
ചടുലമായ നീക്കം, മഫ്തി പൊലീസ് മാത്രമല്ല മഫ്തി വാഹനങ്ങളും; അനൂപും ആൽബിനും തോട്ടിലിറങ്ങി, കാര്യം എളുപ്പമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഒന്നര വർഷക്കാലം വിജയകുമാറിന്റെ സ്ഥാപനത്തിലും വീട്ടിലും അമിത് ജോലി ചെയ്തിരുന്നെന്നു പൊലീസ് കണ്ടെത്തി. എന്നാൽ ഇയാൾ കേരളത്തിൽ എത്തിയിട്ട് എത്രകാലമായെന്നതിൽ വ്യക്തതയില്ല. 8 മാസം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ ശുചീകരണ തൊഴിലാളിയായിരുന്നു. വിശ്വസ്തനായതോടെ ബാങ്ക് ഇടപാടുകൾക്ക് അമിത് പോയിത്തുടങ്ങി. പെൺസുഹൃത്തിനെയും കൂട്ടിയാണ് അമിത് എത്തിയത്. ഭാര്യയാണെന്നാണ് ആദ്യം പരിചയപ്പെടുത്തിയത്.ഇവർക്കു വിജയകുമാർ വീട്ടിൽ ജോലി നൽകി. ഇരുവർക്കുമുള്ള ശമ്പളം അമിതിനാണു നൽകിയത്. എന്നാൽ ശമ്പളം പ്രത്യേകം നൽകണമെന്നു പെൺസുഹൃത്ത് ആവശ്യപ്പെട്ടതോടെ ഇവർ ഭാര്യയല്ലെന്നു വിജയകുമാറിനു മനസ്സിലായി.
6 മാസം കഴിഞ്ഞതോടെ ഇവർ ജോലി മതിയാക്കി. 2024 സെപ്റ്റംബർ 12നു രാവിലെയാണ് വിജയകുമാറിന്റെ ഫോൺ മോഷണം പോയത്. പിന്നാലെ അമിതിനെ കാണാതായി.ഇതോടെയാണ് ഫോൺ അയാളാണ് മോഷ്ടിച്ചതെന്നു മനസ്സിലായത്.വെസ്റ്റ് പൊലീസിൽ പരാതി നൽകി.ഫോൺ ഉപയോഗിച്ച് ഓൺലൈൻ ഇടപാടു വഴി 2.79 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് അമിത് ട്രാൻസ്ഫർ ചെയ്തു. പിന്നീട് ഈ തുക തിരികെ നൽകാമെന്നു വാട്സാപ് ചാറ്റ് വഴി അറിയിച്ചിരുന്നു. വിജയകുമാർ കേസുമായി മുന്നോട്ടുപോയതോടെ അമിതിനെ പൊലീസ് പിടികൂടി. റിമാൻഡ് ചെയ്തു. ഈ കേസിന്റെ അടുത്ത ഹിയറിങ് കോട്ടയം മജിസ്ട്രേറ്റ് കോടതി 3ൽ അടുത്ത മാസം 12നാണ്.
അനൂപും ആൽബിനും തോട്ടിലിറങ്ങി;കാര്യം എളുപ്പമായി
കോട്ടയം ∙ തെളിവു കണ്ടെത്താൻ തോട്ടിലിറങ്ങാൻ ആളില്ല. ഒടുവിൽ നാട്ടുകാരായ 2 പേർ തോട്ടിലിറങ്ങി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് അബൂബക്കറും തിരുവാതുക്കൽ പ്ലാക്കച്ചിറയിൽ ആൽബിൻ എം.എബിയുമാണു തോടുകളിൽ ഇറങ്ങി തെളിവു വീണ്ടെടുത്തത്. ദൃശ്യങ്ങൾ തിരിച്ചെടുക്കുന്നതിനു സൈബർ സെല്ലിന്റെയും ഫൊറൻസിക് വിഭാഗത്തിന്റെയും സഹായം പൊലീസ് തേടി. ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ചടുലമായ നീക്കം; അതിവേഗം പ്രതി പിടിയിൽ
കോട്ടയം ∙ ഇരട്ടക്കൊലപാതകത്തിന്റെ പ്രതിയെ 24 മണിക്കൂറുകൾക്കുള്ളിൽ പിടികൂടി മികവു കാട്ടി കോട്ടയം പൊലീസ്. സംഭവം അറിഞ്ഞ ഉടൻ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സൈബർ പൊലീസിന്റെ അടക്കം സഹായത്താൽ വിപുലമായ അന്വേഷണമാണു പൊലീസ് നടത്തിയത്.കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ്, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ പ്രശാന്ത് കുമാർ, ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്ത്, ഗാന്ധിനഗർ എസ്എച്ച്ഒ ടി.എസ്. ശ്രീജിത്ത്, എസ്ഐമാരായ അനുരാജ്, വിദ്യ, സൈബർ സെൽ ഉദ്യോഗസ്ഥരായ ജോർജ്, ശ്യാം, സുബിൻ എന്നിവരാണു സംഘത്തിൽ ഉണ്ടായിരുന്നത്.
