കോതനല്ലൂർ ∙ 43 വർഷം ഒരു ഓഫിസിൽ ഒരേ തസ്തികയിൽ ഒരേ കസേരയിലിരുന്ന് ജോലി ചെയ്ത കോതനല്ലൂർ മഞ്ഞപ്പള്ളി മ്യാലിൽ (കുന്നുംപുറത്ത്) ശ്രീദേവി ജി.നായർ ഇന്നലെ സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങി. ചാമക്കാലാ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മിസ്ട്രസ് ആയിരുന്ന ശ്രീദേവി ജി.
നായർ (65) ഇന്നലെയാണ് ജോലിയിൽ നിന്നു പിരിഞ്ഞത്. ജനകീയ പോസ്റ്റ്മിസ്ട്രസിന് പൗരാവലി ഇന്നലെ യാത്രയയപ്പ് നൽകി.
1983 ജൂൺ 7ന്, 22–ാം വയസ്സിലാണ് ശ്രീദേവി ചാമക്കാലാ പള്ളിക്കെടിടത്തിലുള്ള ചാമക്കാലാ പോസ്റ്റ് ഓഫിസിൽ പോസ്റ്റ്മിസ്ട്രസായി ജോലിയിൽ പ്രവേശിക്കുന്നത്.
അന്ന് 198 രൂപ 50 പൈസയായിരുന്നു മാസ ശമ്പളം. ഒരു മേശയും കസേരയും മാത്രമായിരുന്നു ഓഫിസിൽ ഉണ്ടായിരുന്നത്.
സർവീസിൽ കയറിയ അന്നുമുതൽ പിരിയും വരെ ശ്രീദേവി ഇരുന്ന് ജോലി ചെയ്തത് ഒരു മരക്കസേരയിലാണ്.
കാലവും ദൂരവും കടന്ന് തപാൽ ഉരുപ്പടികൾ പല വഴി മുന്നോട്ടുപോയെങ്കിലും കസേര അതുപോലെ തുടർന്നു. ജോലി ലഭിച്ച് രണ്ടുവർഷത്തിനു ശേഷമായിരുന്നു വിവാഹം; അഡ്വക്കറ്റ് ക്ലാർക്കായിരുന്ന പ്രസന്നകുമാരൻ നായരുമായി.
രാവിലെ 10ന് പോസ്റ്റ് ഓഫിസിൽ എത്തുന്ന ശ്രീദേവി മെയിൽ സ്വീകരിച്ച് റജിസ്റ്റർ തയാറാക്കി ജോലിയിലേക്ക് കടക്കും. മറ്റ് സന്ദേശമാർഗങ്ങൾ കുറവായിരുന്ന അക്കാലത്ത് പോസ്റ്റ് ഓഫിസ് ഒരു ജനകീയ കേന്ദ്രമായിരുന്നു.
മാഞ്ഞൂർ, നീണ്ടൂർ പഞ്ചായത്തുകളിലുള്ളവരുമായി ഏറെ അടുപ്പമുണ്ടായതും അങ്ങനെയാണ്.
തുച്ഛമായ ശമ്പളത്തിന് കുടുംബം കഴിയാതായതോടെ ശ്രീദേവി തുന്നൽജോലികളും തുന്നൽ പഠിപ്പിക്കലുമൊക്കെ നടത്തിയാണ് കുടുംബം മുന്നോട്ടുകൊണ്ടുപോയത്. സർവീസ് പൂർത്തിയാക്കി പിരിയുമ്പോഴും കാര്യമായ ആനുകൂല്യങ്ങൾ ശ്രീദേവിക്കില്ല.
ഇപ്പോൾ പോസ്റ്റ് ഓഫിസ് പള്ളി വക, സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലാണ്. ശ്രീദേവിയുടെ മകൾ, സായ് കൃഷ്ണ എംബിഎ എൽഎൽബി വിദ്യാർഥിനിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

