
ഉപ്പിലിട്ട വാഴപ്പിണ്ടി മുതൽ സംഭാരം വരെ…; കുട്ടിക്കൂട്ടത്തിന്റെ ‘കുഞ്ഞിക്കട’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏറ്റുമാനൂർ∙ ഉപ്പിലിട്ട വാഴപ്പിണ്ടി മുതൽ സംഭാരം വരെ….തനി നാടൻ വിഭവങ്ങളും ശീതള പാനീയങ്ങളുമായി പേരൂരിൽ ഒരു കൂട്ടം കുട്ടികൾ ആരംഭിച്ച ‘കുഞ്ഞിക്കട’ ജനശ്രദ്ധയാകർഷിക്കുന്നു. ഏറ്റുമാനൂർ മണർകാട് ബൈ പാസിൽ പുളിമൂട് -പായിക്കാട് റോഡിലാണ് ‘തണൽമരം’ എന്ന പേരിൽ 6 വിദ്യാർഥികൾ ചേർന്നു ശീതള പാനീയ കട ആരംഭിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ വിഭവങ്ങളുടെ വിൽപനക്കൊപ്പം ലഹരിക്കെതിരെയുള്ള ചെറു സന്ദേശവും കുട്ടിത്താരങ്ങൾ കടയിലെത്തുന്നവർക്ക് നൽകാറുണ്ട്.
കിടങ്ങൂർ എൻഎസ്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ പി.എസ്.ശബരി കൃഷ്ണൻ, കെ.എസ്.അഭിനവ്, ശിവാനന്ദ് എ.നായർ, എസ്.ശ്രീഹരി, ഗൗരി നാഥ് ആർ.നായർ, കുമാരനല്ലൂർ ദേവി വിലാസം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി കാർത്തിക പി.നായർ, ഗൗതം കൃഷ്ണ എന്നിവരുടേതാണ് സംരംഭം.
വേനലവധിക്കു കളിക്കോപ്പുകൾ വാങ്ങാൻ പണം കണ്ടെത്താനാണ് കട ആരംഭിച്ചതെന്നാണ് കുട്ടികൾ പറയുന്നത്. ഉപ്പിലിട്ട മാങ്ങ, കാരറ്റ്, ജാതിക്ക, വാഴപ്പിണ്ടി, ഓലോലിക്ക, സോഡാ നാരങ്ങ വെള്ളം, സംഭാരം തുടങ്ങിയവയാണ് പ്രധാന കച്ചവടം. ഒരു വർഷം മുൻപ് തന്റെ സൈക്കിൾ മോഷ്ടിച്ച കള്ളനെ സ്വന്തമായി കണ്ടെത്തി അത് തിരികെ വാങ്ങി വാർത്തകളിൽ ഇടം പിടിച്ച വിദ്യാർഥിയാണ് കെ.എസ്.അഭിനവ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കടയുടെ ഉദ്ഘാടനം. ഉദ്ഘാടന ദിവസം 700 രൂപയുടെ കച്ചവടം നടന്നുവെന്നു കുട്ടി വ്യാപാരികൾ പറയുന്നു. വഴിയാത്രക്കാരും നാട്ടുകാരുമടക്കം ഈ റൂട്ടിലൂടെ പോകുന്നവർ കുഞ്ഞിക്കടിയിലെത്തി കുട്ടികളോട് കുശലം പറയുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നുണ്ട്.
കച്ചവടത്തിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ക്രിസ്മസിന് പാവ വാങ്ങുക, നിലവിലെ കട പുതുക്കി പണിയുക, ക്രിക്കറ്റ് ബാറ്റ് വാങ്ങുക തുടങ്ങിയവയാണ് കുട്ടിക്കൂട്ടങ്ങളുടെ ലക്ഷ്യം. മാതാപിതാക്കളാണ് കടയിലേക്ക് ആവശ്യമായ സാധനങ്ങൾ തയാറാക്കി നൽകുന്നത്. നാരങ്ങ വെള്ളവും സംഭാരവുമെല്ലാം തയാറാക്കുന്നത് കുട്ടികൾ തന്നെയാണ്.
മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെ കുറിച്ച് വാചാലരാകുന്ന കുട്ടികൾ കണക്കു കൂട്ടാൻ മാത്രമാണ് മൊബൈൽ ഉപയോഗിക്കുന്നത്. ചെറുപ്പത്തിലെ സമ്പാദ്യ ശീലം സ്വായത്തമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാപാര മേഖലയിലേക്ക് ഇറങ്ങിയ കുട്ടികൾക്ക് രക്ഷിതാക്കളുടൊപ്പം പൂർണ പിന്തുണയുമായി വാർഡ് കൗൺസിലർ രാധിക രമേശും ഒപ്പമുണ്ട്.