കോട്ടയം ∙ ആദ്യമായി ജില്ലയിലെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ കോട്ടയം ഒരുങ്ങി. കനത്ത സുരക്ഷാ സംവിധാനമാണ് ജില്ലയിൽ ഒരുക്കിയിക്കുന്നത്.
1500 പൊലീസുകാരെ വിന്യസിച്ചു. കോട്ടയം നഗരത്തിലും കുമരകം റോഡിലും ബാരിക്കേഡുകൾ സ്ഥാപിച്ചു.
വാഹന വ്യൂഹത്തിന്റെ അവസാന പരീക്ഷണ ഓട്ടം ഇന്നലെ നടത്തി.
32 അംഗ വാഹന വ്യൂഹം
32 വാഹനങ്ങൾ അടങ്ങുന്ന വ്യൂഹമാണ് രാഷ്ട്രപതിയുടെ യാത്രയ്ക്കായി തയാറാക്കുന്നത്. കോട്ടയം– കുമരകം റോഡിൽ കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
ഇന്നലെ കോട്ടയം– കുമരകം റൂട്ടിനു പുറമേ പാലാ– കുമരകം റൂട്ടിലും വാഹന വ്യൂഹം പരീക്ഷണ ഓട്ടം നടത്തി. പ്രതികൂല കാലാവസ്ഥ കാരണം പാലായിൽ നിന്ന് ഹെലികോപ്റ്ററിൽ കോട്ടയത്ത് എത്താൻ സാധിച്ചില്ലെങ്കിൽ റോഡ് മാർഗവും പരിഗണിക്കും.
പാലാ– ഏറ്റുമാനൂർ– കോട്ടയം വഴി കുമരകത്തേക്ക് പോകും വിധമാണ് ക്രമീകരണം. പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം ഇന്നലെ രാവിലെ ചേർന്നു.
ഡൽഹി പൊലീസിന്റെ സുരക്ഷാവലയം
രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടലിന് ഇന്നും നാളെയും പൂർണ സുരക്ഷാ – പ്രവേശന നിരോധന മേഖലയാണ്.
ഹോട്ടലിനു ചുറ്റും ഡൽഹി പൊലീസ് 15 സുരക്ഷാ വലയങ്ങളാണ് തീർക്കുക. രാഷ്ട്രപതി താമസിക്കുന്ന കായലോര ഭാഗത്ത് ഹൗസ് ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവയ്ക്ക് യാത്ര നിരോധിച്ചു.
അസ്വാഭാവിക സംഭവങ്ങൾ അറിയിക്കണം
രാഷ്ട്രപതി കടന്നു പോകുന്ന റൂട്ടിലോ താമസിക്കുന്ന ഹോട്ടൽ ഭാഗത്തോ അസ്വഭാവികമായ കാര്യങ്ങളോ സംശയാസ്പദമായ സംഭവങ്ങളോ ശ്രദ്ധയിൽപെട്ടാൽ കുമരകം എസ്എച്ചഒയെ അറിയിക്കാൻ നിർദേശം.
93 മരങ്ങളുടെ കൊമ്പ് വെട്ടി; 6 മരങ്ങൾ മുറിച്ചു
കോട്ടയം ∙ രാഷ്ട്രപതിയുടെ ഹെലികോപ്ടർ ഇറങ്ങുന്ന സ്ഥലങ്ങളിലെ 93 മരങ്ങളുടെ ശിഖരങ്ങളും സഞ്ചരിക്കുന്ന പാതയിലെ മരങ്ങളിലെ ഉണങ്ങിയ കമ്പുകളും മുറിച്ചുമാറ്റി.
താമസിക്കുന്ന താജ് ഹോട്ടൽ പരിസരത്തെ 3 ഉണക്ക മരങ്ങളും കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തെ 3 മരങ്ങളും മുറിച്ചു. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് ജില്ലാ ട്രീ കമ്മിറ്റിയാണ് മരം മുറിക്കാൻ അനുമതി നൽകിയത്.
ചരിത്ര നിമിഷത്തിന്റെ ദീപപ്രഭയിൽ…
പാലാ ∙ സെന്റ് തോമസ് കോളജിന് ഇന്ന് ചരിത്രദിനം.
75 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി ഒരു രാഷ്ട്രപതിയെ വരവേൽക്കുന്നതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് പറഞ്ഞു.
‘എ’ ബ്ലോക്ക് ഉൾപ്പെടെയുള്ള കോളജിന്റെ പ്രധാന കെട്ടിടങ്ങൾ വൈദ്യുത ദീപാലങ്കാരപ്രഭയിലാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് രാഷ്ട്രപതി ദ്രൗപദി മുർമു കോളജിലെത്തും. പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിനു ശേഷം വൈകിട്ട് 4.50ന് കോട്ടയത്തേക്ക് മടങ്ങും.
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിക്ക് ഉപഹാരം സമർപ്പിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ പ്രസംഗിക്കും.
മുൻകൂട്ടി റജിസ്റ്റർ ചെയ്ത് പാസ് ലഭിച്ചവർ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപമുള്ള ഗേറ്റിലൂടെ സമ്മേളന വേദിയിലേക്ക് എത്തണം.
പങ്കെടുക്കുന്നവർ പ്രവേശനത്തിനുള്ള പാസ് കൂടാതെ തിരിച്ചറിയൽ രേഖയും കരുതണം. 2.30ന് മുൻപായി ഹാളിൽ പ്രവേശിക്കണം. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ ഹാളിൽ പ്രവേശിപ്പിക്കില്ല.
ഇവ ഗേറ്റിനു സമീപത്തെ കൗണ്ടറിൽ ഏൽപിക്കണം.ഊരാശാലയ്ക്കു സമീപത്തെ സൺസ്റ്റാർ കൺവൻഷൻ സെന്ററിന്റെ മുൻവശത്തും പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള റോഡിന്റെ വലതു വശത്തു നിന്നു പ്രവേശിക്കാവുന്ന കോളജിന്റെ ‘എച്ച്’ ബ്ലോക്കിനു മുന്നിലുമാണ് പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത്. സിആർ ഹോസ്റ്റലിനു മുൻവശം വിഐപികൾക്കുള്ള പാർക്കിങ് ഏരിയയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

