭോക്താവുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത മേഖലകളിൽ അതിപ്രഗല്ഭരെ സംഭാവന ചെയ്യാനും കോളജിനായെന്നും രാഷ്ട്രപതി പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ വാസവൻ, കോളജ് പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് എന്നിവർ പ്രസംഗിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, മാണി സി.കാപ്പൻ എംഎൽഎ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സന്നിഹിതരായി.
എല്ലാവർക്കും എന്റെ നമസ്കാരം!
പ്രിയപ്പെട്ട വിദ്യാർഥികളേ, സഹോദരീ സഹോദരന്മാരേ, എല്ലാവർക്കും എന്റെ നമസ്കാരം!
എന്ന് മലയാളത്തിൽ പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ തുടക്കം. നിറഞ്ഞ കരഘോഷത്തോടെയാണ് ആ വാക്കുകളെ സ്വീകരിച്ചത്.
എല്ലാവർക്കും എന്റെ ആശംസകൾ എന്നു മലയാളത്തിൽ പറഞ്ഞുനിർത്തി. ആ ആശംസയ്ക്കും നിറഞ്ഞ കയ്യടി.
കുമരകത്ത് മലയാളത്തനിമയോടെ സ്വീകരണം
കുമരകം ∙ ചെണ്ടമേളത്തിന്റെ താളം, കേരളീയ കലാരൂപങ്ങൾ; കുമരകത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കേരളത്തനിമയോടെ സ്വീകരണം.
ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ രാഷ്ട്രപതിയെ അനുഗമിച്ചു.കോട്ടയത്തുനിന്ന് കുമരകം താജ് ഹോട്ടലിൽ എത്തിയ രാഷ്ട്രപതിയെ ചെണ്ടമേളത്തോടെയാണു സ്വീകരിച്ചത്.
ബഗ്ഗിയിൽ കയറിയ രാഷ്ട്രപതി കായലോരത്തെ മുറിയിലേക്കു പോയി. 24–ാം നമ്പർ മുറിയിലായിരുന്നു താമസം.
രാത്രി എട്ടോടെ തിരികെ റിസപ്ഷൻ ഭാഗത്ത് എത്തിയ രാഷ്ട്രപതി കഥകളി, ചെണ്ടമേളം, ഭരതനാട്യം എന്നിവ ആസ്വദിച്ചു. രാത്രി ഭക്ഷണം തയാറാക്കിയത് കായലോരത്തെ ചായക്കട
എന്നു പേരിട്ട പാചകശാലയിലാണ്.
റോമാങ്കോ കോക്കനട്ട് ചേർത്ത പാൽകപ്പയായിരുന്നു രാത്രിയിലെ പ്രധാന വിഭവം.
കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്ത സാലഡും ഉണ്ടായിരുന്നു. ഭക്ഷണം മുറിയിലേക്ക് എത്തിച്ചു കഴിക്കുകയായിരുന്നു.
രാഷ്ട്രപതിക്കൊപ്പം എത്തിയ മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രേം 23–ാം നമ്പർ മുറിയിലാണ് താമസിച്ചത്. 21–ൽ ഗവർണറും 22ൽ മന്ത്രി വി.എൻ.
വാസവനും. ഇന്നു രാവിലെ 7നു ഹൗസ് ബോട്ടിൽ രാഷ്ട്രപതി യാത്ര നടത്തും.
ജോസ് കെ.മാണിയുടെ നിവേദനം
കോട്ടയം ∙ ശബരിമല യാത്ര സുഗമമാക്കുന്നതിന് 11 വർഷം മുൻപ് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റിൽ പ്രഖ്യാപിച്ച ഹരിവരാസനം പാത കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ യാഥാർഥ്യമാക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.
മാണി രാഷ്ട്രപതി ദ്രൗപദി മുർമുവിനു നിവേദനം നൽകി. എറണാകുളം, കോട്ടയം, പത്തനംതിട്ട
ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയായാണ് ‘ഹരിവരാസനം’ രൂപകൽപന ചെയ്തത്.
