
‘‘നിങ്ങൾ എന്താ മരണവീട്ടിൽ ഇരിക്കുന്നതുപോലെ ഇരിക്കുന്നെ. പുന്നപ്ര വയലാറിന്റെ പരാജയം കണ്ടവനാ ഞാൻ.
വാരിക്കുന്തവുമായി വിപ്ലവം സ്വപ്നം കണ്ടു നടന്നവനാ. അതിന്റെ പരാജയത്തിന്റെ അത്രയുമൊന്നും ഒന്നും വരില്ല” – കേരള എക്സ്പ്രസ് ട്രെയിനിൽ സങ്കടഭാരത്തോടെ മൗനം പൂണ്ടിരുന്ന വിശ്വസ്തരോട് വിഎസ് പറഞ്ഞു.
2003ൽ മലപ്പുറത്തെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സ്വന്തം പക്ഷത്തിന്റെ വെട്ടിനിരത്തലിനു സാക്ഷിയായ ശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലായിരുന്നു സംഭവം.
സമ്മേളനത്തിലെ പരാജയത്തിനു ശേഷം അന്ന് കോട്ടക്കുന്ന് മൈതാനത്ത് അനുയായികളെ ഹരംകൊള്ളിച്ച് വിഎസ് പ്രസംഗിച്ചത് ഒരു മണിക്കൂറാണ്. പരാജയം നൽകിയ വീര്യം വിഎസിലെ പോരാളിയെ ഉണർത്തിയതേയുള്ളൂ.
മഞ്ഞളാംകുഴി അലി എംഎൽഎയുടെ വാഹനത്തിലാണ് അന്ന് വിഎസ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
അവിടെ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് വിഎസിലെ ഒരിക്കലും തളരാത്ത പോരാളിയെ വിശ്വസ്തർ മനസ്സിലാക്കിയ ആ സംഭാഷണം നടന്നത്. പരാജയം ഭക്ഷിച്ചു വളർന്നയാളാണ് വിഎസ് എന്ന് എം.എൻ.
വിജയൻ പറഞ്ഞിട്ടുള്ളതിന്റെ നേർസാക്ഷ്യം പോലെ വിശ്വസ്തരുടെ കാതുകളിൽ ആ വാചകം മുഴങ്ങുന്നു. കേരള എക്സ്പ്രസിന്റെ ശബ്ദത്തെക്കാൾ ഉച്ചത്തിൽ വിഎസിന്റെ വാക്കുകളുടെ ആ മുഴക്കം ഇപ്പോഴും.
‘നമ്മൾ അകത്തുതന്നെ’
2006 കാലം.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിന് സീറ്റ് നൽകേണ്ടെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനം. കമ്മിറ്റിയിൽ നിന്ന് വിഎസ് ഇറങ്ങിപ്പോരുന്നു.
ഗൗരിയമ്മയെപ്പോലെ വിഎസും പുതിയ പാർട്ടി രൂപീകരിക്കും എന്ന ചിന്ത എങ്ങും പടർന്നു. അനുയായികളും മാധ്യമപ്രവർത്തകരുമെല്ലാം വിഎസിനെ പൊതിഞ്ഞു.
പാർട്ടി ഒരു പിളർപ്പിലേക്ക് എന്ന് തോന്നിച്ച നിമിഷം. സിപിഎമ്മിന് രൂപം കൊടുത്ത വിഎസ് മറ്റൊരു പാർട്ടിക്ക് രൂപം കൊടുക്കുമോ? വിഎസ് ഒന്നും പറയാതെ മുറിക്കുള്ളിൽ കയറി.
മൂന്നേ മൂന്നു വാചകങ്ങൾ മാത്രം ഏറ്റവും അടുത്ത വിശ്വസ്തരോട് പറഞ്ഞു.
‘‘നമ്മൾ അകത്തു തന്നെയാണ്. നടക്കുന്നത് വർഗസമരമാണ്.
സമരം മുന്നോട്ടു തന്നെ.’’
വിഎസിലെ പോരാട്ടവീര്യം കത്തിജ്വലിച്ചതേ ഉള്ളുവെന്ന് അന്നും വിശ്വസ്തർ കണ്ടു. വിഎസിന് പാർട്ടി സീറ്റ് നൽകേണ്ടി വന്നു.
കരുത്തനായ പ്രതിപക്ഷ നേതാവിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഎസ്.
സോഫ്റ്റ്വെയറും വഴങ്ങും
വർഷങ്ങൾ കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയായിരുന്നു വിഎസിലെ പോരാളിയും പഠിതാവും എന്ന് വിശ്വസ്തർ. മൈക്രോസോഫ്റ്റിന്റെ അപ്രമാദിത്തിനെതിരെ സ്വതന്ത്ര സോഫ്റ്റ്വെയർ ആശയം കത്തിപ്പടരുന്ന കാലം.
റിച്ചാർഡ് സ്റ്റോൾമാൻ എങ്ങും മറ്റൊരു പോരാളിയെപ്പോലെ ഓടിനടക്കുന്ന സമയം. കേരളത്തിലുമെത്തി സ്റ്റോൾമാൻ.
സോഫ്റ്റ്വെയർ കുത്തകവൽക്കരണത്തിനെതിരെ വിഎസും ഹരംകൊണ്ടു. അന്ന് ഈ വിഷയത്തിൽ ശക്തമായി മുന്നോട്ടു വരണമെന്ന് കെഎസ്ടിഎ നേതാവിനോടു വിഎസ് പറഞ്ഞിട്ടും ഒരു മാന്ദ്യം.
ആ നേതാവിനെ നേരിട്ടു വിളിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ച് വിശദമായ ഒരു പ്രഭാഷണം നടത്തി.
‘‘ലോകം മാറിക്കൊണ്ടിരിക്കുകയാ. അതറിഞ്ഞ് കെഎസ്ടിഎയും മാറണം’’ -വിഎസ് പറഞ്ഞു.
പരിസ്ഥിതി മാത്രമല്ല മനുഷ്യന്റെ പരിതസ്ഥിതിയെ മാറ്റുന്ന എന്തും തനിക്ക് വഴങ്ങുമെന്ന് അന്നും വിശ്വസ്തർ അറിഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]