അതിരമ്പുഴ∙ ‘അന്ന്…, അതിരമ്പുഴപ്പള്ളിയുടെ മുറ്റത്ത് പെരുന്നാൾ കൊടിയേറ്റിന് പിന്നാലെ കൂറ്റൻ കമുകുകൾ കുഴിച്ചിടും. അതിൽ ദീപാലങ്കാരങ്ങൾ കെട്ടിയൊരുക്കി തീ കൊളുത്തിയിട്ട് കപ്പിയും കയറും കൊണ്ട് വലിച്ചുയർത്തും. ആ വെളിച്ചത്തിൽ ആയിരങ്ങൾ പെരുന്നാളു കാണും.
എണ്ണയൊഴിച്ചൊരുക്കിയ തീവെട്ടികളുടെ വെളിച്ചത്തിലാണ് അന്ന് പ്രദക്ഷിണം ഇറങ്ങുന്നത്.
പള്ളിയിലെ തീവെട്ടികൾ തികയാതെ വരുമ്പോൾ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽനിന്ന് തീവെട്ടികളെത്തിക്കും…’ – ഓർമകളുടെ ഓലപ്പടക്കത്തിന് തീ കൊളുത്തി അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനയിലെ പ്രവാസി സംഗമം. വിദേശരാജ്യങ്ങളിൽനിന്ന് അതിരമ്പുഴ പെരുന്നാളിനായി നാട്ടിലെത്തിയ പ്രവാസികൾക്കായി പള്ളിയങ്കണത്തിൽ ‘മനോരമ’ ഒരുക്കിയ സംഗമത്തിലാണ് പെരുന്നാളോർമകളും അനുഭവങ്ങളും പ്രവാസികൾ പങ്കുവച്ചത്.
വികാരി ഫാ.
മാത്യു പടിഞ്ഞാറേക്കുറ്റ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി മണക്കുന്നേൽ, ഫാ.
അനീഷ് കാമിച്ചേരി, ഫാ. അലൻ മാലിത്തറ എന്നിവർ പ്രവാസി സംഗമത്തിൽ സന്നിഹിതരായി. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു, ചീഫ് സബ് എഡിറ്റർ ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
കറന്റൊന്നും വന്നിട്ടില്ല.
പെട്രോമാക്സും കത്തിച്ച് പെരുന്നാളിന് പോയകാലമാണ് ഇപ്പോൾ ചിക്കാഗോയിൽ താമസമാക്കിയ ജോണി മണ്ണഞ്ചേരിയുടെ മനസ്സിൽ. ജോലിത്തിരക്കായാലും വിമാനടിക്കറ്റിന് തീപിടിച്ച ചാർജായാലും ജനുവരി ആകുമ്പോൾ അവധി സംഘടിപ്പിച്ച് നാട്ടിലേക്കു പോരും. ഇല്ലെങ്കിൽ സ്വസ്ഥതയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ മറ്റുള്ളവരും അതു ശരിവച്ചു.
കുട്ടിക്കാലത്ത് പെരുന്നാൾ കൂടാനുള്ള പണം മുതിർന്നവർ തന്നിരുന്നത് പെരുന്നാൾപ്പടി എന്ന പേരിലായിരുന്നുവെന്ന് ടെക്സസിൽനിന്നുള്ള ബിനോ കല്ലുങ്കൽ പറഞ്ഞപ്പോൾ വീട്ടുപറമ്പിലെ കുരുമുളക് പറിച്ചുകൊടുത്ത് പെരുന്നാൾപ്പടി വാങ്ങിയ കഥയാണ് യുകെയിലെ റോണിമോൾ ലൂയിസ് പങ്കുവച്ചത്. പെരുന്നാൾ സമയമായാൽ യുകെയിലെ ചുമതലകളെല്ലാം ഭാര്യ ഏറ്റെടുത്ത് നാട്ടിലേക്ക് പോരാൻ അവസരം തരും,
പകരം പെരുന്നാളിന്റെ വിശേഷങ്ങൾ അപ്പപ്പോൾ അവിടേക്ക് അറിയിക്കണമെന്നു മാത്രം.
നാട്ടിൽ വന്നുകൂടുന്നവരെപ്പോലെ വിദേശത്തുനിന്ന് പെരുന്നാളിന്റെ ആഘോഷങ്ങളിൽ പങ്കാളികളാകുന്ന വലിയൊരു സമൂഹമുണ്ട്: റോണിമോളുടെ സഹോദരൻ റോബിൻ ലൂയിസ് പറഞ്ഞു.
ഏഴു മാസം മുൻപേ വിമാനടിക്കറ്റ് ബുക്ക് ചെയ്താണ് പെരുന്നാളിനായി കാത്തിരിക്കുന്നതെന്ന് യുകെയിൽ നിന്നെത്തിയ ടോമി ജോസഫ് ഉപ്പൂട്ടുങ്കൽ. ഒരു തവണ വരാൻ പറ്റാതെ വന്നപ്പോൾ കുർബാനകൾ ലൈവ് ആയി കണ്ടുകൊണ്ട് ജോലി ചെയ്ത കാര്യം ചിക്കാഗോയിൽ നിന്നെത്തിയ ജയ്സൺ മാത്യു മാതിരമ്പുഴ പറഞ്ഞു.
വെടിക്കെട്ടിന്റെ പിറ്റേന്ന് അതിരാവിലെ പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കങ്ങൾ പെറുക്കാൻ വന്നിരുന്ന കഥ പറഞ്ഞാണ് രാജു പനന്താനം തുടങ്ങിയത്.
