
കടയനിക്കാട് (കോട്ടയം) ∙ ആണഴകിൽ മുമ്പനായിരുന്ന കൊമ്പൻ കിരൺ നാരായണൻകുട്ടി (60) ചരിഞ്ഞു. തൃശൂർ, തിരുനക്കര പൂരം ഉൾപ്പെടെ ഒട്ടേറെ ഉത്സവപ്പറമ്പുകളിൽ നിറസാന്നിധ്യമായിരുന്നു.
9 അടിയോളം ഉയരമുണ്ടായിരുന്ന ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. എരണ്ടക്കെട്ടാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം.
സംസ്കാരം നടത്തി. നടൻ ജയസൂര്യ നായകനായെത്തിയ ‘തൃശൂർ പൂര’ത്തിൽ നാരായണൻകുട്ടി അഭിനയിച്ചിട്ടുണ്ട്.
‘തിരുനക്കരക്കുന്നോളം’ പൊക്കപ്പെരുമ…
കോട്ടയം ∙ ഉയരവും തലയെടുപ്പും കൊണ്ട് ആനപ്രേമികളുടെ ഹൃദയം കവർന്ന കൊമ്പനാണ് ഇന്നലെ ചരിഞ്ഞ കിരൺ നാരായണൻകുട്ടി.തിരുനക്കര പൂരത്തിൽ എല്ലാ വർഷവും ആൾക്കൂട്ടത്തിന്റെ കണ്ണിലുണ്ണിയായിരുന്നു.
തെക്കൻ ജില്ലകളിലെ ഉത്സവപ്പറമ്പുകളിലെ സ്ഥിരസാന്നിധ്യം. ചിങ്ങം ഒന്നിനു പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ ആനയൂട്ടിൽ പങ്കെടുത്തിരുന്നു.
എസ്എൻഡിപി കോട്ടയം യൂണിയൻ മുൻ പ്രസിഡന്റ് പുത്തൻപുരയ്ക്കൽ എം.മധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന.ഇടയ്ക്കു കുറുമ്പു കാട്ടുമെങ്കിലും സുമുഖന്റെ മുന്നിൽ സെൽഫിയെടുക്കാനും ആരാധകർ ഏറെയുണ്ടായിരുന്നു.
തൃശൂർ പൂരത്തിൽ ഘടകപൂരങ്ങളിലടക്കം കേരളത്തിലെ മിക്ക ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര തുടങ്ങിയ മഹാദേവ ക്ഷേത്രങ്ങളിലും ഉത്സവച്ചടങ്ങുകൾക്ക് തിടമ്പേറ്റിയിട്ടുണ്ട്.ജന്മം കൊണ്ട് ബിഹാർ സ്വദേശിയാണ്.
പല ഉടമകൾ കൈമാറിയാണു കോട്ടയത്തിന്റെ മണ്ണിലെത്തിയത്. ഉത്തരേന്ത്യയിൽ നിന്നു തൃശൂർ, പാലക്കാടൻ മേഖലയിലായിരുന്നു ആദ്യം എത്തിച്ചത്.
പിന്നീടു ചങ്ങനാശേരിയിലെത്തി. പിന്നെ ആലപ്പുഴയിലും.
1997ൽ ആണു നാരായണൻകുട്ടിയെ മധു സ്വന്തമാക്കുന്നത്. കിരൺ ഗണപതി, കിരൺ കണ്ണൻ എന്നീ 2 ആനകൾക്കൂടി മധുവിനുണ്ടായിരുന്നു.
അതിൽ ഗണപതി 2021ൽ ചരിഞ്ഞു. കണ്ണനെ മറ്റൊരാൾക്കു കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]