നീലംപേരൂർ ∙ അഴകിന്റെ പൊൻതൂവൽ ചിറകടിച്ച് നീലംപേരൂർ ദേശത്തിന്റെ സുകൃതമായ വല്യന്നങ്ങൾ പറന്നിറങ്ങി. പ്രകൃതിയും മനുഷ്യനും ഒന്നായ രാവിൽ പ്രകൃതിയുടെ നിറക്കൂട്ടുകൾ ചാലിച്ച നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് അനുഗ്രഹീത സമാപ്തി.
10 വർഷത്തിനു ശേഷം പടയണിക്കളത്തിലേക്ക് 2 വല്യന്നങ്ങൾ എഴുന്നള്ളിയ അപൂർവകാഴ്ച ദേശത്തിന് ആനന്ദനിർവൃതിയേകി. ക്ഷേത്രാങ്കണത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങൾ ആർത്തലച്ചുണ്ടായ ഓളങ്ങളിലൂടെ അന്നങ്ങൾ നീന്തിത്തുടിച്ചു.
ഓണപ്പിറ്റേന്ന് അവിട്ടം നാളിൽ ചൂട്ട്വച്ച് ആരംഭിച്ച 16 ദിനം നീണ്ട
പടയണി നാളുകൾക്കാണ് സമാപനമായത്. ഇന്നലെ രാവിലെ മുതൽ ക്ഷേത്രവും പരിസരവും ജനങ്ങളാൽ നിറഞ്ഞിരുന്നു.
വൈകിട്ട് പള്ളി ഭഗവതിയുടെ ക്ഷേത്രമുറ്റത്തു നിരന്ന ചെറുതും വലുതുമായ അന്നങ്ങളുടെയും കോലങ്ങളുടെയും സാന്നിധ്യത്തിൽ ദീപാരാധന നടന്നു. അത്താഴപൂജയ്ക്ക് ശേഷം ദേവീഹിതമറിയാനുള്ള തേങ്ങാമുറിയ്ക്കൽ ചടങ്ങ് നടത്തി.
പുരാണകഥകൾ വായ്പാട്ടുകളായി പാടി ചുവടുവച്ചുള്ള കുടംപൂജകളി നടന്നു.
മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ദേവീനടയിൽ നടന്ന സർവപ്രായശ്ചിത്തതിൽ ഭക്തർ പങ്കെടുത്തു. ദേവസ്വം പ്രസിഡന്റ് പി.കെ.മനോജ്കുമാർ ചേരമൻ പെരുമാൾ സ്മാരകത്തിലെത്തി അനുജ്ഞ വാങ്ങിയതോടെ പൂരം ചടങ്ങുകൾ ആരംഭിച്ചു.
തോത്താകളിക്കു ശേഷം പുത്തൻ അന്നങ്ങളുടെ തിരുനട
സമർപ്പണം നടന്നു. ചൂട്ടുവെളിച്ചത്തിന്റെ പൊൻപ്രഭയിൽ ഒൻപതേകാൽ കോൽ ഉയരമുള്ള പുത്തൻവല്യന്നം നടയ്ക്കലെത്തിയപ്പോൾ ആവേശം ഉച്ചസ്ഥായിലായി.
ഏഴേകാൽ കോൽ ഉയരമുള്ള വല്യന്നവും അഞ്ചേകാൽ കോൽ ഉയരമുള്ള അന്നവും ആൽത്തറയിൽനിന്നു ക്ഷേത്രസന്നിധിയിലെത്തി. തുടർന്ന് മറ്റ് അന്നങ്ങളും മയിൽവാഹനൻ, ഗരുഡൻ എന്നീ കോലങ്ങളും എത്തി.
നാഗയക്ഷി, ഭീമൻ, രാവണൻ, ഹനുമാൻ കോലങ്ങളും പൊയ്യാനയും പടയണിക്കളത്തിലെത്തി.
എല്ലാ കോലങ്ങളും അന്നങ്ങളും ക്ഷേത്രസന്നിധിയിൽ എത്തിയതിനു പിന്നാലെ കാർമികൻ ഏലൂർ മധുസൂദന പണിക്കർ അരിയും തിരിയും സമർപ്പിച്ചു. അതോടെ പൂരം പടയണിക്കു പരിസമാപ്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]