കോട്ടയം ∙ രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് ജില്ലയിൽ ഒരുക്കിയിരിക്കുന്നത് വിപുലമായ പൊലീസ് സുരക്ഷ. രാഷ്ട്രപതി സന്ദർശിക്കുന്ന സ്ഥലങ്ങളെ 5 സോണുകളായി തിരിച്ച് 2 ഡിഐജിമാരുടെ നേതൃത്വത്തിൽ 7 ജില്ലാ പൊലീസ് മേധാവികൾക്കാണ് സുരക്ഷാച്ചുമതല.
1500ഓളം സായുധ പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി എത്തിച്ചിരിക്കുന്നത്. ഇതിൽ 200 ഓളം പേർ മഫ്തിയിൽ നിലയുറപ്പിക്കും.
ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കാസർകോട് തുടങ്ങിയ ജില്ലകളിലെ ഡിവൈഎസ്പിമാർ സുരക്ഷാ സംഘത്തെ നിയന്ത്രിക്കും.
ഷാർപ് ഷൂട്ടർമാർ അടങ്ങുന്ന ക്വിക് റെസ്പോൺസ് ടീം, തണ്ടർബോൾട്ടിന്റെ ഒരു കമ്പനി, അഗ്നിരക്ഷാ സേനയുടെ സ്പെഷൽ വിങ്, സ്കൂബ ടീം, സ്പെഷൽ ബ്രാഞ്ചിന്റെ യൂണിറ്റുകൾ, നാവികസേന, ഇന്റലിജൻസ് ടീമുകൾ ഉൾപ്പെടെ വൻ സുരക്ഷയിലാണ് രാഷ്ട്രപതിയുടെ സന്ദർശനം. 10 കിലോമീറ്റർ ചുറ്റളവിൽ മോട്ടർ വാഹന വകുപ്പിന്റെ റിക്കവറി വാൻ സംവിധാനവും എംവിഐ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകൾ വിവിധ പോയിന്റുകളിലും നിലയുറപ്പിക്കും.
ബീറ്റ് അടിസ്ഥാനത്തിൽ ഷാഡോ പൊലീസിന്റെ നിരീക്ഷണവും ഉണ്ടാകും.
ഇന്നലെ രാത്രി മുതൽ ജില്ല പൊലീസ് സുരക്ഷയിലാണ്. യാത്രയ്ക്കിടെ റോഡിൽ തടസ്സമുണ്ടായാൽ ‘പ്ലാൻ ബി’ക്കായി സമാന്തര റോഡുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
സോണുകൾ ഇങ്ങനെ
∙ സോൺ 1: പാലാ സെന്റ് തോമസ് കോളജ് ഹെലിപാഡ്.
∙ സോൺ 2: പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയം ∙ സോൺ 3: കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട് ∙ സോൺ 4: പരേഡ് ഗ്രൗണ്ട് – കുമരകം താജ് ഹോട്ടൽ. ∙ സോൺ 5: താജ് ഹോട്ടൽ.
ഹോട്ടലിനെ 2 സെക്ടറായും 4 ഡിവിഷനായും തിരിച്ചിട്ടുണ്ട്.
ജോലിക്കെത്താൻ പ്രയാസം; ജീവനക്കാർ പരാതി നൽകി
കോട്ടയം ∙ രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതു കലക്ടറേറ്റിലെ ജീവനക്കാർക്ക് ജോലിക്കെത്തുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ജീവനക്കാരുടെ പരാതി. കേരള റവന്യു ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷനാണ് കലക്ടർക്ക് പരാതി നൽകിയത്.
ഗതാഗത നിയന്ത്രണമുള്ള ഇന്നും നാളെയും ജീവനക്കാർക്ക് ഓഫിസിൽ ഹാജർ രേഖപ്പെടുത്തുന്നതിന് ഇളവ് അനുവദിക്കുകയോ പ്രാദേശിക അവധി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
റോഡിലെ നിയന്ത്രണങ്ങൾ
∙ കോട്ടയം നഗരം വഴിയല്ലാതെ കടന്നു പോകേണ്ട വാഹനങ്ങൾക്ക് മണർകാട് – ഏറ്റുമാനൂർ ബൈപാസ് വഴി ഉപയോഗിക്കാം.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നു ലോഗോസ് ജംക്ഷൻ, കുര്യൻ ഉതുപ്പ് റോഡ്, ബേക്കർ ജംക്ഷൻ വഴിയാണ് കോട്ടയം കുമരകം റോഡിലേക്ക് രാഷ്ട്രപതിയുടെ വാഹന വ്യൂഹം എത്തുന്നത്. ഈ റോഡിൽ കർശന നിയന്ത്രണമുണ്ടാകും.
ഈ റോഡിലേക്ക് എത്തുന്ന ചെറു വഴികളിലും നിയന്ത്രണമുണ്ട്. പരേഡ് ഗ്രൗണ്ടിന് ചുറ്റുമുള്ള വഴികളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തുക.
∙ കോട്ടയം– കുമരകം– ചേർത്തല റോഡിൽ കോട്ടയം നഗരത്തിനും ബണ്ട് റോഡ് ജംക്ഷനും ഇടയിൽ കടുത്ത നിയന്ത്രണമുണ്ടാകും.
ആലപ്പുഴ ഭാഗത്ത് നിന്ന് ഈ വഴി കോട്ടയത്തേക്ക് വരുന്നവർക്ക് തലയാഴം– കല്ലറ വഴി തിരിഞ്ഞു പോകാം. ഇന്ന് ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 7 വരെയും നാളെ രാവിലെ 6 മുതൽ 11 വരെയുമാണ് കോട്ടയം, കുമരകം ഭാഗത്തെ നിയന്ത്രണങ്ങൾ.
∙ പാലായിൽ ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണമുണ്ട്.
പാലാ– ഏറ്റുമാനൂർ റോഡിൽ പാലാ ജനറൽ ആശുപത്രി ജംക്ഷനും മുത്തോലിക്കും ഇടയിൽ കർശന നിയന്ത്രണമാണ്. ഇതു പോകേണ്ട
വാഹനങ്ങൾ വഴി തിരിച്ചു വിടും.
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
∙ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്ക് ഇന്ന് വൈകിട്ട് യാത്ര പുറപ്പെടാനുള്ളവർ ഉച്ചയ്ക്കു 2നു മുൻപായി റെയിൽവേ സ്റ്റേഷനിൽ എത്തമണെന്ന് പൊലീസ് അറിയിച്ചു .
പാർക്കിങ് ഇല്ല, വഴിയോര കടകളും
∙ കോട്ടയം നഗരത്തിലും കോട്ടയം– കുമരകം ഭാഗത്തും തട്ടുകടകൾ ഉൾപ്പെടെയുള്ള വഴിയോരക്കടകൾ, റോഡരികിലെ പാർക്കിങ്, ഓട്ടോ– ടാക്സി സ്റ്റാൻഡുകൾ എന്നിവ നിരോധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7 വരെയും നാളെ പുലർച്ചെ 12.30 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് നിരോധനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

