
ഏറ്റുമാനൂർ∙ കോണത്താറ്റ് പാലത്തിന്റെ പണി എന്നു പൂർത്തിയാകും? 4 വർഷമായി നീണ്ടൂരുകാരുടെ ചോദ്യമാണിത്. അപകടാവസ്ഥയിലുള്ള നീണ്ടൂർ പ്രാലേൽ പാലത്തിന്റെ പണികൾ എന്നു തുടങ്ങാൻ സാധിക്കുമെന്ന ആകാംക്ഷയാണു ചോദ്യത്തിനു പിന്നിൽ.
കുമരകം കോണത്താറ്റ് പാലം പൂർത്തിയായാൽ മാത്രമേ പ്രാലേൽ പാലത്തിന്റെ പണി ആരംഭിക്കാൻ കഴിയൂ. രണ്ട് പാലവും ഒരുമിച്ച് പൊളിച്ചാൽ ഗതാഗതം തടസ്സപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് പണി വൈകിപ്പിച്ചത്.
ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലവും കൂടിയാണിത്. 6 പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച വീതികുറഞ്ഞ പാലമാണിത്. ഭാരവാഹനങ്ങളും ആംബുലൻസുകളും ഉൾപ്പെടെ ദിവസേന ആയിരക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
പാലത്തിന്റെ അടിയിലെ കമ്പികൾ തുരുമ്പെടുത്ത് നശിച്ചു തുടങ്ങി.
പല ഭാഗങ്ങളിലും വിള്ളൽ വീണു. പാലത്തിൽനിന്ന് സിമന്റ് പാളികൾ അടർന്നു വീഴുന്നതും പതിവാണ്.
വശങ്ങളിലെ സംരക്ഷണഭിത്തി വാഹനങ്ങൾ ഇടിച്ച് തകർന്ന നിലയിലാണ്. ഇത്തരത്തിൽ ജീർണാവസ്ഥയിലായ പാലം ഏതു സമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലായിട്ടും ബന്ധപ്പെട്ടവർക്ക് അനക്കമില്ലെന്നാണു നാട്ടുകാരുടെ പരാതി.പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങളും ഇവിടെ നടന്നു.
അപ്പോഴൊക്കെ പണം അനുവദിച്ചുവെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും പറഞ്ഞ് രക്ഷപ്പെടുകയാണ് അധികൃതരുടെ പതിവ്.പ്രതിഷേധം ശക്തമായതിനെ തുടർന്നു ഏപ്രിലിൽ 2 മാസത്തിനകം കോണത്താറ്റ് പാലത്തിന്റെ പണികൾ പൂർത്തിയാകുമെന്നും തുടർന്ന് പ്രാലേൽ പാലത്തിന്റെ പുനർനിർമാണം ആരംഭിക്കുമെന്നും മന്ത്രി വി.എൻ.വാസവൻ ഉറപ്പു നൽകിയിരുന്നു. എന്നാൽ പാലത്തിന്റെ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. കോണത്താറ്റ് പാലത്തിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി, പ്രാലേൽ പാലം ഉടൻ പുനർനിർമിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]