
വെള്ളക്കെട്ട് തുടരും…; പല സ്ഥലത്തും വെള്ളം കയറുന്ന സ്ഥിതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറവിലങ്ങാട് ∙ കാലവർഷം അടുത്തിട്ടും ഇത്തവണയും വെള്ളക്കെട്ട് പ്രതിരോധത്തിനു നടപടിയായില്ല. മഴ കനത്താൽ കുറവിലങ്ങാട് മേഖലയിലെ പല സ്ഥലത്തും വെള്ളം കയറുന്ന സ്ഥിതിയാണ്.
കുറവിലങ്ങാട്
മഴ കൂടിയാൽ കുറവിലങ്ങാട് ടൗണിൽ വെള്ളം കയറുന്നതു പതിവാണ്. എന്നാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ചു വെള്ളക്കെട്ടിന്റെ തോതു കുറഞ്ഞു. ഓട നിർമിച്ചതാണു വെള്ളക്കെട്ട് ഒഴിവാകാൻ വഴിയൊരുക്കിയത്. പള്ളിക്കവലയിൽ നിന്നുള്ള കലുങ്കിൽ നിന്നും വലിയതോടുമായി ബന്ധിപ്പിച്ച് രണ്ടാമത്തെ ഓട കൂടി നിർമിച്ചാൽ വെള്ളക്കെട്ട് പൂർണമായി പരിഹരിക്കാൻ കഴിയും.ബസ് സ്റ്റാൻഡിൽ വെള്ളം കയറുന്നതു സമീപത്തെ വലിയതോട് നിറയുമ്പോഴാണ്.
കോഴാ മുതൽ കാളികാവ് വരെ വലിയതോട്ടിൽ പത്തിലധികം തടയണകൾ ഉണ്ട്. കൃഷിയുണ്ടായിരുന്ന കാലത്തു വെള്ളം തിരിച്ചു വിടാൻ വേണ്ടി നിർമിച്ചതാണ് ഇവ. എന്നാൽ, ഇപ്പോൾ ഉപയോഗശൂന്യമായി തുടരുന്നു. കനത്ത മഴ പെയ്യുമ്പോൾ തടയണകളിൽ മാലിന്യം കുന്നുകൂടി ഒഴുക്ക് തടസ്സപ്പെടും. തോട് വേഗത്തിൽ കവിഞ്ഞൊഴുകും. തടയണകൾ നീക്കിയാൽ മാത്രമേ വെള്ളം കയറുന്ന അവസ്ഥയ്ക്കു മാറ്റം വരികയുള്ളൂ.
കാളികാവിലെ തടയണ
മഴ കനത്താൽ കൃഷിയും സമീപത്തെ ക്ഷേത്രവും വീടുകളും വെള്ളത്തിൽ മുങ്ങാൻ കാരണം കാളികാവിലെ തടയണയാണ്. കാളികാവിനു സമീപം ഇലയ്ക്കാട്–കട്ടച്ചിറ തോട്ടിൽ നിർമിച്ച തടയണ ആർക്കും പ്രയോജനകരവും അല്ല. ജലസേചന, കൃഷി വകുപ്പുകൾ അറിയാതെ ആയിരുന്നു നിർമാണം. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തിയത്. തടയണ നിർമിച്ചതിനു ശേഷം മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. കല്ലഞ്ചിറ വയലാ റോഡിലുണ്ടായിരുന്ന 2 കലുങ്കുകൾ എംവിഐപി കനാൽ വന്നപ്പോൾ അടഞ്ഞു പോയതും കെടുതികൾ വർധിപ്പിക്കുന്നു.
മരങ്ങാട്ടുപിള്ളി
മഴ കനത്താൽ മരങ്ങാട്ടുപിള്ളി–കടപ്ലാമറ്റം റോഡിൽ വെള്ളം കയറുന്ന അവസ്ഥയാണ്. വർഷങ്ങൾക്കു മുൻപ് 8 മീറ്റർ വീതിയുണ്ടായിരുന്ന തോട് റോഡ് വികസനത്തിന്റെ പേരിൽ വീതി കുറച്ചു. ഇതോടെ മഴ കനത്താൽ റോഡിലേക്കു വെള്ളം കയറുന്ന അവസ്ഥയായി.
കുറിച്ചിത്താനം
കിടങ്ങൂർ–മംഗലത്താഴം കെ.ആർ.നാരായണൻ റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഉഴവൂർ–കുറിച്ചിത്താനം റോഡിൽ മാങ്ങാന തോട് മുതൽ ഇലവുങ്കൽ ജംക്ഷൻ വരെ വെള്ളക്കെട്ട് പതിവാണ്. തോടിന്റെ വീതി വർധിപ്പിച്ചാൽ പ്രശ്നം പരിഹരിക്കാം. ചെത്തിമറ്റം കവലയിലും വെള്ളം ഒഴുകാൻ സംവിധാനം ഇല്ല.