മഫ്തി പൊലീസ് മാത്രമല്ല മഫ്തി വാഹനങ്ങളും
കോട്ടയം ∙ അമിതിനെ തൃശൂരിൽ നിന്നെത്തിച്ചതു പൊലീസിന്റെ മഫ്തി വാഹനത്തിൽ. രഹസ്യാന്വേഷണത്തിനു ജില്ലാ പൊലീസിനു ഔദ്യോഗിക വാഹനത്തിനു പുറമെ 2 പ്രത്യേക മഫ്തി വാഹനങ്ങളുണ്ട്. പൊലീസ് വാഹനങ്ങളുടെ ഒരു ലക്ഷണവും ഈ വാഹനങ്ങൾക്കില്ല. പ്രൈവറ്റ് റജിസ്ട്രേഷനിലാണ് 2 വാഹനങ്ങളും. പ്രതി അമിത്തെന്നു പൊലീസ് ഉറപ്പിച്ചതോടെ ഈ മഫ്തി വാഹനത്തിലാണ് മഫ്തിയിലുള്ള അന്വേഷണ സംഘവും സഞ്ചരിച്ചത്. സ്റ്റേഷനിൽ എത്തിച്ച അമിതിനെ ചോദ്യം ചെയ്യാൻ ദ്വിഭാഷിയുടെ സഹായം പൊലീസ് തേടിയിരുന്നു.
പണം വാങ്ങി ജാമ്യത്തിലിറക്കാൻ ആളുണ്ട് !
കോട്ടയം ∙ കുറ്റകൃത്യങ്ങളിൽപ്പെട്ടു ജയിലിലാകുന്നവരെ പണം വാങ്ങി ജാമ്യത്തിലിറക്കാൻ സഹായിക്കുന്ന മാഫിയ സംഘം കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ്. അമിതിനെ ജയിലിൽനിന്നു പുറത്തെത്തിച്ചത് ഇത്തരം സംഘമാണെന്നാണ് കണ്ടെത്തൽ. ഏറ്റുമാനൂർ സ്വദേശികളായ 2 സ്ത്രീകളാണു അമിതിനു ജയിലിൽ നിന്നിറങ്ങാനായി ജാമ്യം നിൽക്കാൻ എത്തിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അമിതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇവർ നൽകിയ മൊഴി. 5,000 രൂപ വീതം ഇവർക്കു ലഭിച്ചതായാണു വിവരം.സ്ത്രീകളടങ്ങുന്ന സംഘം ചില അഭിഭാഷകരുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നാണു പൊലീസിനു ലഭിച്ച വിവരം. ഒരു ജാമ്യക്കാരന് 5,000 മുതൽ 10,000 വരെയാണ് പ്രതിഫലം. പരിചയം പോലുമില്ലാത്ത കുറ്റവാളികളെ പണത്തിനായി പുറത്തിറക്കുന്നമാഫിയയാണ് ഇതിനു പിന്നിൽ. ഇതര സംസ്ഥാന തൊഴിലാഴികളെയാണ് ഇക്കൂട്ടർ കൂടുതലായും ജയിൽ മോചിതരാക്കുന്നത്. ഇത്തരം സംഘത്തിന്റെ പട്ടിക ശേഖരിച്ചിട്ടുണ്ടെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറയുന്നു.