
കോട്ടയം ∙ വിഎസ് എപ്പോഴും കർഷകപക്ഷത്തായിരുന്നു. നെൽക്കർഷകരുടെ പ്രശ്നങ്ങളിൽ അദ്ദേഹം ശക്തമായി ഇടപെട്ടിട്ടുമുണ്ട്.
സർക്കാരിന്റെ അവഗണനയേറ്റു വാങ്ങി, വീണ്ടും പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ കോട്ടയത്തെ നെൽക്കർഷകർ പറയുന്നു; ഇക്കാര്യത്തിൽ ഇടപെടാൻ വിഎസ് ഉണ്ടായിരുന്നെങ്കിൽ…വി.എസ്. അച്യുതാനന്ദൻ തിരുവാർപ്പിലെത്തിയ സംഭവം ഓർക്കുന്നത് അന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി സദാശിവനാണ് (80).
2004ൽ വേനൽമഴയിൽ പാടത്ത് മുഴുവൻ വെള്ളം. സാമ്പത്തികമായി തകർന്ന കർഷകരെ കാണാനാണ് വിഎസ് എത്തിയത്.
‘‘രണ്ടു മൂന്നു മണിക്കൂറോളം ഇവിടെ ചെലവഴിച്ചു.
വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി കുറിച്ചെടുത്തുകൊണ്ടാണ് പോയത്.’’– സിപിഎം പഞ്ചായത്തംഗം കൂടിയായിരുന്ന സദാശിവൻ ഓർമിക്കുന്നു.‘‘ബോട്ടിൽ മലരിക്കൽ ആമ്പൽപ്പാടത്തിന്റെ വശത്തുകൂടെ എംഎം ബ്ലോക്ക്, ജെ ബ്ലോക്ക്, എഫ് ബ്ലോക്ക് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം പോയി. തിരുവായ്ക്കരിയിൽ കർഷകരുമായി നേരിട്ട് സംസാരിച്ചു.
അടുത്ത ദിവസം നിയമസഭയിൽ നെൽക്കർഷകരുടെ വിഷയം സബ്മിഷനായി ഉന്നയിച്ചു’’:
അന്ന് ഡിവൈഎഫ്ഐ നേതാവും ഇപ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.അനിൽകുമാർ പറയുന്നു.അന്ന് കേന്ദ്രത്തിൽ യുപിഎ സർക്കാരാണ്. സപ്ലൈകോയെ നോഡൽ ഏജൻസിയാക്കി കർഷകരിൽനിന്ന് നെല്ല് സംഭരണം ആരംഭിക്കാനുള്ള തീരുമാനം അന്ന് അംഗീകരിച്ചു.
നെല്ലു സംഭരണത്തിനുള്ള നടപടികൾ അന്നത്തെ ഉമ്മൻചാണ്ടി സർക്കാരും കൈക്കൊണ്ടു. ഈ നെല്ല് കേന്ദ്രത്തിന് കൈമാറി റേഷൻ കടകൾ വഴി അരിയായി വിതരണം ചെയ്യാനായിരുന്നു തീരുമാനം.
കർഷകർക്ക് ശരിക്കും ആശ്വാസമായ തീരുമാനം.
‘‘കിളിർത്ത നെല്ലായിട്ടു കൂടി അന്ന് ഏറ്റെടുക്കാൻ വിഎസ് ശക്തമായി ആവശ്യപ്പെടുകയായിരുന്നു. ഇന്നു പക്ഷേ, മില്ലുകാർക്കൊപ്പം നിൽക്കുകയാണ് അധികാരികൾ.
സംഭരണം നടക്കുന്നുണ്ടെങ്കിലും വില ഇപ്പോഴും കിട്ടാത്ത കർഷകരുണ്ട്. ചോദിക്കാൻ ചെല്ലുന്നവർക്കെതിരെ കേസെടുക്കുകയാണ്.
വളത്തിന്റെ വില ചാക്കിന് 250 രൂപ വരെ കൂടി. കർഷകർ ആകെ വിഷമത്തിലാണ്.
വിഎസ് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞങ്ങൾക്കൊപ്പം നിന്നേനെ’’ നെൽക്കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]