ഞീഴൂർ ∙ 25 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കി ഒരു മാസം മുൻപ് ഉദ്ഘാടനം നടത്തിയ ഞീഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണ സംഭവത്തിൽ നിർവഹണ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യം. ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗമാണ് പദ്ധതി നിർവഹണം നടത്തിയത്.
ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുക്കും. രാവിലെ 10.30 നാണ് യോഗം.
സംഭവത്തിൽ വിവാദം കൊഴുക്കുകയാണ്. യുഡിഎഫും ബിജെപിയും, എൽഡിഎഫ് ഭരണം നടത്തുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ചു രംഗത്തെത്തി.
യുഡിഎഫ് ശനിയാഴ്ച പ്രകടനവും സമ്മേളനവും നടത്തി. ബിജെപി നാളെ പഞ്ചായത്ത് പടിക്കൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണത്. സീലിങ്ങിനടിയിൽ പാർക്ക് ചെയ്തിരുന്ന 6 വാഹനങ്ങൾ തകർന്നു. കമ്യൂണിറ്റി ഹാളിന്റെ അടിവശം കച്ചവടം ചെയ്യുന്ന വ്യാപാരികൾ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ മോൻസ് ജോസഫ് എംഎൽഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം 16നായിരുന്നു കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചത്.
എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നവീകരിച്ചത്. ഒരാഴ്ച മുൻപ് കമ്യൂണിറ്റി ഹാളിന്റെ പുതിയ സീലിങ്ങിന്റെ ഏതാനും ഭാഗം തകർന്നിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടിട്ടും ഇത് നീക്കാനോ കൂടുതൽ പരിശോധന നടത്താനോ ഉദ്യോഗസ്ഥർ തയാറായില്ല.
അശാസ്ത്രീയമായ നിർമാണമാണ് സീലിങ് തകർന്ന് അപകടമുണ്ടാകാൻ കാരണമെന്നാണ് ആരോപണം. വൻ അഴിമതിയും ഉദ്യോഗസ്ഥ അനാസ്ഥയും ഉന്നയിച്ചാണ് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]