ആദരപൂർവം വരവേറ്റ് കോട്ടയം
കോട്ടയം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വരവേറ്റ് ജില്ല. നിശ്ചയിച്ച സമയത്തിനും നേരത്തേയാണ് രാഷ്ട്രപതി എത്തിയത്.
വൈകിട്ട് 3.50ന് പാലായിൽ എത്താനാണു നിശ്ചയിച്ചതെങ്കിലും 3.13ന് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ വ്യൂഹം സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ പറന്നിറങ്ങി. ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി വി.എൻ.വാസവൻ, കലക്ടർ ചേതൻ കുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ ഹെലിപ്പാഡിൽ സ്വീകരിച്ചു. 4നു നിശ്ചയിച്ച കോളജിലെ പരിപാടി 3.35ന് ആരംഭിച്ചു.
4.30നു കോട്ടയത്തേക്ക് ഹെലികോപ്റ്ററിൽ പുറപ്പെട്ട
രാഷ്ട്രപതി 4.52ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ പറന്നിറങ്ങി. കോട്ടയത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 4.55നു പുറപ്പെട്ട
രാഷ്ട്രപതിയുടെ വാഹനവ്യൂഹം 22 മിനിറ്റുകൊണ്ട് കുമരകം താജിൽ എത്തി.
കാത്തുനിന്നു, ജനം
പാലാ ∙ സെന്റ് തോമസ് കോളജിൽ എത്തിയ രാഷ്ട്രപതിയെ കാണാൻ മൈതാനത്തിനു സമീപം കാത്തുനിന്നത് നൂറുകണക്കിനാളുകൾ. സെന്റ് തോമസ് പള്ളി റോഡിലായിരുന്നു കാഴ്ചക്കാർ ഏറെയും. ഇൗ റോഡിനോട് ചേർന്നാണ് കോളജ് മൈതാനമെന്നതിനാൽ ആളുകൾക്ക് ഏറെ അകലെയല്ലാതെ രാഷ്ട്രപതിയെ കാണാനായി.കോട്ടയത്ത് കലക്ടറേറ്റ് പരിസരത്തും പൊലീസ് പരേഡ് ഗ്രൗണ്ട് പരിസരത്തും ഒട്ടേറെപ്പേർ എത്തി.
നഗരത്തിലെ പാതയോരങ്ങളിലും ആളുകൾ കാത്തുനിന്നു.
ഇന്നത്തെ നിയന്ത്രണങ്ങൾ ഇങ്ങനെ
കുമരകത്തുനിന്ന് കൊച്ചിയിലേക്ക് പോകാനായി ഇന്നു രാവിലെ 11നു രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ എത്തും. ഇന്നു രാവിലെയും കോട്ടയത്ത് ഗതാഗത നിയന്ത്രണമുണ്ട്.
കോട്ടയം– കുമരകം റോഡ് വഴി എത്തുന്ന രാഷ്ട്രപതി ബേക്കർ ജംക്ഷൻ, കുര്യൻ ഉതുപ്പ് റോഡ്, ലോഗോസ് ജംക്ഷൻ വഴി ഹെലിപ്പാഡിൽ എത്തും. ഈ വഴിയിൽ കർശനനിയന്ത്രണമുണ്ട്.
കോട്ടയം– കുമരകം– ചേർത്തല റോഡിൽ കോട്ടയം നഗരത്തിനും ബണ്ട് റോഡ് ജംക്ഷനും ഇടയിൽ കടുത്ത നിയന്ത്രണമുണ്ടാകും.
രാവിലെ 6 മുതൽ 11 വരെയുമാണ് കോട്ടയം, കുമരകം ഭാഗത്തെ നിയന്ത്രണങ്ങൾ. കോട്ടയം നഗരത്തിലും കോട്ടയം– കുമരകം ഭാഗത്തും വഴിയോരക്കടകൾ, റോഡരികിലെ പാർക്കിങ്, ഓട്ടോ– ടാക്സി സ്റ്റാൻഡുകൾ എന്നിവ ഇന്ന് ഉച്ചയ്ക്ക് 12 വരെ നിരോധിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ സ്കൂളുകൾ രാവിലെ 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കാൻ നിർദേശമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

