തലയോലപ്പറമ്പ് ∙ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന നിർധന രോഗിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചു. തലയോലപ്പറമ്പ് വടയാർ പഴമ്പട്ടിയിൽ അറുപതിൽ വീട്ടിൽ എ.കെ.രമേശന്റെ (52) വീട്ടിലെ വൈദ്യുതിയാണ് വിഛേദിച്ചത്.
പ്രാണവായു ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു നൽകി; ഇന്നലെ രാവിലെ പണം അടച്ച് കുടിശിക ഒഴിവാക്കി.
സെപ്റ്റംബറിൽ അടയ്ക്കേണ്ട ബിൽത്തുക അടയ്ക്കാത്തതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ തലയോലപ്പറമ്പ് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണ് വൈദ്യുതി വിഛേദിച്ചത്.
വൈകിട്ട് നാലോടെ പുനഃസ്ഥാപിച്ചു.
കെട്ടിടനിർമാണത്തൊഴിലാളിയായ രമേശന് 2018 ജൂലൈ മുതൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഏറെ നാൾ ചികിത്സ നടത്തി.
2021 ജൂണിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിശദമായി നടത്തിയ പരിശോധനയിലാണ് ശ്വാസകോശം ചുരുങ്ങുന്ന രോഗമാണെന്നു കണ്ടെത്തിയത്. ഇതോടെ ഓക്സിജൻ ഉപയോഗിക്കണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. മൂന്നു മണിക്കൂർ ഇടവിട്ട് ഓക്സിജൻ മാസ്ക് ഉപയോഗിച്ച് വലിക്കേണ്ട
സ്ഥിതി വന്നതോടെ രമേശനു ജോലിക്കു പോകാൻ കഴിയാതെയായി.
ഇതിനിടെ രണ്ടുതവണ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും വെന്റിലേറ്ററിൽ കിടക്കേണ്ടിവന്നു. കുത്തിവയ്പിനും മരുന്നു വാങ്ങാനും മാസം മൂവായിരത്തിലധികം രൂപ വേണം.
അതിനിടെയാണ് 6027രൂപയുടെ വൈദ്യുതിബിൽ എത്തിയത്. ഭാര്യ ഷൈല എഴുപുന്നയിൽ ചെമ്മീൻ കിള്ളുന്ന ജോലിക്കു പോയി ലഭിക്കുന്ന തുച്ഛമായ തുക മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
എഴുമാന്തുരുത്ത് ഗവ. യുപി സ്കൂളിൽ 6–ാം ക്ലാസിൽ പഠിക്കുന്ന മകളുടെ സ്കൂൾ വാഹനത്തിന്റെ ചെലവും മറ്റു പഠനച്ചെലവുകളും തുച്ഛമായ വരുമാനത്തിൽ നിന്നാണ് കണ്ടെത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

