
വൈക്കം ബീച്ചിലെ ശിൽപങ്ങൾ നശിപ്പിക്കുന്നതായി പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ വൈക്കം കായലോരബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപങ്ങൾ സാമൂഹികവിരുദ്ധർ കേടുപാട് വരുത്തുന്നു. സിമന്റിൽ നിർമിച്ച ശിൽപങ്ങൾ മഴയും വെയിലും സാമൂഹിക വിരുദ്ധരുടെ ശല്യവും കാരണം കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് 2022 ജൂലൈയിൽ സർക്കാർ 2 ലക്ഷം രൂപ അനുവദിച്ചാണ് നവീകരിച്ചത്. ശിൽപങ്ങൾ നിർമിച്ച ശിൽപികൾ നേരിട്ടെത്തി അറ്റകുറ്റപ്പണികളും പെയ്ന്റിങ് നടത്തി പുതുമോടിയിൽ ആക്കിയിരുന്നു. നഗരസഭ ശിൽപോദ്യാനം സ്ഥാപിക്കാൻ നേതൃത്വം നൽകിയ കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എം.കെ.ഷിബുവിന്റെ ആവശ്യത്തെത്തുടർന്നാണ് നവീകരണം നടത്തിയത്. പുതുമോടിയിൽ ആക്കിയ ശിൽപങ്ങളിൽ പേരുകൾ എഴുതിയും പെയ്ന്റ് ചുരണ്ടിയുമാണ് കേടുപാടുകൾ വരുത്തുന്നത്. എം.പി.നിഷാദ് നിർമിച്ച ശിൽപമായ ‘ബിക്കമിങ്’ എന്ന ശിൽപത്തിലാണ് കൂടുതലായി പേരുകളും മറ്റും എഴുതിയിരിക്കുന്നത്.
സമീപത്ത് മനേഷ ദേവ ശർമയുടെ ‘റെവലൂഷനിസ്റ്റ്’ എന്ന ശിൽപത്തിലും പെയ്ന്റ് ചുരണ്ടിയ നിലയിലാണ്. 10 വർഷം മുൻപ് ലളിതകലാ അക്കാദമിയാണ് സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനം എന്ന പേരിൽ 10 ശിൽപങ്ങൾ നിർമിച്ചത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ സ്മാരകമായി ഫൈൻ ആർട്സ് കോളജുകളിലെ കലാ അധ്യാപകർ ഒരു മാസം നീണ്ട അധ്വാനത്തിന്റെ ഫലമായാണ് ശിൽപങ്ങൾ നിർമിച്ചത്. തുടർന്ന് നഗരസഭ നടപ്പാതയും ഇരിപ്പിടങ്ങളും വൈദ്യുതി വിളക്കുകളും ഒരുക്കി. ഇതോടെ വൈക്കത്ത് എത്തുന്നവരുടെ പ്രധാന വിശ്രമ കേന്ദ്രമായി ഇവിടം മാറി. നിരവധി ആളുകളാണ് ശിൽപങ്ങൾ കാണാനും ഫോട്ടോ എടുക്കുന്നതിനും, ഹ്രസ്വ ചിത്രങ്ങളുടെ ചിത്രീകരണത്തിനും മറ്റുമായി ദിവസവും ഇവിടെ എത്തുന്നത്. ശിൽപങ്ങൾ നശിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നതാണ് ആസ്വാദകരുടെ ആവശ്യം.