കുട്ടിക്കാലത്ത് ഒരു തവണ വലിയ പള്ളിമണി അടിക്കാൻ അവസരം കിട്ടി. മണിയിൽ കെട്ടിയിരുന്ന കയർ രാജുവിനെയും കൊണ്ട് ഉയർന്നു പൊങ്ങി.
തൂങ്ങിയാടിയാണ് അന്നു മണിയടിച്ചത്. ഇതിന്റെ ആവേശത്തിൽ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി ഓസ്ട്രേലിയയിലെ പെരുന്നാളിനും പള്ളിമണി മുഴക്കി. അവിടെ അതൊരു അദ്ഭുതമായിരുന്നു.
പണ്ട് പെരുന്നാളായാൽ പള്ളിമുറ്റത്തെ സ്കൂളിൽ ക്ലാസുണ്ടാവാറില്ലെന്നും എപ്പോഴും പള്ളിപ്പറമ്പിൽ കറങ്ങിനടക്കുമായിരുന്നെന്നും അഖിൽ ഉള്ളംപള്ളിൽ പറഞ്ഞു. യുകെയിൽനിന്നെത്തിയതാണ് അഖിൽ.
ചെണ്ടമേളവും മണിയടിയും ആരവവും കേൾക്കുമ്പോൾ തോന്നുന്ന രോമാഞ്ചമാണ് അതിരമ്പുഴക്കാരെ പെരുന്നാളിന് നാട്ടിലെത്തിക്കുന്നതെന്നും അഖിൽ പറഞ്ഞു.
പണ്ട് പെരുന്നാൾ സമയത്ത് വീട്ടിനുള്ളിൽ കിടക്കാൻ സ്ഥലം കിട്ടില്ലായിരുന്നു. ചെറിയ വീടുകളാണ്.
കിടപ്പുമുറിയിലും ചായ്പിലും തിണ്ണയിലുമൊക്കെ ആളുകൾ കിടക്കുന്നത് മത്തിയടുക്കിയതുപോലെയായിരുന്നു എന്നായിരുന്നു ഒരാളുടെ ഉപമ. വീട്ടിലുള്ള എല്ലാവരുടെയും കൈലിയും മുണ്ടുമെല്ലാം എടുത്ത് ഉടുക്കാൻ കൊടുക്കും.
അമ്മമാർ അടുക്കളയിൽ നിന്നിറങ്ങില്ല.
അത്രയധികം പേർക്കാണ് ഭക്ഷണം തയാറാക്കുന്നത്. ബന്ധുക്കളെല്ലാം വരും.
ഇന്നാവട്ടെ വീടുകളിൽ ധാരാളം മുറികളുണ്ട്. വരാൻ ആളുകളില്ല: അബുദാബിയിൽ നിന്നെത്തിയ സിജു ജോസഫ് പുളിങ്ങാപ്പള്ളിയിൽ പറഞ്ഞു.കാനഡയിലെ ജോലിസ്ഥലത്തുനിന്ന് അവധി കിട്ടാതെ വരുമ്പോൾ ‘എമർജൻസി’ എന്നു കള്ളം പറഞ്ഞ് ലീവെടുത്ത് പെരുന്നാൾ ആഘോഷിച്ച കഥ പ്രിൻസ് ജോസഫ് വരവുകാലാ പറഞ്ഞു.
മക്കൾക്കായി എല്ലാ പെരുന്നാളിനും കഴുന്നെടുക്കുന്ന അമ്മയുടെ സ്നേഹം ന്യുസിലൻഡിൽ നിന്നെത്തിയ ജോബിൻ ഇമ്മാനുവൽ ഇലഞ്ഞിയിൽ ഓർമിച്ചു.
പള്ളിയിൽ പണ്ട് ഒരു ബൈക്കുണ്ടായിരുന്നു; ആർഎക്സ് 100. ആ ബൈക്കിലാണ് ചെറുപ്പക്കാരെല്ലാം ടുവീലർ ഓടിക്കാൻ പരിശീലിച്ചത്. പെരുന്നാളിന്റെ നോട്ടിസുമായി ബൈക്കിൽ നാടായ നാട്ടിലൊക്കെ പോകും. ബസ് സ്റ്റാൻഡുകളിലെത്തെ ബസുകളിൽ സെബസ്ത്യാനോസിന്റെ പടമുള്ള സ്റ്റിക്കറൊട്ടിക്കും– സജോ കളമ്പുകാട് പറഞ്ഞു.വെടിക്കെട്ടും ഉഴുന്നാടയും പെരുന്നാളിന്റെ സൗന്ദര്യമാണെന്ന് കാനഡയിൽനിന്നുള്ള പ്രിൻസ് ജോസഫും ജോബിൻ തോമസ് മൂലയിലും യുകെയിൽനിന്നുള്ള റെജി ജോർജ് വരവുകാലായും ഓർമിച്ചു.
പൂർവികർ നാട്ടിൽ പകർന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃക പിന്തുടരാനും വളർത്താനും നമ്മുടെ പുതുതലമുറയ്ക്കും സാധിക്കണം.
സമ്പന്നമായ ആ ഓർമകളിലേക്കും അനുഭവങ്ങളിലേക്കും ഓരോപെരുന്നാളും അവരെ കൈപിടിക്കുകയാണ്.
ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

