മുണ്ടക്കയം ∙ കാടിറങ്ങുന്ന വന്യ മൃഗങ്ങൾ മാത്രമല്ല, പറന്നു കൂട്ടമായി എത്തുന്ന കടന്നലുകളും മലയോര മേഖലയിൽ ജനജീവിതത്തിന് ഭീഷണിയാകുന്നു. റബർ മരങ്ങൾ ഉൾപ്പെടെ പൂവിടുന്ന സമയത്ത് വിരുന്നെത്തി നാട്ടിൽ കൂടുകൂട്ടുന്ന പെരുന്തേനീച്ചക്കൂട്ടം, കാട്ടിൽ നിന്നു നാട്ടിലെത്തി ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്ന കാട്ടു കടന്നൽ എന്നിവ പ്രദേശത്ത് വ്യാപകമാണ്.
തേനീച്ചയുടെ ആക്രമണങ്ങളും, കാട്ടുകടന്നലിന്റെ കുത്തേറ്റ് രണ്ട് ആളുകൾ മരിച്ച സംഭവവും നേരിട്ട് കണ്ട മലയോര മേഖലയിൽ ഇവയെ നിയന്ത്രിക്കാനുള്ള നടപടികൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന് ജനങ്ങൾ അധികൃതരോട് ചോദിക്കുന്നു.
ഹണി – ബീ പണി –സീ
നോക്കിയാൽ നല്ല കാഴ്ചയാണ്, നോട്ടം തെറ്റിയാൽ നല്ല കുത്തിന്റെ പണി കിട്ടുന്ന രീതിയിലാണ് തേനീച്ചകളുടെ കൂടുകൾ.
കഴിഞ്ഞ ദിവസം തിരക്കേറിയ ടൗണിന് നടുവിൽ ആളുകൾ സഞ്ചരിക്കുന്ന നട വഴിയുടെ തൊട്ടടുത്ത് വ്യാപാര സ്ഥാപനത്തിന്റെ ഗേറ്റിൽ വരെ തേനീച്ച കൂടുകൂട്ടി.
ആളുകൾ കൈ നീട്ടിയാൽ തൊടാൻ കഴിയുന്ന രീതിയിലായിരുന്നു ഇത്.
വലിയ വ്യാപാര സ്ഥാപനങ്ങളുടെ ഉയരത്തിലുള്ള ഗ്ലാസുകളിലും തേനീച്ച കൂടുകൂട്ടുന്നത് പതിവാണ്. ഒരു തരത്തിലും ഇവയെ തുരത്താൻ കഴിയാത്ത രീതിയിലാണ് കൂടുകൂട്ടുന്നത്.
ടൗണിൽ പെട്രോൾ പമ്പ് കവലയുടെ സമീപം ഒരു കെട്ടിടത്തിൽ തന്നെ 10 കൂടുകളാണുള്ളത്. മുൻപ് തീയിട്ട് നശിപ്പിച്ചിട്ടും വീണ്ടും പല ഭാഗത്തായി കൂടുകൂട്ടുകയാണ്.
കാക്ക പോലെയുള്ള ജീവികൾ വന്ന് ആക്രമിച്ചാൽ ഇവ ഇളകി ആളുകളെ ഉപദ്രവിക്കാൻ സാധ്യതകളും വർധിക്കുന്നു. തേൻ തേടി എത്തി താൽക്കാലികമായി റബർ മരങ്ങളിൽ കൂടുകൂട്ടി കുറച്ചു ദിവസങ്ങൾക്കു ശേഷം മടങ്ങുന്ന തേനീച്ച കൂട്ടങ്ങളും പ്രദേശത്തുണ്ട്.
ഇവ പലപ്പോഴും ആക്രമണകാരികളാകും. കഴിഞ്ഞ വർഷം ഏപ്രിലിൽ പുഞ്ചവയലിൽ സംസ്കാരച്ചടങ്ങിനെത്തിയ ഒട്ടേറെ ആളുകൾക്ക് ഇത്തരം തേനീച്ചകളുടെ ആക്രമണത്തിൽ പരുക്കേറ്റ സംഭവവും ഉണ്ടായി.
ദേശീയപാതയിൽ മരുതുംമൂടിന് സമീപം ഒരു മരത്തിൽ 15 ൽ അധികം വലിയ തേനീച്ചക്കൂടുകളുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലമാകാം വനം മേഖലയിൽ നിന്നും ആക്രമണകാരികളായ ഈച്ചകൾ നാട്ടിലേക്ക് ചേക്കേറുന്നത്. കൃഷിയിടങ്ങളിൽ ഇവ കൂടുകൂട്ടുന്നത് പതിവാണ്.
പരുന്ത്, കാക്ക പോലെയുള്ള പക്ഷികൾ ആക്രമിച്ചാൽ വലിയ അപകട സാധ്യതയും ഉണ്ട്.
കൃഷിയിടങ്ങളിൽ കൂടുകൾ ഉണ്ടെങ്കിൽ അത് കണ്ടെത്തി മുൻകരുതൽ സ്വീകരിക്കുക എന്നത് മാത്രമാണ് പരിഹാരം.
സാബു തോമസ് തകടിയേൽ പുഞ്ചവയൽ (കർഷകൻ)
നാട്ടുകാരനായി കാട്ടു കടന്നൽ
2024 നവംബർ 14ന് പാക്കാനത്ത് കാട്ടുകടന്നലിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചത് ഞെട്ടലോടെയാണ് നാടറിഞ്ഞത്. ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മുൻപ് ഉൾക്കാടുകളിൽ ഉയർന്ന മരങ്ങളുടെ മുകളിൽ മാത്രം കണ്ടിരുന്ന കാട്ടുകടന്നല്ലുകൾ ഇപ്പോൾ വനം അതിർത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ എത്തി കൂടുകൂട്ടുന്നത് പതിവായി.
വലിയ മരങ്ങൾ ഉപേക്ഷിച്ച് ചെറിയ കുരുമുളക് ചെടിയുടെ ഇലകൾ വരെ ഇവരുടെ കൂടുകൾ ആകുന്നു.
കൂടുകൂട്ടുന്ന സമയത്തു തന്നെ നശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അവയുടെ അടുത്തേക്ക് പോകാതെ മാറി നടക്കുക മാത്രമാണ് വഴിയെന്ന് മലയോര കർഷകർ പറയുന്നു. 10 കടന്നൽ കുത്തിയാൽ ഒരു വിഷ പാമ്പിന് സമം എന്നാണ് ചൊല്ല്.
കടന്നലിന്റെ വിഷം രക്തത്തിലൂടെ അലർജി ഉണ്ടാക്കി ശ്വാസതടസ്സം മൂലം മരണം സംഭവിക്കാനും സാധ്യതയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

